കാശില്ലാത്തവർ ഇങ്ങോട്ടു വന്നോളൂ: സൗജന്യമായി വയര്‍ നിറയെ കഴിക്കാം

free-lunch
SHARE

തൃശൂർ: ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ നഗരത്തിൽ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു സംഘം ചെറുപ്പക്കാർ. വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോളും കൂട്ടുകാരുമാണ് ഊണൊരുക്കി കാത്തിരിക്കുന്നത്.

സ്ഥലം: പട്ടാളം റോഡിലെ ആളില്ലാത്ത ബസ് സ്റ്റോപ്പ്.സമയം: ഉച്ചയ്ക്കു 12 മുതൽ രണ്ടു വരെ.

2 മേശയും എട്ടു സ്റ്റൂളുകളും. ഓരോരുത്തർക്കും ഇലയിൽ ചോറിട്ട് മീൻ കറിയോ സാമ്പാറോ ഒഴിക്കും. പിന്നെ തോരനും അച്ചാറും സലാഡുമെല്ലാം വിളമ്പും. 100 മുതൽ 150 പേർക്കാണു സൗജന്യ ഊണു വിളമ്പുന്നത്. ഭിക്ഷാടകരോ തെരുവിൽ കഴിയുന്നവരോ ആകണമെന്നില്ല. കയ്യിൽ കാശില്ലാത്തവർക്ക് ഇവിടെ കയറാം. നല്ല വിശപ്പുണ്ടാവണം.. അതാണു യോഗ്യത. ഞായറാഴ്ച മാത്രം ഊണില്ല. വടൂക്കര പള്ളിക്കടുത്തുള്ള ജെയ്സൺ പോളിന്റെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ ദിവസവും രാവിലെ ഏഴരയ്ക്കു പാചകം തുടങ്ങും.

പതിനൊന്നരയോടെ ഭക്ഷണം തയ്യാർ. പിന്നെ ഭക്ഷണം കയറ്റിയ ഓട്ടോ പട്ടാളം റോഡിലേക്ക് . അതു കഴിഞ്ഞാൽ ഇലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കിലാക്കി ഓട്ടോറിക്ഷയിൽ മടക്കം. അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടും .അതിനാൽ ഊണു വിളമ്പുന്ന ബസ് സ്റ്റോപ്പ് ക്ലീൻ. ഒന്നും രണ്ടും ദിവസമല്ല, കഴിഞ്ഞ രണ്ടു വർഷമായി ഇതാണ് പതിവ്. 4 വർഷം മുന്നേ ജെയ്സൺ പോളും കൂട്ടുകാരും നഗരത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തെരുവോരത്തുള്ളവർക്കു സൗജന്യമായി പൊതിച്ചോറ് നൽകിയിരുന്നു. 

വാങ്ങുന്നവരിൽ പലരും കറികൾ മാത്രമെടുത്ത് ചോറ് കളയുകയാണെന്നു ശ്രദ്ധയിൽ പെട്ടപ്പോൾ പൊതിച്ചോറ് വിതരണം നിര്‍ത്തി. പിന്നെ കഞ്ഞിയും പുഴുക്കും നേരിട്ടു വിളമ്പി നൽകിയാലോ എന്ന ചിന്തയായി. അങ്ങനെയാണു പട്ടാളം റോഡിലെ യാത്രക്കാരില്ലാത്ത ബസ് സ്റ്റോപ്പിൽ കഞ്ഞിയും പുഴുക്കും വിളമ്പിത്തുടങ്ങിയത്. 6 മാസം പിന്നിട്ടപ്പോൾ അത് ഊണിലേക്കു വഴിമാറി. ദിവസേന 5,000 ത്തോളം രൂപ ഇപ്പോൾ ചെലവുണ്ട്.

നേരിട്ടും ഫോൺ വിളിച്ചുമൊക്കയാണ് സഹായങ്ങൾ സ്വരൂപിക്കുന്നതെന്ന് ചെയർമാൻ ജെയ്സൺ പോൾ പറഞ്ഞു. എറണാകുളത്ത് ചെറിയ തോതിൽ പഴക്കച്ചവടമാണ് ജെയ്സൺ പോളിന്റെ ഉപജീവനമാർഗം. പണ്ട് എറണാകുളം കോർപറേഷനിലെ അനക്സിൽ തങ്ങി സായാഹ്നപത്രവിൽപ്പനയും മറ്റും നടത്തിയായിരുന്നു ഈ അങ്കമാലിക്കാരന്റെ ജീവിതം.

അപ്പോഴും കോർപറേഷൻ അധികൃതരോടൊപ്പം തെരുവോരത്തുള്ളവർക്ക് പൊതിച്ചോറു നൽകിയിരുന്നു.കുറച്ചു കാലം കഴിഞ്ഞപ്പോൾ തൃശൂരിലെത്തി മാതൃക ചാരിറ്റബിൾ ട്രസ്റ്റിൽ പ്രവർത്തിച്ചു പൊതിച്ചോറ് നൽകിത്തുടങ്ങി. തൃശൂരിൽ നിന്നു വിവാഹം കഴിച്ചു. വടൂക്കരയിൽ താമസമാക്കി. ഭാര്യ ബിനു മരിയയാണു സൗജന്യ ഊണുവിതരണത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നത്.

നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് ഇവരുടെ മുദ്രാവാക്യം. ദാനം ആപത്തിനെ തടയുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. വിശേഷപ്പെട്ട പരിപാടികളിൽ ബാക്കി വരുന്ന ഭക്ഷണം എത്തിച്ചു തന്നാൽ അത് അർഹതപ്പെട്ടവർക്ക് നൽകാനും മദർ ജനസേവ തയാറാണ്. മനസ്സു നിറയെ നന്മയുണ്ടോ? എന്നാൽ ഈ ബസ് സ്റ്റോപ്പിലേക്കു വിട്ടോ, ഈ നന്മയിൽ കൂടെച്ചേരാം. 7025907269

ഉച്ചയൂൺ ദൈവങ്ങൾ

മദർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോൾ, ഭാര്യ ബിനു മരിയ, ഒല്ലൂരിലെ ബസ് ഡ്രൈവറായിരുന്ന ഷൈൻ ജയിംസ്, ഇരിങ്ങാലക്കുടയിലെ വർക്‌ഷോപ് പണിക്കാരനായ വി.ഐ.ഇസ്മായിൽ, അരണാട്ടുകരയിലെ ഓട്ടോ ഡ്രൈവർ ശ്രീജിത്ത്, അമ്മാടത്തെ വീട്ടമ്മ രമ്യ, അധ്യാപികയായ രമ്യ എന്നിവരെല്ലാമാണു ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നവർ. വേറെയും ചിലരുണ്ട്, പച്ചക്കറിയായും പണമായും ഇതിനു സഹായമെത്തിക്കുന്നവർ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...