വേദനിപ്പിക്കുന്ന പലതും പറയാനുണ്ട്; സുൽത്താന് ഭീഷണിയുമായി റഷ്യൻ സുന്ദരി

oksana-russian-beauty
SHARE

 25കാരിയായ റഷ്യന്‍ സൗന്ദര്യറാണി ഒക്‌സാന വിവോഡിനയെ സ്വന്തമാക്കാന്‍ കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ എന്ന മലേഷ്യയുടെ മുന്‍ രാജാവ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനെ കുറിച്ചുള്ള വേദനാജനകമായ കുറെ കാര്യങ്ങള്‍ തനിക്കു തുറന്നു പറയാനുണ്ടെന്ന അവകാശവാദവുമായി ഒക്‌സാന വിവോഡിന രാജ്യാന്തര മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. 

ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ലോകത്തിനു തീര്‍ച്ചയായും താത്പര്യം കാണും. അതൊക്കെ തുറന്നു പറയാനുള്ള മാനസികാവസ്ഥയിലിരുന്നില്ല ഞാന്‍. ആരെയും മുറിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ് അതൊന്നും തുറന്നു പറയാതിരുന്നത്. എന്നാല്‍ താമസിയാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നു പറയുക തന്നെ ചെയ്യും ഒക്‌സാന വിവോഡിന പറഞ്ഞു. താന്‍ ഇപ്പോഴും സുല്‍ത്താന്റെ ഭാര്യയാണെന്നും തങ്ങളുടെ മകന്‍ ഇസ്മയില്‍ ലിയോണ്‍ മലേഷ്യയുടെ രാജാവുമാകുമെന്നും ഒക്സാന പറയുന്നു. ഏറെ പുരോഗമന ആശയങ്ങള്‍ പിന്തുടരുകയും ഓക്‌സ്ഫഡില്‍ ഉന്നതപഠനം നടത്തുകയും സാഹസിക കായിക ഇനങ്ങളില്‍ താല്‍പര്യം കാണിക്കുകയും ചെയ്യുന്ന സുല്‍ത്താന്‍ മുഹമ്മദ് ജനരോഷം ഭയന്ന് ഭാര്യ ഒക്‌സാന വിവോഡിനയെ മൊഴി ചൊല്ലിയതു രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. 

ജനുവരിയിലാണ് സുല്‍ത്താന്‍ മുഹമ്മദ് പദവിയൊഴിഞ്ഞത്. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജാവ് സ്വയം സ്ഥാനമൊഴിഞ്ഞത്. മലേഷ്യയിലെ പല കായിക സമിതികളുടേയും അധ്യക്ഷ പദവി സുല്‍ത്താന്‍ മുഹമ്മദ് വഹിച്ചിരുന്നു. വിവാഹശേഷം ഒക്‌സാന റിഹാന ഒക്‌സാന പെട്ര എന്നു പേരുമാറ്റി. റിയാലിറ്റി ഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി നീന്തല്‍ക്കുളത്തില്‍  അര്‍ധ നഗ്നയായി ഒക്‌സാന ഇഴുകിചേര്‍ന്നു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും രാജകുടുംബത്തിന്റെ എതിര്‍പ്പുമാണ് വിവാഹമോചനത്തിന്റെ പ്രധാനകാരണങ്ങളായി സുല്‍ത്താന്‍ ചൂണ്ടിക്കാണിച്ചത്. മേയില്‍ ഒക്‌സാന ഇസ്മയില്‍ ലിയോണ്‍ എന്ന ആണ്‍കുട്ടിക്കു ജന്മം നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ ഒക്‌സാനയുമായി അകന്ന സുല്‍ത്താന്‍ മുഹമ്മദ് അവരുമായുള്ള വിവാഹബന്ധം മുത്തലാഖ് ചൊല്ലി വേര്‍പ്പെടുത്തി. മകന്‍ തന്റെയല്ലെന്നും പിന്തുടര്‍ച്ചാവകാശം നല്‍കില്ലെന്നും മുന്‍ രാജാവ് പറയുന്നു.

എന്നാല്‍ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വാദത്തെ മോസ്‌കോയില്‍ കഴിയുന്ന ഒക്‌സാന തള്ളി. പ്രസ്താവനയുടെ പേരില്‍ സുല്‍ത്താന്‍ മുഹമ്മദ് പരസ്യമായി ക്ഷമ പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് അദ്ദേഹം തയാറാവണമെന്നും ഒക്‌സാനയുടെ ഉറ്റ കൂട്ടുകാരി ലിലിയ നസ്തേവ പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്ക് ഒക്‌സാന വിവോഡിന സുല്‍ത്താനെ വെല്ലുവിളിക്കുകയും ചെയ്തു.  ജൂണ്‍ 2018 ല്‍ മോസ്‌കോയില്‍ സര്‍വ ആഡംബരങ്ങളോടെയായിരുന്നു  ഇവരുടെ വിവാഹം. ഒക്‌സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിതനാക്കിയത്. മലേഷ്യയിലെ കെലന്‍താനിലുള്ള ഇസ്ലാമിക കോടതി വിവാഹമോചനം ശരി വച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സുല്‍ത്താന്‍ മുഹമ്മദ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.

2004 ല്‍ തെങ്ഗു സുബൈദ തെങ്ഗു നൂറുദ്ദിന്‍ എന്ന തായ് യുവതിയെയാണ് സുല്‍ത്താന്‍ മുഹമ്മദ് ആദ്യമായി വിവാഹം ചെയ്തത്. 2008 ല്‍ ഇവരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ആദ്യവിവാഹത്തില്‍ രാജാവിന് കുഞ്ഞുണ്ടാകാതിരുന്നതാണ് ബന്ധം വേര്‍പെടുത്താന്‍ കാരണമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍, കുഞ്ഞ് പിറന്നിട്ടും ഒക്‌സാന വിവോഡിനയെ രാജാവ് ഉപേക്ഷിച്ചത് എന്തിനാണെന്ന് അറിയില്ലെന്നു കൊട്ടാരവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...