വൈറ്റില മേല്‍പാലം മെട്രോ പാലത്തില്‍ മുട്ടുമോ..?; കണക്കുകള്‍ ഇതാണ്: വിഡിയോ

Specials-Anil-Vyttila
SHARE

ഒരാഴ്ചയോളമായി ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ പ്രചരിക്കുന്ന സന്ദേശമാണിത്. കഴിഞ്ഞ രണ്ടു ദിവസമായി പലരും ഇതെടുത്ത് അയച്ചിട്ട് ശരിയാണോ എന്നും ചോദിക്കുന്നു. ചോദിച്ചവര്‍ക്കൊക്കെ മറുപടി കൊടുത്തു. എന്നാല്‍ അങ്ങനെ ചോദിച്ചിട്ടോ, നേരിട്ട് അന്വേഷിച്ചിട്ടോ മനസിലാക്കാന്‍ കഴിയാത്ത ഒട്ടേറെ പേര്‍ തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നുണ്ട് എന്നു മനസിലാക്കുന്നു. അതുകൊണ്ടൊക്കെയാണ് ചുരുക്കത്തില്‍ അല്‍പം വിശദീകരിക്കാമെന്ന് കരുതിയത്. അതിനൊരു ചെറിയ കണക്ക് പറയാം. 

പലര്‍ക്കും അറിയുന്നത് പോലെ കൊച്ചി മെട്രോയുടെ ഈ റീച്ചില്‍ ഉയരം മറ്റ് പലയിടത്തേക്കാളും കൂടുതലാണ്. വൈറ്റിലയില്‍ പണിയാന്‍ ഉദ്ദേശിച്ച മേല്‍പ്പാലത്തിനു കൂടി കണക്കാക്കി തന്നെയാണ് ഈ ഉയരത്തില്‍ മെട്രോപാലം പണിതീര്‍ത്തത്. ഇപ്പോള്‍ കാണുന്ന ഈ അവസ്ഥയില്‍ തന്നെ രണ്ട് പാലങ്ങളും തമ്മില്‍ 5.9 മീറ്റര്‍ വ്യത്യാസമുണ്ട്. മുഴുവന്‍ ഗര്‍ഡറുകളും സ്ഥാപിച്ച് ടാറിങ് കൂടി പൂര്‍ത്തിയായി കഴിയുമ്പോള്‍ 5.5 മീറ്റര്‍ ക്ലിയറന്‍സ് ഉണ്ടാകും. ഇന്ത്യയിലെ റോഡുകളില്‍ ഓടുന്ന ട്രക്കുകള്‍ പോലെ ഏറ്റവും വലിയ വാഹനത്തിന്റെ ഉയരം 4 മുതല്‍ 4.3 മീറ്റര്‍ വരെയാണ്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്, ഈ പ്രചരിക്കുന്നത് പോലെയൊരു പ്രശ്നവും വൈറ്റിലയില്‍ പണിതീതീര്‍ന്നുവരുന്ന മേല്‍പ്പാലത്തിനില്ല. 

പാലങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി നില്‍ക്കുന്നുവെന്ന തോന്നിക്കുന്ന മട്ടിലുള്ള ചില ഫോട്ടോയൊക്കെയായി വിശകലനം നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നില്ല. കാരണം ചില ആംഗിളില്‍ നോക്കുമ്പോള്‍ അങ്ങനെ തോന്നാം. വൈറ്റില വഴി വാഹനത്തിലൊക്കെ യാത്ര ചെയ്തവര്‍ ചിലരൊക്കെ എടുത്ത ഫോട്ടോകളാണ് അവ. എന്നാല്‍ നേരിട്ട് കണ്ടാല്‍ ആര്‍ക്കും വസ്തുത ബോധ്യപ്പെടാവുന്നതേയുള്ളു. നേരിട്ട് കണ്ടത് കൂടാതെ അളവുകള്‍ കൂടി പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള വസ്തുത ഇങ്ങനെ വിശദീകരിക്കുന്നത്. 

അല്‍പം ആലങ്കാരികമായി പറഞ്ഞാല്‍ വൈറ്റില മേല്‍പ്പാലം പണി ‍ഞങ്ങളുടെയൊക്കെ ക്ലോസ് ഒബ്സര്‍വേഷനിലാണ്, നിരന്തര നിരീക്ഷണത്തിലാണ് എന്നു വേണമെങ്കില്‍ പറയാം. കാരണം പലര്‍ക്കും അറിയുന്നത് പോലെ വൈറ്റിലയിലെ നിര്‍മാണത്തിന് നിലവാരം പോരെന്നും ഉദ്യോഗസഥര്‍ക്ക് വീഴ്ചയുണ്ട് എന്നുമൊക്കെയുള്ള മരാമത്ത് വകുപ്പിലെ തന്നെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍ രണ്ടുമാസം മുന്‍പ് ‌മനോരമ ന്യൂസ് തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. പിന്നീട് മറ്റെല്ലാ മാധ്യമങ്ങളും അത് ഏറ്റെടുക്കുകയും മന്ത്രി ജി സുധാകരന്‍ രൂക്ഷമായി പ്രതികരിക്കുകയും ഒരു ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യുകയുമൊക്കെ ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞതാണല്ലോ. അതുകൊണ്ടാണ് പറഞ്ഞത് വൈറ്റിലയിലെ നിര്‍മാണം, അതിലെ പ്രശ്നങ്ങളൊക്കെ ഞങ്ങള്‍ പ്രത്യേകിച്ചും, പൊതുവില്‍ മാധ്യമങ്ങളും ഉറ്റുനോക്കുന്നതാണ്. അന്നത്തെ ആ വാര്‍ത്തകളെ തുടര്‍ന്ന് ഒരുമാസത്തോളം പണി നിര്‍ത്തിവയ്ക്കുകയും മദ്രാസ് ഐഐടിയുടെ പരിശോധനകളുമൊക്കെ നടക്കുകയും ചെയ്തതാണ്. 

മറ്റൊന്ന്, പാലാരിവട്ടം പാലത്തിന് ഡിസൈന്‍ തയ്യാറാക്കിയ ബെഗ്ലൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയാണ് വൈറ്റില പാലത്തിനായും ഡിസൈന്‍ തയ്യാറാക്കിയത് എന്നതിനാലും ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ പേരിലുള്ള പരിശോധനകളും പൂര്‍ത്തിയാക്കി ഒരുമാസം മുന്‍പ് പണി പുനരാരംഭിച്ചതാണ്. അതുകൊണ്ട് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത് പോലെ പണി മുടങ്ങിക്കിടക്കുകയല്ല, വൈറ്റില വഴി യാത്ര ചെയ്യുന്ന ആര്‍ക്കും നോക്കിയാല്‍ അത് കാണാവുന്നതാണ്. കൂടാതെ ഈ സന്ദേശത്തില്‍ പറയുന്നത് പോലെ പാലാരിവട്ടം പാലം കഴിപ്പിച്ച റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനല്ല വൈറ്റില പാലം പണിയുന്നത്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് കരാറെടുത്ത പണി രാഹുല്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് ഉപകരാര്‍ കൊടുത്താണ് ചെയ്യിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മേല്‍നോട്ടം. 

ഇതൊക്കെയാണ് വസ്തുതകള്‍. വൈറ്റില മേല്‍പ്പാലം എല്ലാ അര്‍ത്ഥത്തിലും കുറ്റമറ്റതാണ്, യാതൊരു തകരാറുമില്ല എന്നൊന്നും പറയാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ഇപ്പോള്‍ പ്രചരിക്കുന്നത് പോലെ പാലങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാന്‍ പോകുന്നു, മേല്‍പ്പാലത്തിലൂടെ പോകുന്ന വാഹനങ്ങള്‍ മെട്രോ പാലത്തില്‍ മുട്ടാന്‍ പോകുന്നു, അതുകൊണ്ട് പൊളിച്ചുകളയേണ്ടിവരും എന്നൊക്കെ പറയുന്നതില്‍ യാതൊരു കഴമ്പുമില്ല, ഒരു അടിസ്ഥാനവുമില്ല എന്നുതന്നെയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...