‘എങ്ങനെയാണ് ഇങ്ങനെ പച്ചയ്ക്ക് തീ കൊളുത്താന്‍ പറ്റുന്നത്’; രോഷക്കുറിപ്പ്

girl-post
SHARE

ദേവിക എന്ന പെൺകുട്ടിയുടെ മരണവാർത്തയാണ് കേരളത്തെ ഇപ്പോൾ കണ്ണീരണിയിച്ചിരിക്കുന്നത്. പ്രണയം വേണ്ടന്ന് വെച്ചാൽ പിന്നെ ജീവിക്കാൻ ഭയക്കണം. അതാണ് അവസ്ഥയെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ചിന്ത തന്നെയാണ് കാക്കനാട് അത്താണിയിലെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ. കേരളത്തെ ഞെട്ടിച്ച ഇത്തരം തീകൊളുത്തികൊല്ലലും കുത്തിക്കൊല്ലലും ആദ്യമായല്ല നടക്കുന്നത്. കേവലം പതിനേഴു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രണയാഭ്യർത്ഥ നിരസിച്ചതിന്‍റെ പേരിൽ കൊന്നു തള്ളുക. അതും സ്വന്തം വീടിനുള്ളിൽ മാതാപിതാക്കൾക്ക് മുന്നിൽ. തുടർന്ന് സ്വയം ഇല്ലാണ്ടാവുക. മിഥുൻ എന്ന യുവാവിനെതിരെ ദേവികയുടെ വീട്ടുകാർ പരാതി കൊടുത്തതാണ് ഈ വൈരാഗ്യകൊലയിൽ അവസാനിച്ചത്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മൃദുൽ ജോർജെന്ന യുവാവ്. 

മൃദുലിന്റെ കുറിപ്പ് വായിക്കാം: ഒരിക്കൽ, ടീനേജൊക്കെ കഴിഞ്ഞ് യൗവ്വനമൊക്കെ‌ നല്ല‌ തീക്ഷണമായി‌ നിൽക്കുന്ന സമയത്ത് ഒരാളോട് വിവാഹം ആലോചിക്കാൻ താത്പര്യമുണ്ടെന്നു‌ പറഞ്ഞിരുന്നു.ഒരു ഹലോ - ഹായ് ബന്ധത്തിനപ്പുറം പരിചയമുള്ള ആളൊന്നുമായിരുന്നില്ല. ഒരു സൗഹൃദത്തിൽ പോലും എത്തുന്നതിനു മുൻപ് വളരെ മാന്യമായി "താത്പര്യമില്ല" എന്ന സൂചനകൾ നൽകി മൗനത്തിന്റെ അകലത്തിലേയ്ക്ക് കക്ഷി മാറി‌ നടന്നു.

പക്ഷേ അത് അത്ര പെട്ടന്ന് ആക്സപറ്റ് ചെയ്യാൻ കഴിയാത്ത എന്റെ മെയിൽ ഈഗോ പിന്നെ ഒരു ആറു മാസം കൂടി ഇടയ്ക്കിടെ "എങ്ങാനും ബിരിയാണി കിട്ടിയാലോ" എന്ന ലൈനിൽ ഒരു വ്യക്തമായ ഉത്തരം തരൂ എന്നൊക്കെ ധ്വനിപ്പിക്കുന്ന മറുപടിയില്ലാ മെസേജുകൾ അയച്ചിരുന്നു. ആറു മാസത്തിനപ്പുറം വീട്ടുകാരു വഴി ആലോചിച്ചപ്പോഴും ഏറ്റവും മാന്യമായി താത്പര്യമില്ല എന്നു വ്യക്തമാക്കിയതോടെ നമ്മൾ സീൻ വിട്ടു.

ഇതൊക്കെ കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കിപ്പുറവും, ഞാൻ ഏകദേശം ആറു മാസങ്ങൾ ചെയ്ത മെസേജയക്കൽ പരിപാടി അതിന്റെ റിസീവിംഗ് എൻഡിൽ നിന്നിരുന്ന ആൾക്ക് അത് എത്രത്തോളം അരോചകവും ഇന്റ്രയൂഡിംഗുമായിരുന്നിരിക്കും എന്ന‌ ചിന്ത/തിരിച്ചറിവ് വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്, ഒരുപാട് കുറ്റബോധം ഉണ്ടാക്കാറുമുണ്ട്.

പറഞ്ഞു വരുന്നത് എന്താന്നു വച്ചാൽ - വെറും പരിചയം മാത്രമുള്ള ആളായിരുന്നിട്ടും, മാന്യത ഒന്നും ഒട്ടും വിടാത്ത മെസേജുകൾ ആയിരുന്നിട്ടും, ഈ ഒരു സംഭവത്തെ കുറിച്ചുള്ള ചിന്തകൾ ഇമ്മാതിരി നമ്മളെ‌ പിടിച്ചു കുലുക്കി വിടുമ്പോൾ, കൊത്തി വലിക്കുമ്പോൾ എങ്ങനെയാണൂവാ ഒരിക്കൽ ജീവനു തുല്യം സ്നേഹിച്ചു എന്നു പറയപ്പെടുന്ന ഒരാൾ, ബന്ധം തുടരാൻ താത്പര്യമില്ല എന്നു പറയുമ്പോൾ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാൻ പറ്റുന്നത് ! ഒന്നുറപ്പാണു ,വളർത്തുന്നതിലും പഠിപ്പിക്കുന്നതിലും എവിടെയൊക്കെയോ വലിയ തിരുത്തലുകൾ ആവശ്യമുണ്ട്. പ്രണയനൈരാശ്യങ്ങളിലൂടെയും തള്ളിക്കളയലുകളിലൂടെയും കടന്നു പോയവരൊക്കെ ഇങ്ങനെ‌ കത്തിച്ചും ആസിഡൊഴിച്ചും തീർക്കാനയിരുന്നേൽ ഇവിടെ ആരേലുമൊക്കെ ബാക്കി കാണുവായിരുന്നോ !

ഈ ഒരു വിഷയത്തിൽ വന്ന ഒരു കുറിപ്പിൽ ഇങ്ങനെയെന്തോ വായിച്ചിട്ടുണ്ട്-

"പ്രണയിച്ചിട്ടുണ്ട്, പ്രണയിക്കപ്പെട്ടിട്ടുണ്ട്. തള്ളി കളഞ്ഞിട്ടുണ്ട് , തള്ളി കളയപ്പെട്ടിട്ടുമുണ്ട് .പക്ഷേ കൊന്നിട്ടുമില്ല ചത്തിട്ടുമില്ല "

അപ്പോ അത്രേയുള്ളു - മുണ്ടയ്ക്കൽ ശേഖരൻ പറയുന്നത് പോലെ തമ്മിലൊന്നിനെ തീർക്കാനായിരുന്നേൽ എനിക്കും നീലകണ്ഠനും അതെന്നേ ആകാമായിരുന്നു. പ്രണയവും ഇഷ്ടവും ബന്ധങ്ങളുമൊക്കെ യാത്രയിലെ മനോഹരമായ ചില സ്ഥലങ്ങൾ മാത്രമാണു. പക്ഷേ ഏറ്റവും സുന്ദരമായത് ആ യാത്രയാണു. സ്ഥലങ്ങൾ കണ്ടിഷ്ടപ്പെട്ടില്ലെങ്കിൽ യാത്ര തുടർന്നേക്കുക, കിടിലൻ കാഴ്ച്ചകൾ മുന്നോട്ടുള്ള വഴികളിൽ പിന്നെയും ബാക്കിയുണ്ടെന്നുറപ്പാണു ! ഈ പറഞ്ഞത് ദിവസം തോറും അനുഭവിക്കുന്ന, ആസ്വദിക്കുന്ന, ചേർത്തു പിടിക്കുന്ന ഒരാളാണു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...