വീടുകളിൽ ചെരുപ്പ് മാറ്റിയിടുന്നത് കള്ളന്റെ 'ഹോബി'; ഒരു കുടുംബം കലങ്ങിയതിങ്ങനെ

variety-thief
SHARE

മോഷണം നടത്തുന്ന വീട്ടിലെ ചെരിപ്പു മാറ്റിവച്ച് കുടുംബം കുട്ടിച്ചോറാക്കിയ ജിജോ. മോഷണരീതി കൊണ്ടും സ്വഭാവ സവിശേഷത കൊണ്ടും വേറിട്ടുനിൽക്കുന്ന കള്ളനാണ് ജിജോ. കൊച്ചിനഗരത്തിലെ വ്യത്യസ്തനായ കള്ളന്റെ കഥയിങ്ങനെ; 

ഇടുക്കിക്കാരനായ മോഷ്ടാവ് ജിജോ, കാരണം കോഴിക്കോട് കൊടുവള്ളിയിലെ ഒരു കുടുംബം കുഴപ്പത്തിലായത് 4 വർഷത്തിലധികം. ജിജോയുടെ, നിർദോഷമെന്നു തോന്നാവുന്ന ഒരു ഹോബിയാണ് ഇവർക്ക് പാരയായത്. മോഷണം നടത്തുന്ന വീട്ടിലെയും തൊട്ടടുത്ത വീട്ടിലെയും ചെരിപ്പുകൾ പരസ്പരം മാറ്റിയിടുന്നതാണു ജിജോയുടെ ‘ഹോബി.’ വർഷങ്ങൾ നീണ്ട മോഷണങ്ങൾക്കൊടുവിലാണു ജിജോ പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽ, ഓരോ കേസും ജിജോ എണ്ണിയെണ്ണിപ്പറഞ്ഞു. കൂട്ടത്തിൽ, കോഴിക്കോട് കൊടുവള്ളിയിലേതും. 

അന്വേഷണത്തിന്റെ ഭാഗമായി ജിജോയെയും കൂട്ടി പൊലീസ് കൊടുവള്ളിയിലെ ഒരു വീട്ടിലെത്തി. 4 വർഷം മുൻപ്, ഈ വീട്ടിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചപ്പോഴും ജിജോ പതിവു തെറ്റിച്ചില്ല. ജിജോ മോഷണം നടത്തിയ ദിവസം വീട്ടിലെ, യുവതിയുടെ വിവാഹം കഴിഞ്ഞു മാസങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളു. നവവരനും വധുവും വധുവിന്റെ വീട്ടിലുള്ള ദിവസം. മറ്റൊന്നും കിട്ടാത്തതിനാൽ, മൊബൈൽ മോഷ്ടിച്ച ശേഷം ജിജോ ഹോബി ആവർത്തിച്ചു. വധുവിന്റെ ചെരിപ്പ് തൊട്ടടുത്ത വീട്ടിലും അവിടത്തെ യുവാവിന്റെ ചെരിപ്പു വധുവിന്റെ വീട്ടിലും കൊണ്ടിട്ടു. പിറ്റേന്നു സംഭവം ആകെ പുകിലായി. പിന്നീടു വധുവും വരനും രണ്ടിടത്തായി ജീവിതം. കള്ളൻ ചെന്നു സത്യം പറഞ്ഞതോെട ഭർത്താവിന്റെ സംശയം മാറി. ഇരുവരും ഒരുമിച്ചു. 

മറ്റൊരിടത്ത്, അയൽപക്കത്ത് ഒരുമയോടെ ജീവിച്ച സഹോദരന്മാരാണു ജിജോ കാരണം തമ്മിൽതല്ലിയത്. ചെരിപ്പുകൾ പരസ്പരം മാറ്റിയിട്ടതോടെ, മോഷണം നടത്തിയതു സഹോദര പുത്രനാണെന്നായി പരാതി. ഇതിന്റെ പേരിൽ ജ്യേഷ്ഠാനുജന്മാർ ശത്രുക്കളായി കഴിഞ്ഞത് 4 വർഷം. ജിജോ തന്റെ സ്വഭാവം മാറ്റിയിട്ടുണ്ടാകാനിടയില്ല. അയൽപക്കത്തെ ചെരിപ്പുകളുടെ പേരിൽ വഴക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്: പരിസരത്തു ജിജോ മോഷ്ടിക്കാനെത്തിയിട്ടുണ്ടോയെന്നു കൂടി പരിശോധിക്കുക. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ജിജോയ്ക്ക്. സ്വന്തം കേസ് സ്വയം വാദിക്കും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...