കുട്ടിയാന ഒഴുക്കിൽപ്പെട്ടു; രക്ഷിക്കാനിറങ്ങിയ 6 ആനകളുടെ ജീവൻ പൊലിഞ്ഞു; കണ്ണീർ വിഡിയോ

elaphant-dead-video
SHARE

ആനക്കൂട്ടത്തിലെ കുട്ടിയാന വെള്ളച്ചാട്ടത്തിൽ അകപ്പെട്ടതോടെ രക്ഷിക്കാനിറങ്ങിയ ആറ് ആനകൾ ദുരന്തത്തിൽപ്പെട്ടു.  തായ്‌ലൻഡിലെ ഖാവോ യായ്  ദേശീയ പാര്‍ക്കിലെ ഹ്യൂ നാരോക് അഥവാ നരകത്തിലേക്കുള്ള വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടത്തിലാണ് ദുരന്തമുണ്ടായത്. എട്ട് ആനകളുണ്ടായിരുന്ന കൂട്ടത്തിലെ 3 വയസ്സു പ്രായമുള്ള കുട്ടിയാന വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്കില്‍ പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

കുട്ടിയാനയെ രക്ഷിക്കാന്‍ മറ്റ് ആനകള്‍ കൂടി ശ്രമിച്ചതോടെ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള കുത്തൊഴിക്കില്‍ എല്ലാ ആനകളും കുടുങ്ങിപ്പോയി. ആനകളുടെ കൂട്ട നിലവിളി കേട്ട് വനപാലകര്‍ എത്തിയപ്പോഴേക്കും താമസിച്ചു പോയിരുന്നു. എട്ട് ആനകളില്‍ ആറെണ്ണവും ഒഴുക്കിൽ പെട്ട് വെള്ളച്ചാട്ടത്തിലേക്ക് പതിച്ചു. മറ്റ് രണ്ട് ആനകള്‍ കൂടി ഒഴുക്കില്‍ പെട്ടു പോയെങ്കിലും വനപാലകര്‍ ഇവയെ വടമിട്ടു രക്ഷപ്പെടുത്തുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ഒരു കൂട്ടം ആനകള്‍ ചേര്‍ന്ന് റോഡ് തടസ്സപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വെള്ളച്ചാട്ടത്തില്‍ പെട്ട എട്ട് ആനകളുടെ കൂട്ടത്തിലുണ്ടായിരുന്നതാകാം ഈ ആനക്കൂട്ടമെന്നാണു കരുതുന്നത്. ഈ ആനകളെ നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്ന് മറ്റ് ആനകളുടെ കരച്ചില്‍ കേട്ടതും അധികൃതര്‍ ഇവിടേക്കെത്തിയതും.

ആറ് ആനകളുടെ മരണം ആനക്കൂട്ടത്തെ സാരമായി  ബാധിച്ചേക്കുമെന്ന് പാര്‍ക്കിന്‍റെ മേധാവി പറഞ്ഞു. കൂട്ടത്തില്‍ ഒരാനയുടെ ജീവൻ നഷ്ടപ്പെടുന്നതു പോലും സഹിക്കാനാവാതെ ദിവസങ്ങളോളം കണ്ണീരൊഴിക്കി ചിലപ്പോള്‍ പട്ടിണി പോലും കിടക്കുന്നവരാണ് ആനക്കൂട്ടം. അതിനാല്‍ തന്നെ കൂട്ടമരണം അവയെ തളര്‍ത്തുമെന്നതില്‍ സംശയമില്ല. വനപാലകര്‍ രക്ഷിച്ച രണ്ട് ആനകള്‍ ഇപ്പോഴും വെള്ളച്ചാട്ടത്തിന്‍റെ പരിസരത്തു നിന്ന് നീങ്ങാൻ തയാറായിട്ടില്ല. അതേസമയം അപകടത്തിൽ ജീവനറ്റ ആനകളുടെ മൃതശരീരങ്ങള്‍ വെള്ളച്ചാട്ടത്തിനു താഴെ നിന്ന് നീക്കം ചെയ്തു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...