ഉടമസ്ഥൻ ഉപേക്ഷിച്ചു; നടുറോഡിൽ ആളുകളെ ചുറ്റിച്ച് വളർത്തുനായ; കുരുക്ക്; കൗതുകം

dog-web
SHARE

 ഉടമസ്ഥൻ നഗര മധ്യത്തിൽ ഉപേക്ഷിച്ച വളർത്തുനായ ഇടം കണ്ടെത്തിയതു കൊല്ലം കോർപറേഷൻ പൊതുശുചിമുറിയുടെ കവാടത്തിൽ. സംഗതി ആൾക്കൂട്ടവും ഗതാഗതക്കുരുക്കുമായതോടെ പൊലീസെത്തി നായയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് മാറ്റി. പട്ടത്താനം സ്വദേശിയുടെ സെന്റ് ബർണാഡ് ഇനത്തിൽപ്പെട്ട രണ്ടര വയസ്സുള്ള പെൺനായയാണ് റോഡിലും ശുചിമുറിയിലുമായി കിടന്ന് ആളുകളെ വട്ടം ചുറ്റിച്ചത്. വീട്ടിലെ പ്രശ്നങ്ങളെ തുടർന്നു നായയുമായി നഗരത്തിലെത്തിയ ഉടമസ്ഥൻ അതിനെ കടപ്പാക്കടയിൽ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഈ നായ കൗതുകക്കാഴ്ചയായതോടെ പ്രദേശത്തു ജനക്കൂട്ടമായി. ഉടമസ്ഥന്റെ സുഹൃത്തായ കാവടിപ്പുറം സ്വദേശി എത്തിയെങ്കിലും നായ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ പൊലീസെത്തി ഓട്ടോയിൽ കയറ്റി തേവള്ളിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഉടമസ്ഥൻ ഉപേക്ഷിച്ചതിനെ തുടർന്നുള്ള വൈകാരിക പ്രശ്നങ്ങളാണു നായയ്ക്ക് ഉണ്ടായിരുന്നതെന്ന് ഇതിനെ പരിചരിക്കാൻ നേതൃത്വം നൽകിയ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ പറഞ്ഞു.

മഴ നനഞ്ഞതിന്റെ ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഫ്ലൂയിഡും വൈറ്റമിനും ടോണിക്കും കൊടുത്ത് അര മണിക്കൂർ ഫാനിന്റെ കീഴിൽ കിടത്തിയപ്പോൾ തന്നെ ഉഷാറായി ചാടിയെഴുന്നേറ്റ നായയെ ഉടമസ്ഥന്റെ കൂട്ടുകാരന്റെ പക്കൽ തന്നെ ഓട്ടോയിൽ കയറ്റി തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ.അജിത് ബാബുവിന്റെ നേതൃത്വത്തിൽ ജീവനക്കാരും പരിചരണത്തിൽ പങ്കാളികളായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...