ഹോസ്റ്റലിലെ ഫോൺ വിലക്കിനെതിരെ പോരാടി; അഭിമാനം: ഫഹീമയെ വാഴ്ത്തി കുറിപ്പ്

shimna-fahima-20
SHARE

ലേഡീസ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെതിരെ പ്രതികരിച്ചതിന് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ പെൺകുട്ടിയെ തിരിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം. കോഴിക്കോട് ചേളന്നൂരിലെ ശ്രീനാരായണ കോളജ് വിദ്യാർഥിനി ഫഹീമ ഷിറിന്റെയും പിതാവിന്റെയും പോരാട്ടമാണ് വിജയം കണ്ടത്. മൊബൈൽ ഫോണും നെറ്റും ഉപയോഗിക്കാൻ അനുവദിക്കാത്തത്‌ വ്യക്‌തിയുടെ സ്വകാര്യതയിലേക്കും, വിദ്യ ആർജ്ജിക്കാനുള്ള അവകാശത്തിലേക്കുമുള്ള കടന്നുകയറ്റമാണ്‌ എന്ന് കോടതി ചൂണ്ടിക്കാട്ടി. 

കോടതി വിധിക്ക് പിന്നാലെ ഫഹീമയെ അഭിനന്ദിച്ചുള്ള ഡോ. ഷിംന അസീസിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ''പെണ്ണിനെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യങ്ങൾ പുറത്തുണ്ടെങ്കിൽ ആ സാഹചര്യങ്ങൾ പടിപടിയായി മാറാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്‌. അവൾക്കും അവകാശങ്ങളും കടമകളുമുണ്ട്‌. നോട്‌സും ടെക്‌സ്‌റ്റുമെല്ലാം പേപ്പറിൽ നിന്നും ഇലക്‌ട്രോണിക് മാധ്യമത്തിലേക്ക്‌ ചേക്കേറിയ കാലത്തും ഈ ജാതി 'സ്‌കൂൾ നിയമം' നടപ്പിലാക്കാൻ നോക്കിയ മാനേജ്‌മെന്റിന്‌ ഇത്‌ കിട്ടിയത്‌ നന്നായിപ്പോയി എന്നേ പറയാനുള്ളൂ''- ഷിം കുറിച്ചു. 

''ഒരു മാസത്തിലേറെയായി കശ്മീർ ജനത ആരോ തീരുമാനിച്ച മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബ്ലോക്കിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. അവിടെ നടക്കുന്നത് ഹീനമായ മനുഷ്യാവകാശ ലംഘനമാണ്. ഫഹീമ, നീ വലിയ ശരിയാണ്‌. ഇനിയും നിന്നെപ്പോലെ ശരിയുടെ ശബ്‌ദങ്ങളുണ്ടാകട്ടെ, ആവർത്തിച്ച്‌ മുഴങ്ങട്ടെ. അവകാശങ്ങൾ പുലരട്ടെ''- കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം: 

ലേഡീസ്‌ ഹോസ്‌റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെതിരെ പ്രതികരിച്ചതിന്‌ ഹോസ്‌റ്റലിൽ നിന്ന്‌ പുറത്താക്കപ്പെട്ട പെൺകുട്ടി ഫയൽ ചെയ്‌ത ഹർജിയിൽ വന്ന വിധി - " പതിനെട്ട്‌ കഴിഞ്ഞ വ്യക്‌തി മുതിർന്ന ആളാണ്‌. മൊബൈൽ ഫോണും നെറ്റും ഉപയോഗിക്കാൻ അനുവദിക്കാത്തത്‌ വ്യക്‌തിയുടെ സ്വകാര്യതയിലേക്കും, വിദ്യ ആർജ്ജിക്കാനുള്ള അവകാശത്തിലേക്കുമുള്ള കടന്നുകയറ്റമാണ്‌" എന്നതാണ്‌.

കോഴിക്കോട് ചേളന്നൂരിലെ ശ്രീനാരായണ കോളേജ്‌ വിദ്യാർത്‌ഥിനിയായ ഫഹീമ ഷിറിൻ പരാതിപ്പെട്ടതിൻമേൽ ആണ്‌ ഈ വിധി വന്നിരിക്കുന്നത്‌. മിടുക്കി, പ്രതികരിക്കാൻ ഭയന്ന്‌ നിന്നില്ലല്ലോ ! വൈകിട്ട്‌ 6-10 വരെ ഫോൺ ഉപയോഗിക്കരുതെന്ന നിയന്ത്രണം ജെന്റ്‌സ്‌ ഹോസ്‌റ്റലിൽ ഇല്ലെന്നും പരാതിയിലുണ്ട്‌. വലിയ അദ്‌ഭുതമൊന്നും തോന്നുന്നില്ല.

മിക്കവാറും എല്ലാ കോളേജ്‌ ഹോസ്‌റ്റലുകളിലും പെണ്ണിന്‌ കയറാൻ പരമാവധി എട്ടോ പരിസരത്തുള്ള ഒരു സമയക്കണക്കോ കാണും. വിചിത്രമെന്നോണം പഠിച്ച്‌ കഴിഞ്ഞ്‌ ജോലി കിട്ടിയ വർക്കിംഗ്‌ വിമൻസ്‌ ഹോസ്‌റ്റലിൽ അതിനും മുന്നേ ആറിന്‌ ഗേറ്റടക്കുന്നയിടങ്ങളുമുണ്ട്‌. ചോദിച്ചാൽ "അവരുടെ തന്നെ സുരക്ഷക്കല്ലേ?" എന്ന വളരെ മികച്ച മറുപടിയാകും കിട്ടുന്നത്‌. ഒരത്യാവശ്യം വന്നാൽ ക്ലോക്ക്‌ നോക്കി പുറത്തിറങ്ങാൻ സാധിക്കുമോ ഇല്ലയോ എന്ന്‌ ചിന്തിക്കേണ്ട ആണിനില്ലാത്ത അവകാശലംഘനമാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌.

പെണ്ണിനെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യങ്ങൾ പുറത്തുണ്ടെങ്കിൽ ആ സാഹചര്യങ്ങൾ പടിപടിയായി മാറാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്‌. അവൾക്കും അവകാശങ്ങളും കടമകളുമുണ്ട്‌. നോട്‌സും ടെക്‌സ്‌റ്റുമെല്ലാം പേപ്പറിൽ നിന്നും ഇലക്‌ട്രോണിക് മാധ്യമത്തിലേക്ക്‌ ചേക്കേറിയ കാലത്തും ഈ ജാതി 'സ്‌കൂൾ നിയമം' നടപ്പിലാക്കാൻ നോക്കിയ മാനേജ്‌മെന്റിന്‌ ഇത്‌ കിട്ടിയത്‌ നന്നായിപ്പോയി എന്നേ പറയാനുള്ളൂ.

കൂടെയൊന്ന്‌ കൂടി. ഇവിടെയൊരാൾ നേടിയ വിധി പറയുന്നത്‌ മൊബൈൽ ഫോണും നെറ്റും 'അവകാശം' എന്നാണ്‌. ഒരു മാസത്തിലേറെയായി കാശ്‌മീർ ജനത ആരോ തീരുമാനിച്ച മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബ്ലോക്കിൽ പുറംലോകവുമായി ബന്ധമേതുമില്ലാതെ കഴിയുന്നു. അവിടെ നടക്കുന്നത്‌ മറ്റൊന്നല്ല. ഇതിലും ഹീനമായ മനുഷ്യാവകാശലംഘനമാണ്‌. കൂട്ടത്തിൽ പറഞ്ഞുവെങ്കിലും, ഇതിലേക്ക്‌ ചേർത്ത്‌ കെട്ടാവുന്നതിലും നിഷ്‌ഠൂരമായ ഒന്ന്‌.

ഇന്നത്‌ കശ്‌മീരിലാണ്‌, നാളെ എവിടെയെന്നറിയില്ല. ശബ്‌ദിക്കാനറിയുന്നവർ നിശ്‌ചയമായും പ്രതീക്ഷയാണ്‌, ശബ്‌ദം ഉയർത്താൻ പഠിക്കുന്നവരാകേണ്ടത്‌ നിർബന്ധമെന്ന ഓർമ്മപ്പെടുത്തലുകളാണ്‌ ചുറ്റും.

ഫഹീമ, നീ വലിയ ശരിയാണ്‌. ഇനിയും നിന്നെപ്പോലെ ശരിയുടെ ശബ്‌ദങ്ങളുണ്ടാകട്ടെ, ആവർത്തിച്ച്‌ മുഴങ്ങട്ടെ. അവകാശങ്ങൾ പുലരട്ടെ.

അഭിമാനമാണ്‌ പെണ്ണേ നീ !

MORE IN SPOTLIGHT
SHOW MORE
Loading...
Loading...