കടുത്ത വിഷാദം; കഴുത്തിൽ കുരുക്കിട്ടു; ഉറങ്ങുന്ന കുഞ്ഞിനെ കണ്ട് ഞെട്ടി; ഉള്ളുതൊട്ട് കുറിപ്പ്

depression-shimna-10
SHARE

ലോകത്ത് ഓരോ സെക്കൻഡിലും ഒരു ആത്മഹത്യ നടക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഒരു നാൽപ്പത് സെക്കന്റെങ്കിലും പ്രിയപ്പെട്ടവർക്ക് വേണ്ടി മാറ്റിവെച്ചാൽ അവരെ നഷ്ടപ്പെടാതെ ചേർത്തുനിർത്താം. ലോക മാനസികാരോഗ്യ ദിനത്തിൽ ഡോ. ഷിംന അസീസും പങ്കുവെക്കുന്നത് ഇതേ ആശയമാണ്. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽക്കൂടിയാണ് ഷിംനയുടെ കുറിപ്പ്. 

'നാൽപത്‌ സെക്കന്റ്‌ അവർക്കായ്‌ നൽകാം, ആത്മഹത്യകൾ തടയാം. ചികിത്സ തേടാൻ പ്രേരിപ്പിക്കാം. മനോരോഗവിഭാഗത്തിൽ ചികിത്സ തേടുന്നതിന്‌ പകരം മത/മാന്ത്രികചികിത്സകൾക്ക്‌ തല വെക്കുന്നത്‌ വിപരീതഫലം ചെയ്യും. രോഗത്തിന്‌ വേണ്ടത്‌ ചികിത്സയാണ്‌, മായാജാലമല്ല. അതിന്‌ നാണക്കേട്‌ കരുതുകയും വേണ്ട.നാല്‌പത്‌ സെക്കന്റുകളാണ്‌... ജീവനാണ്‌- ഷിംന കുറിച്ചു.

കുറിപ്പ് വായിക്കാം:

ദു:ഖത്തിന്റെ അങ്ങേയറ്റം...

നടന്ന്‌ തളർന്ന നീളമേറിയ ഇടനാഴിക്കപ്പുറത്ത്‌ കത്തിയെടുത്ത്‌ മുറിച്ച്‌ മാറ്റിയാലും അടർന്ന്‌ വീഴാത്ത ഇരുളും ശൂന്യതയുമെന്ന്‌ മനസ്സ്‌ പറഞ്ഞു. ജീവിതത്തിൽ ഇനിയൊന്നും നല്ലതുണ്ടാകില്ലെന്നും...

സ്വയം ഒന്നിനും കൊള്ളില്ലെന്ന്‌ തോന്നി. എല്ലാ പ്രതീക്ഷകളുമറ്റെന്നും തോന്നി. കൈയിൽ കിട്ടിയത്‌ ഒരുപിടി ഉറക്കഗുളികകളാണ്‌. കൂടെ വേറെയും എന്തൊക്കെയോ കുറേ ഗുളികകൾ.

മനസ്സിലെ വേദനക്കപ്പുറം നീറുന്ന മരവിപ്പെന്ന അനുഭവം. ചതഞ്ഞ നിർവികാരതക്കപ്പുറം യാതൊന്നും തോന്നിയില്ല. മിച്ചറിലെ കടല ഒന്നിച്ച്‌ പെറുക്കി വായിലിടും പോലെ ഒരു പിടി ഗുളികയെടുത്ത്‌ വായിലിട്ടു. സ്വസ്‌ഥമായി അപ്പുറത്തെ റൂമിൽ പോയിക്കിടന്നു. മയങ്ങിത്താഴുന്നതിനിടയിൽ അടുത്ത സുഹൃത്തിനും അമ്മയുടെ സ്‌ഥാനത്തുള്ള ഒരാൾക്കും മെസ്സേജിലെന്തൊക്കെയോ യാത്ര പറഞ്ഞ് സുഖമായുറങ്ങി. കഥയവിടെ എന്നെന്നേക്കുമായി ഒടുങ്ങുമെന്നോർത്തു, ആശിച്ചു, കൊതിച്ചു. പക്ഷേ, നട്ടപ്പാതിരക്കയച്ച മെസ്സേജ് പിറ്റേന്നു രാവിലെയേ കാണൂ എന്ന കണക്കുകൂട്ടൽ തെറ്റി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കപ്പെട്ടതുകൊണ്ട് മൂന്ന്‌ ദിവസം കഴിഞ്ഞ്‌ സ്വബോധം വന്നു.

അത്‌ ഈ ഞാനായിരുന്നു.

ഇതിനും രണ്ട് വർഷം മുൻപൊരിക്കലും കടുത്ത വിഷാദം സ്വൈര്യം കെടുത്തിയ നേരത്ത്‌ കഴുത്തിൽ കുരുക്കിടുന്നിടം വരെയെത്തിയതായിരുന്നു. അന്ന്‌ റൂമിലുറങ്ങുന്ന കുഞ്ഞിനെ കണ്ട്‌ ഞെട്ടി. ഓടിപ്പോയി അവളെ നെഞ്ചോടമർത്തി വിങ്ങിക്കരഞ്ഞു, മാപ്പ്‌ ചോദിച്ചു. അടുത്ത സുഹൃത്തിനെ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചു, പതിയെ മനസ്സ് ശാന്തമായി.

ഇന്ന് വിഷാദരോഗത്തിന്‌ മരുന്ന്‌ കഴിക്കുന്നുണ്ടെന്ന് പറയാനെനിക്ക്‌ ഒരു മടിയുമില്ല. എന്നെപ്പോലെ അനേക ലക്ഷം പേരുണ്ട്‌. മുഖത്തെ ചിരിയിലും ചെയ്യുന്ന നൂറായിരം കാര്യങ്ങളിലും ഇത്തരമൊരു ബുദ്ധിമുട്ടിന്റെ നേരിയ തെളിവ്‌ പോലും കാണിക്കാതെ നെഞ്ചിലെ ഭാരം അടക്കി വെച്ച്‌ കഴിയുന്നവർ. ഒറ്റനോട്ടത്തിൽ അവർക്കൊരു രോഗമുണ്ടെന്ന്‌ ഏറ്റവും അടുപ്പമുള്ളവർ പോലും മനസ്സിലാക്കിയേക്കില്ല. ചിലർക്കെങ്കിലും ഇന്നും വിഷാദരോഗം ഒരു രോഗമെന്ന്‌ തോന്നുന്നത്‌ പോലുമില്ല. "അഹങ്കാരം/തിന്നിട്ട്‌ എല്ലിന്റുള്ളിൽ കുത്തൽ/അഭിനയം/പടച്ചോനെ മറക്കൽ" - പലതാണ്‌ പേരുകൾ. ചികിത്സയുള്ള രോഗമാണിത്‌. ശാസ്‌ത്രീയമായ ഇടപെടലുകളിലൂടെ ഏതാണ്ട്‌ പൂർണമായും തടയാവുന്ന ഒന്നുമാണ്‌ ആത്മഹത്യകൾ, മറിച്ച്‌ അഹങ്കാരമോ ധിക്കാരമോ ഒന്നുമല്ല.

അറിയാമോ, ലോകത്ത്‌ ഓരോ നാൽപത്‌ സെക്കന്റിലും ഒരാത്മഹത്യ നടക്കുന്നു. ഓരോ ആത്മഹത്യക്കും തത്തുല്യമായ 25 ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു.

വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, മദ്യമുൾപ്പെടെയുള്ള ലഹരിപദാർത്‌ഥങ്ങൾ എന്ന്‌ തുടങ്ങി വളരെയേറെ കാരണങ്ങളുണ്ട്‌ ആത്മഹത്യക്ക്‌. ഇത്തരത്തിൽ നഷ്‌ടപ്പെടുന്ന ജീവനെ ചേർത്ത്‌ പിടിക്കണ്ടേ? സഹായിക്കണ്ടേ?

"വയ്യ, മരിക്കണം" "ഞാൻ പോകുകയാണ്‌. എന്നെ ഈ ലോകത്തിന്‌ വേണ്ട" എന്നെല്ലാം സൂചന തരുന്നവരെ സൂക്ഷിക്കുക. അവരെ കേൾക്കുക, ചുരുങ്ങിയത്‌ സ്വയം മരണത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളിയിടാനൊരുങ്ങുന്നതിന്‌ മുൻപ്‌ അവർക്ക്‌ കരയാനോ പതം പറയാനോ പൊട്ടിത്തെറിക്കാനോ മൗനം പങ്ക്‌ വെക്കാനോ ഉള്ള നാൽപത്‌ സെക്കന്റെങ്കിലും അവർക്ക്‌ ക്ഷമയോടെ ചെവി കൊടുക്കുക, കൈ പിടിച്ച്‌ "ഞാനുണ്ട്‌ കൂടെ, നീ തനിച്ചല്ല" എന്ന്‌ അന്നേരം തീർത്ത്‌ പറയുക. ഇത്ര ചെറിയ സമയത്തിനു പോലും ജീവന്റെ വിലയുണ്ടവിടെ, നമ്മൾ കാരണം അവർ തിരിച്ച്‌ വന്നേക്കാം.

കടുത്ത വിഷാദഭാവമോ, അങ്കലാപ്പോ, നില തെറ്റിയ കരച്ചിലോ, സംസാരക്കുറവോ തിരക്കിട്ട്‌ വിൽപത്രം എഴുതലോ പൊടുന്നനെ സുപ്രധാനകാര്യങ്ങൾ പറഞ്ഞേൽപ്പിക്കലോ എല്ലാം ആത്മഹത്യാസൂചകങ്ങളാവാം. ഞാൻ മരിക്കാൻ പോകുകയാണ്‌" എന്ന്‌ സൂചന തരുന്നവർ, മുൻപ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിട്ടുള്ളവർ എന്നിവർ അത്‌ ചെയ്യാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്‌.

ജീവൻ രക്ഷിക്കാൻ നൽകേണ്ട ഇത്തിരി നേരത്തെക്കുറിച്ചാണ്‌ പറയുന്നത്. എന്നെന്നേക്കുമായത്‌ നഷ്‌ടപ്പെടുത്താൻ തുനിയുന്നവർക്ക്‌ തക്കതായ ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്‌നങ്ങളുണ്ട്‌. അവയ്‌ക്കെല്ലാം പരിഹാരവുമുണ്ട്‌.

ഒക്‌ടോബർ 10, 2019 - ഈ വർഷത്തെ മാനസികാരോഗ്യദിനത്തിന്റെ സന്ദേശവുമതാണ്‌ " ആത്മഹത്യ തടയാനുള്ള നാൽപത്‌ സെക്കൻുകൾ ചെലവഴിക്കാം'' എന്നത്‌...

അതെ. കൂട്ടാവാം, കൂടെ നിൽക്കാം. ജീവിക്കാനുള്ള അവകാശം അവരുടേത്‌ കൂടിയാണ്‌. ഒരു നിമിഷം തലച്ചോറിൽ മിന്നുന്ന നിറമുള്ള വെട്ടവും ജീവന്റെ ആർദ്രത വറ്റിയ കഥകളും അക്ഷരങ്ങളും, അങ്ങേയറ്റത്തോളമുള്ള ശോകവും ഇനിയുമാരെയും പറിച്ചെടുത്ത്‌ കൊണ്ട്‌ പോകരുത്‌.

നാൽപത്‌ സെക്കന്റ്‌ അവർക്കായ്‌ നൽകാം, ആത്മഹത്യകൾ തടയാം. ചികിത്സ തേടാൻ പ്രേരിപ്പിക്കാം. മനോരോഗവിഭാഗത്തിൽ ചികിത്സ തേടുന്നതിന്‌ പകരം മത/മാന്ത്രികചികിത്സകൾക്ക്‌ തല വെക്കുന്നത്‌ വിപരീതഫലം ചെയ്യും. രോഗത്തിന്‌ വേണ്ടത്‌ ചികിത്സയാണ്‌, മായാജാലമല്ല. അതിന്‌ നാണക്കേട്‌ കരുതുകയും വേണ്ട.

നാല്‌പത്‌ സെക്കന്റുകളാണ്‌... ജീവനാണ്‌...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...