'ദാഹമകറ്റിയത് ഷർട്ടിലെ വിയർപ്പ് പിഴിഞ്ഞ് കുടിച്ച്'; വനയാത്ര; അമേരിക്ക സ്വപ്നം കണ്ടവർ അനുഭവിച്ചത്

mexico-border
ഫയൽ ചിത്രം
SHARE

ഇന്നും പലർക്കും അമേരിക്ക നിറം മങ്ങാത്ത ഒരു സ്വപ്നമാണ്. എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണമെന്ന മോഹവുമായി ഇറങ്ങിപുറപ്പെട്ട 300 ഇന്ത്യക്കാരെയാണ് മെക്സിക്കോ അതിരി‍ത്തിയിൽവച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരെ സ്വന്തം നാട്ടിലേക്ക് തന്നെ തരിച്ചയച്ചു. എന്നാൽ ഈ 300 പേരും അനുഭവിച്ചത് നരകതുല്യമായ അനുഭവം. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകരും തൊഴിൽരഹിതരുമായ യുവാക്കളാണ് അമേരിക്കൻ സ്വപ്നവുമായി വിസാ ഏജന്റുമാർക്ക് 15- 20 ലക്ഷം വരെ നൽകിയത്. 

പലരും അതിർത്തി കടന്ന് അമേരിക്കയിലെത്തി ഇപ്പോൾ സ്വർഗതുല്യ ജീവിതം നയിക്കുന്നവരുടെ വിഡിയോ കണ്ടാണ് ആകർഷിതരായത്. ലക്ഷ്യത്തിൽ ഏതുവിധേനയും എത്താൻ എന്ത് സാഹസത്തിനും ഇവർ തയാറായിരുന്നു. അമേരിക്കയിൽ എത്തിക്കാമെന്ന് പറഞ്ഞ ഏജന്റുമാർ സ്വീകരിച്ചതാകട്ടെ വളഞ്ഞവഴിയും ഒരു നീണ്ട യാത്രയാണ് ഇവരെ കാത്തിരുന്നത്. വിമാനമാർഗം ഇവരെ ആദ്യം ഇക്വാഡോറിൽ എത്തിച്ചു. അതിനുശേഷം കരമാർഗം കൊളംബിയ, ബ്രസീൽ, പെറു, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് മെക്സിക്കോയിൽ എത്തുന്നത്. അവിടെ വിലകുറഞ്ഞ ലോഡ്ജുകളിലാണ് അന്തിയുറക്കം. പലതരത്തിലും എമിഗ്രേഷൻ ചെക്ക് പോസ്റ്റുകൾ കടക്കും. 

പനാമ മുതൽ മെക്സിക്കോ വഴിയുള്ള യാത്രയായിരുന്നു ഏറ്റവും ദുർഘടം. വന്യമൃഗങ്ങളുള്ള കൊടുംകാട്ടിലൂടെയാണ് യാത്ര. പലരും യാത്രയ്ക്കിടയിൽ രോഗബാധിതരായി, ശരീരം തളർന്നു. മാസങ്ങളോളം കാടുകളിലൂടെ യാത്ര ചെയ്തു. പലപ്പോഴും ഭക്ഷണവും വെള്ളവും കിട്ടാക്കനിയായിരുന്നു. 

വാട്സാപ്പിലൂടെയാണ് പല ഏജന്റുമാരും അമേരിക്കൻ മോഹികളെ വലവീശിയത്. അത് കൊണ്ട് തന്നെ വ്യവസ്ഥാപിതമായ ഓഫീസുകളൊന്നും ഇവർക്കില്ല. ദുരിതങ്ങളെക്കുറിച്ച് പരാതി പറയാനുള്ള അവസരങ്ങളുമില്ലായിരുന്നു. വഴികാട്ടികളായി കൂടെ വന്നത് തോക്കേന്തിയ മല്ലന്മാരായിരുന്നു. അവർക്ക് സ്പാനിഷല്ലാതെ മറ്റൊന്നും വശമില്ല. കാട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകൾ നോക്കിയാണ് വഴി കണ്ടെത്തിയിരുന്നത്. മെക്സിക്കൻ അതിർത്തിയോടടുത്തുള്ള കാട്ടിലൂടെ എട്ട് ദിവസമായിരുന്നു ട്രക്കിങ്ങ്. മൂന്ന് ദിവസം വെള്ളം പോലും ലഭിച്ചില്ല. സ്വന്തം ഷർട്ട് പിഴിഞ്ഞ് വിയർപ്പ് കുടിച്ചാണ് ദാഹം അകറ്റിയതെന്ന് ഒരു കർഷകൻ ഇംഗ്ലീഷ് മാധ്യമത്തിനോട് പ്രതികരിച്ചു. യാത്രയ്ക്കിടയിൽ ചിലർ മരണപ്പെട്ടു. 

മെക്സിക്കോ അതിർത്തിയിൽ എത്തിയ ഇവർ അറസ്റ്റുചെയ്യപ്പെട്ടു. അതിനുശേഷം ജയിലിലായിരുന്നു ജീവിതം. പല അസുഖങ്ങളുള്ളവരെ ഒരുമിച്ചാണ് പാർപ്പിച്ചിരുന്നത്. കഷ്ടിച്ച് എല്ലാവർക്കും കിടന്നുറങ്ങാനുള്ള സ്ഥലം മാത്രം. പലർക്കും പല അസുഖങ്ങളും പകർന്നു കിട്ടി. കോൺസൻട്രേഷൻ ക്യാംപുകൾക്ക് തുല്യമായിരുന്നു ജയിൽവാസം. ജയിലിൽ നിന്നും തിരികെ ഇവരെ നാട്ടിലേക്ക് തന്നെ നാടുകടത്തി. എന്നാൽ നാട്ടിലെത്തിയാൽ ഉപജീവനത്തിനുള്ള വഴിപോലും ഇവർക്കില്ല. ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങളെല്ലാം വിറ്റുപെറുക്കിയാണ് ഏജന്റുമാർക്ക് പണം നൽകിയത്. ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഈ മുന്നൂറ് പേരും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...