നിറമുള്ളവർ മുന്നിൽ; ഇരുണ്ട നിറക്കാർ പിന്നിൽ; 'സിംഗപ്പെണ്ണേ' ഗാനത്തിലെ കോമഡികൾ; കുറിപ്പ്

singappenney-13
SHARE

വിജയ്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ തമിഴ് ചിത്രം ബിഗിലിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയിലറിന് മുൻപെ ചിത്രത്തിന് വലിയ സ്വീകാര്യത നൽകിയ ഗാനങ്ങളിലൊന്നാണ് എ ആർ റഹ്മാൻ സംഗീതം നൽകിയ സിംഗപ്പെണ്ണേ എന്ന ഗാനം. 'വുമൺ ആന്ഥം' എന്ന പേരിലാണ് അണിയറപ്രവർത്തകർ ഗാനമിറക്കിയിരിക്കുന്നത്. എന്നാൽ ഗാനത്തെയും ചിത്രത്തിന്റെ പോസ്റ്ററിനെയും വിമർശിക്കുന്ന ആര്‍.ജെ സലീമിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

ചിത്രത്തിന്റെ പോസ്റ്ററിൽ നിറമുള്ള പെൺകുട്ടികൾ മുന്നിൽ ഇരുണ്ട നിറമുള്ളവർ പിന്നിലുമായാണ് നിൽക്കുന്നത്. വുമൺ ആന്ഥത്തിന്റെ പോസ്റ്ററിൽ തന്നെ റേസിസമെന്ന് സലിം കുറിക്കുന്നു. 'പാടുന്നത് ഒരു ആണ്. ആണിന്റെ കണ്ണിലെ പെണ്ണിനെക്കുറിച്ചാണ് വരികൾ മുഴുവനും. എന്നിട്ടും വുമൺ ആന്ഥം ന്ന വിളിയാ ബാക്കി. ആദ്യത്തെ വരി തന്നെ സിംഹ പെണ്ണെ ആൺ വംശം നിന്നെ വണങ്ങുന്നു എന്നാണ്. ടോൺ പിടി കിട്ടിയോ ? ഓൾറെഡി കിടിലമായ ആൺവംശം അത്ര കിടിലമല്ലാത്ത പെണ്ണിനെ വണങ്ങുന്നു എന്ന്. ലൈൻ ബൈ ലൈൻ എടുത്തു വെച്ച് നോക്കിയാൽ സംഗതി മുട്ടൻ വിറ്റാണ്. എന്നാലും ഒരു സില പ്രധാനപ്പെട്ട കോമഡികൾ പങ്കുവെയ്ക്കാം' - കുറിപ്പില്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. 

കുറിപ്പ് വായിക്കാം: 

സിംഗപ്പെണ്ണേ

There are so many things wrong with this song. എന്റെ ഭാര്യക്കും അമ്മയ്ക്കും സ്ത്രീകൾക്ക് പൊതുവിലുമായി ഡെഡിക്കേറ്റ് ചെയ്യാനൊരു വുമൺ ആന്ഥം ഉണ്ടാക്കണമെന്നാണ് പാട്ടിന്റെ തുടക്കത്തിൽ സംവിധായകൻ, റഹ്മാനോട് ആവശ്യപ്പെടുന്നത്. ശരി, നല്ല കാര്യം.

അതിനു മുൻപേ ഒരു കാര്യം പറയട്ടെ, സിംഗപ്പെണ്ണേ പാട്ടു റിലീസിനായുള്ള സിനിമയുടെ പോസ്റ്ററാണിത്. മീഡിയം ബിൽറ്റ് ശരീരമുള്ള, ഫെയർ സ്കിൻടോൺ ഉള്ളവർ നേരെ നടുക്ക്. നായകന്റെ ഇടുവശത്തും. ഫെയർ ആൻഡ് ലാവ്‌ലിയുടെ പരസ്യത്തിലെ കളർ ഗ്രെയ്‌ഡിങ് കാർഡ് പോലെ വശങ്ങളിലേക്ക് പോകുന്തോറും ഇരുണ്ട നിറമുള്ളവർ, തടിയുള്ളവർ ഒക്കെ. വുമൺ ആന്ഥത്തിന്റെ പോസ്റ്ററിൽ തന്നെ റേസിസം. അടിപൊളി.

ചിലപ്പോൾ സവർണ്ണ, "സുന്ദര" സ്ത്രീകൾക്ക് മാത്രമായുള്ള ആന്ഥം ആയിരിക്കും. ശരി അതും പോട്ടെ, ഈ സ്ത്രീകൾക്കായുള്ള പാട്ടെന്നു പറഞ്ഞിട്ടു അതിലും വിജയ് അണ്ണനെ എന്തിനാണ് കൊണ്ട് നടുക്ക് വെച്ചിരിക്കുന്നത്. എന്നാലേ വിറ്റുപോകൂ എന്ന് ദയവു ചെയ്തു ന്യായം പറയരുത്. അങ്ങനെയെങ്കിൽ വുമൺ ആന്ഥം ഉണ്ടാക്കലാണ് എന്ന ഉദ്ദേശം ആദ്യമേ പൊളിഞ്ഞു വീഴും.

പേട്രണൈസിങ് എന്നാൽ പച്ചമലയാളത്തിൽ തന്ത കളി എന്നാണർത്ഥം. ഉദാഹരണത്തിന് ഒരു ദളിതനോട് ഒരു ബ്രാഹ്മണൻ വളരെ കരുണയോടെ പറയുവാണ്, ശരിക്കും നീയാണ് കിടു, നീ പാടം കൊയ്യും, പറമ്പു കിളയ്ക്കും, നീ സൂപ്പറാണ്. നീ വിചാരിച്ചാൽ എന്തും നടക്കും, നിനക്ക് വേണ്ട എല്ലാ സഹായങ്ങളും ഞാൻ ഏർപ്പാടാക്കി തരാം. അണ്ടർലൈൻ ദി വേർഡ് സഹായം. ഞാൻ കൂടി പിടിച്ചു വെച്ചനുഭവിക്കുന്ന നിന്റെ അവകാശം എന്നല്ല, ഞാനങ്ങു നിന്നെ സഹായിക്കാമെന്നാണ് ഓഫർ.

ഏകദേശം ആ ഒരു ലൈനാണ് സിംഗപ്പെണ്ണേ പാട്ടു മുഴുവൻ. പാടുന്നത് ഒരു ആണ്. ആണിന്റെ കണ്ണിലെ പെണ്ണിനെക്കുറിച്ചാണ് വരികൾ മുഴുവനും. എന്നിട്ടും വുമൺ ആന്ഥം ന്ന വിളിയാ ബാക്കി. ആദ്യത്തെ വരി തന്നെ സിംഹ പെണ്ണെ ആൺ വംശം നിന്നെ വണങ്ങുന്നു എന്നാണ്. ടോൺ പിടി കിട്ടിയോ ? ഓൾറെഡി കിടിലമായ ആൺവംശം അത്ര കിടിലമല്ലാത്ത പെണ്ണിനെ വണങ്ങുന്നു എന്ന്. ലൈൻ ബൈ ലൈൻ എടുത്തു വെച്ച് നോക്കിയാൽ സംഗതി മുട്ടൻ വിറ്റാണ്. എന്നാലും ഒരു സില പ്രധാനപ്പെട്ട കോമഡികൾ പങ്കുവെയ്ക്കാം.

.

"അണ്ണൈ തങ്കൈ മനൈവി എൻഡ്റ് നീ വടിത്ത വിയർവൈ ഉന്തൻ പാദയ്ക്കുൾ പട്ട്റും അന്ത തീയയ് അണയ്ക്കും "

അമ്മയായും പെങ്ങളായും ഭാര്യയായുമൊക്കെ പൊടിച്ച വിയർപ്പുകൾ നിന്റെ പാദത്തിനടിയിലെ തീയണയ്ക്കും. അതായത് എന്റെ പല ബന്ധു തസ്തികകളിൽ നിന്ന് നീ എനിക്കൊരുപാട് സർവീസ് ചെയ്തു തന്നില്ലേ, അത് നിന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ടൊക്കെ അങ്ങ് കുറയ്ക്കുമെന്ന്. കിടുവല്ലേ ?

.

"നീ ബയം ഇന്ദ്രി തുനിന്തു സെല്ല് "

നീ ധൈര്യമായി പുറത്തോട്ടു പോരെ എന്ന്. അതെന്താണ് അപ്പോൾ ഇതുവരെ പുറത്തു വരാതിരുന്നത് ? പേടിയായിരുന്നോ ? ആരെ ? ഉത്തരം പറയണ്ടല്ലോ അല്ലെ. അപ്പൊ ഉദ്ദേശിക്കുന്നത് നമ്മൾ ആണുങ്ങൾ ഒന്നും ചെയ്യില്ല അതുകൊണ്ടിനി പുറത്തേക്ക് ധൈര്യമായി വരൂ എന്നാണോ അതോ നമ്മളിപ്പോ ഡീസന്റായി എന്നാണോ ? മച്ചമ്പി അതൊരു സെൽഫ് ഗോളല്ലേ ആ പോയത് ? 

.

"ഉലഗത്തിൻ വലിയെല്ലാം വന്താൽ എന്ന ഉൻ മുന്നെ, പ്രസവത്തിൻ വലിയെയ് താണ്ട പിറന്ത അഗ്നി സിറകെ "

അതായത് പ്രസവിക്കലിന്റെ വേദനയൊക്കെ സഹിക്കുന്ന നിങ്ങൾ പുലിയാണ് എന്ന്. ഒന്നാമത്തെ കാര്യം ഇതൊന്നുമൊരു ഓപ്‌ഷനല്ല. രണ്ടു അഗ്നി സിറിക് ഫിറ്റ് ചെയ്യൂ എന്ന് പറഞ്ഞു ജനിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ അതിന്റെ പേരിലെ ദൈവീകവൽക്കരണം ഭയങ്കര ബോറാണ്. അല്ലെങ്കിലേ ഒന്നുകിൽ ദേവി അല്ലെങ്കിൽ മൂദേവി എന്ന ദ്വന്ദ്വത്തിലല്ലാതെ സ്ത്രീകളെ പോർട്രെയ് ചെയ്യപ്പെടാറില്ല. അടുത്ത കാര്യം ഈ പ്രസവമൊന്നുമല്ല ഒരു വുമൺ കണ്ടീഷന്റെ അൾട്ടിമേറ്റ് ഗോൾ. ലക്ഷം തവണ പറയപ്പെട്ടിട്ടുള്ള കാര്യാണ് , എന്നാലും മനസ്സിലായില്ലെങ്കിൽ വീണ്ടും പറയാതെ വഴിയില്ലല്ലോ.

ഇനിയാണ് കിടു. അഗ്നി സിറകേ എറിന്തു വാ എന്ന് തുടങ്ങുന്ന വരികൾ ശ്രദ്ധിക്കുക. അഗ്നി സിറകേ (പെണ്ണേ) എണീറ്റ് വാ നിന്റെ സ്വപ്നവും ആഗ്രഹങ്ങളുമൊക്കെ നിറവേറ്റാൻ ഞങ്ങൾ സഹായിക്കാമെന്നും ഇതൊന്നും നശിച്ചുപോകാതെ നോക്കിക്കോളാം എന്നുമാണ് അതിന്റെ ഒരു ഏകദേശ തർജ്ജമ. ശെടാ, ഇതിപ്പോ ആരാ ഇവിടെ ശരിക്കും ഫോക്കസ് ? ആണാണോ പെണ്ണാണോ ? സിംഗപ്പെണ്ണേ എന്നൊക്കെ വിളിച്ചു സുഖിപ്പിച്ചിട്ടു, നിന്റെ സ്വപ്നമൊക്കെ ഞാൻ സെറ്റാക്കി തരാമെന്നു ആണിരുന്നങ്ങു പാടുകയാണ്. അപ്പൊ ആണല്ലേ ശരിക്കും ഈ പാട്ടിലെ ഹീറോ. ഈ സിംഗപ്പെണ്ണേ വിളി തന്നെ മുടിഞ്ഞ പെട്രണൈസിംഗാണ്‌, അപ്പോഴാണ് അതിന്റെ ബാക്കിയായിട്ടു ഇതുംകൂടി.

റഹ്മാന്റെ നല്ലൊരു പാട്ടിനെ കീറിമുറിച്ച അരസികൻ എന്ന് കരുതരുത്. ഈ പാട്ടെനിക്കും ഇഷ്ടമാണ്. റഹ്മാന്റെ പണി അസ്സലായി ചെയ്തിട്ടുണ്ട്. പക്ഷെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ഒക്കെ ഇതിനകത്തുണ്ട് എന്ന് കുറേപ്പേരെങ്കിലും കരുതുന്നുണ്ട്. അതുകൊണ്ടു പറഞ്ഞതാണ്.

അല്ലാതെ വിജയ് സിനിമയിലെ വരികളുടെ ഇടയിൽക്കയറി രാഷ്ട്രീയ ശരി തപ്പാനുള്ള ബോധമില്ലായ്മയൊന്നും ഇല്ല. ഇതും പതിവ് വിജയ് സിനിമ തന്നെയാകും. വിജയ് ഇവിടെ സ്ത്രീകളുടെ രക്ഷകനാണ് എന്ന വ്യത്യാസമേയുള്ളൂ. വുമൺ കോസ് എന്നൊക്കെപ്പറഞ്ഞു അതിന്റെ ഇപ്പോഴത്തെ ഹോട്ട് ഇമേജിൽക്കൂടി പത്തുപുത്തൻ ഉണ്ടാക്കാനുള്ള ഐഡിയ. അത്രേയുള്ളൂ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...