കടലിൽ നിന്നും ഭീമൻ മുതല കരയിലേക്ക്; ടൗവൽ ഉപയോഗിച്ച് പിടികൂടി യുവാവ്; വിഡിയോ

sea-catch-video
SHARE

കടലിൽ നിന്നും കരയിലേക്ക് കയറി വന്ന മുതലയെ യുവാവ് ടൗവൽ ഉപയോഗിച്ച് പിടിച്ചുകെട്ടി. ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്ന മുതലയെയാണ് യുവാവ് പിടികൂടിയത്. കോസ്റ്റാ റിക്കയിലെ ഡൊമിനിക്കൽ ബീച്ചിലാണ് സംഭവം നടന്നത്. ബീച്ചിൽ ഉല്ലസിക്കാനെത്തിയവരാണ് തിരകൾക്കിടയിലൂടെ തീരത്തേക്ക് വരുന്ന മുതലയെ ആദ്യം കണ്ടത്. ഇവർ സർഫിങ് നടത്തുന്നവർക്കും ബീച്ചിലുണ്ടായിരുന്നവർക്കും മുന്നറിയിപ്പ് നൽകി. എല്ലാവരോടും സുരക്ഷിതമായ പ്രദേശത്തേക്ക് മാറാൻ നിർദേശം നൽകി.

ഇതേസമയം ബീച്ചിലുണ്ടായിരുന്ന ധൈര്യശാലിയായ ഒരു യുവാവാണ് ആദ്യം മുതലയെ പിടികൂടാനിറങ്ങിയത്. തലയും വാലുമിളക്കി തീരത്തേക്ക് കയറിവന്ന മുതലയ്ക്ക് ഏകദേശം 8 അടിയോളം നീളമുണ്ടായിരുന്നു. കയ്യിലിരുന്ന ഒരു ടൗവൽ ഉപയോഗിച്ചാണ് ഇയാൾ മുതലയെ പിടികൂടിയത്. മുതലയുടെ തലയിലേക്ക് ‍ടൗവൽ എറിഞ്ഞ് അതിന്റെ ശ്രദ്ധ തിരിച്ചതിനുശേഷം വാലിൽ പിടികൂടിയ യുവാവ് പിന്നീട് ചുറ്റും കൂടി നിന്നവരുടെ സഹായം തേടുകയായിരുന്നു. മുതലയുടെ തല ടൗവലുപയോഗിച്ച് മറച്ച ശേഷം പിന്നിലൂടെ മുതലയുടെ പുറത്തിരുന്ന് വായ അമർത്തിപ്പിടിച്ചു. മറ്റുള്ളവർ ചേർന്ന് മുതലയുടെ വായ ബലമുള്ള  ചരടുപയോഗിച്ച് ബന്ധിച്ചു. പിന്നീട് മുതലയെ ‍ടോർടുഗാ എന്നറിയപ്പെടുന്ന സുരക്ഷിത മേഖലയിൽ തുറന്നുവിട്ടതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പസിഫിക് തീരങ്ങളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും എണ്ണത്തിൽ 27 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഈ സമയത്ത് മിക്കവാറും ആൺമുതലകളെ കാണാറുണ്ടെന്നും പെൺ മുതലകൾക്കായും പുതിയ ആവാസസ്ഥലം തേടിയുമാണ് ഇവ എത്തുന്നതെന്നും മൃഗസംരക്ഷണ വിഭാഗം വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...