കണ്ണില്ലാക്രൂരത; രാവും പകലും നിലവിളിച്ചു, രണ്ടാഴ്ച മുഴുപട്ടിണി; ഒടുവിൽ നിലച്ചു

shitzu-puppy
SHARE

വളർത്തുനായയെ ഭക്ഷണവും വെള്ളവും നൽകാതെ രണ്ടാഴ്ച വീട്ടുമുറിയിൽ പൂട്ടിയിട്ട് കൊടുംക്രൂരത. രണ്ടാഴ്ച രാവും പകലും നായയുടെ നിലവിളി കേട്ട ചിലർ വിവരമറിയിച്ചതനുസരിച്ച് മൃഗസ്നേഹികളെത്തുമ്പോഴേക്കും നായ‌് എഴുന്നേൽക്കാൻ പോലുമാകാതെ അവശനിലയിലെത്തിയിരുന്നു. മൃഗസ്നേഹികൾ ആംബുലൻസിൽ വെറ്ററിനറി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കരുണയുടെ കരങ്ങൾക്കു കാത്തുനിൽക്കാതെ വഴിമധ്യേ നായ‌് ചത്തു. ഉടമയ്ക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. 

കേരളവർമ കോളജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറിലെ വീട്ടിലാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നവർ കഴിഞ്ഞ നാലുമാസമായി വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്തിയിരുന്നതെന്നു വിവരമുണ്ട്. ഷിത്‍‌സു ഇനത്തിൽപ്പെട്ട ഒരു വയസ്സുള്ള നായയെയാണ് വീട്ടിൽ വളർത്തിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നായയെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നെന്നു പരിസരവാസികൾ പറയുന്നു.

മൃഗസ്നേഹി സംഘടനയായ പോവ്സിന്റെ കോ ഓർഡിനേറ്റർ പ്രീതി ശ്രീവൽസന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയെങ്കിലും ഗേറ്റും മുൻവാതിലും പൂട്ടിയനിലയിലായിരുന്നു. രണ്ടു മണിക്കൂറോളം ബഹളംകൂട്ടിയ ശേഷമാണ് വാതിൽ തുറക്കാൻ പോലും വീട്ടുകാർ തയാറായതെന്ന് ഇവർ പറയുന്നു. നായയെ പാർപ്പിച്ചിരുന്ന മുറി പുറത്തുനിന്നു പൂട്ടിയിരുന്നു.

പൊലീസ് സഹായത്തോടെ വാതിൽ തുറന്നെങ്കിലും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നായ‌്. പോവ്‌സിന്റെ തന്നെ ആംബുലൻസിൽ മണ്ണുത്തി മൃഗചികിത്സാ കേന്ദ്രത്തിലേക്കു നായയെ കൊണ്ടുപോയെങ്കിലും വഴിമധ്യേ ചത്തു. മൃഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരം നായയുടെ ഉടമസ്ഥയായ നെടുപുഴ തയ്യിൽ ബിസിലിക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. നായയുടെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർ നടപടി സ്വീകരിക്കും. 

ഓമനയാണ്, ഷിത്‌സു

നാലു മുതൽ ഏഴരക്കിലോ വരെ ഭാരം വരുന്ന ഓമന വളർത്തുനായ ഇനമാണ് ഷിത്‌സു. ചൈനീസ് ഭാഷയിൽ ഷിത്‌സു എന്നാൽ കുട്ടിസിംഹം എന്നാണർഥം. ടിബറ്റാണ് ഇവയുടെ ജന്മഭൂമി. കുരയും ദേഷ്യവും നന്നേ കുറവുള്ള ഇനമാണിത്. വീട്ടിനുള്ളിൽ വളർത്താൻ പറ്റിയ ഇനം. ഇവയെ പരിശീലിപ്പിക്കാനും എളുപ്പം. മുഖത്തെ രോമം വളർന്നു തൂങ്ങുന്ന വിധത്തിലായതിനാൽ ഡോഗ് ഷോകളിലെ പ്രിയതാരവുമാണിവർ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...