മാരത്തണ്‍ ലൈവ്; ഒറ്റരാത്രി പുലര്‍ന്നപ്പോള്‍ ആ പെണ്‍കുട്ടിക്ക് ജീവിതമായി: നന്‍മ

sudhanth-live
SHARE

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആകെ ചര്‍ച്ച ഒരു മാരത്തോണ്‍ ൈലവിനെ കുറിച്ചാണ്. ആറു മണിക്കൂറിലധികം സമയം നീണ്ട ലൈവ്, 4 മണിക്കൂറിന് ശേഷം ഒാട്ടോമാറ്റിക് ബ്രേക്ക് വന്നിട്ടും നിമിഷാര്‍ധം പോലും പാഴാക്കാതെ വീണ്ടും ൈലവില്‍ വന്നു. പുലര്‍ച്ചെ നാല്  മണിക്ക് ലൈവ് അവസാനിപ്പിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ കെട്ടുതാലിയും ഇഷ്ടജീവിതവും അറ്റുപോകാതെ സംരക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ്. 


രാത്രി 9.45നാണ് സുശാന്ത് നിലമ്പൂര്‍ ലൈവിലെത്തുന്നത്, തൃശ്ശൂരിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തികൊടുക്കാന്‍ കുറച്ചു സ്വര്‍ണം വേണം, ഇല്ലെങ്കില്‍ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തേക്കും എന്നായിരുന്നു ലൈവിന്റെ ഉള്ളടക്കം. തുടക്കത്തില്‍ പലരുടെയും പ്രതികരണം വളരെ മോശമായിരുന്നു. തട്ടിപ്പാണെന്നും സ്വന്തം കാര്യത്തിനാണെന്നും പലരും കമന്റ് െചയ്തു. ഇത്തരം സഹായം അഭ്യര്‍ഥിക്കുന്നവരുടെ സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കാറില്ല. പക്ഷെ ഗത്യന്തരമില്ലാതെ ആ ലൈവില്‍ പെണ്‍കുട്ടിയുടെ സഹോദരിയെ ഫോണില്‍ കൊണ്ടുവന്നു. കാര്യങ്ങള്‍ അവര്‍ നേരിട്ട് വിവരിച്ചതോടെ കുറേപ്പേര്‍ക്ക് ബോധ്യമായി. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് പണം വരാന്‍ തുടങ്ങി.


ആ മാരത്തണ്‍ അനുഭവം സുശാന്ത് നിലമ്പൂര്‍ പറയുന്നു: രോഗികളെ സഹായിക്കാനും മറ്റ് അടിന്തിര പ്രശ്നങ്ങള്‍ക്കും സഹായം ഒഴുകുന്നതുപോലെ വിവാഹകാര്യങ്ങള്‍ക്ക് ആരും പണം നല്‍കാറില്ല. വിവാഹധൂര്‍ത്തിനെതിരെയും സ്ത്രീധനത്തിനെതിരെയും നിലപാടുകളറിയിച്ച് ഒഴിവാകുകയാണ് പതിവ്. അതുകൊണ്ട് തന്നെ ആവശ്യമായ പണം ഈ അവസാനമണിക്കൂറില്‍ കണ്ടെത്താനാകും എന്ന പ്രതീക്ഷപോലും ഉണ്ടായിരുന്നില്ല. നാളെ കല്യാണമാണ്. സ്വര്‍ണമില്ലെങ്കില്‍ കല്യാണം മുടങ്ങും ഉറപ്പ്. ആദ്യം ഇക്കാര്യം അറിയിച്ച് സഹായമഭ്യര്‍ഥിച്ചത് പെണ്‍കുട്ടി നേരിട്ട് വിളിച്ചാണ്. രാത്രി 8 മണി ആയിക്കാണും, സഹായിക്കാന്‍ വഴിയില്ലെന്ന് തീര്‍ത്ത് പറഞ്ഞ് കോള്‍ കട്ട് െചയ്തു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അതേ നമ്പറില്‍ നിന്നും കോള്‍ വന്നു. ഇത്തവണ വധുവിന്റെ സഹോദരിയാണ് വിളിച്ചത് "അവള്‍ മുറിപൂട്ടി ഒറ്റകിടപ്പാണ്" സഹായിക്കണമെന്ന് വീണ്ടും കരഞ്ഞപേക്ഷിച്ചു. അങ്ങിനെയാണ് സഹായം കിട്ടുമെന്ന് ഒരുറപ്പും ഇല്ലാതെ രാത്രി ഏറെ വൈകി സുശാന്ത് ലൈവിലെത്തുന്നത്. പ്രതീക്ഷിച്ച പോലെ പലരും സംശയം ഉന്നയിച്ചു. തട്ടിപ്പുകള്‍ ധാരാളം നടക്കുന്നതിനാല്‍ സുതാര്യമല്ലാത്ത ഒന്നും വിജയിക്കില്ല, കുടുംബത്തെ ൈലവില്‍ കൊണ്ടുവന്നതും സുതാര്യത ഉറപ്പാക്കാനായിരുന്നു.

നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 1.5 ലക്ഷം രൂപ അക്കൗണ്ടിലെത്തി. ഏകദേശം 5 പവന്‍ സ്വര്‍ണം വാങ്ങാനുള്ള പണം. പക്ഷെ 4 മണിക്കൂര്‍ ആയപ്പോള്‍ ലൈവ് കട്ടായി. വീണ്ടും ലൈവിലെത്തി, പത്തു പവന്‍ സമാഹരിക്കണം, ലൈവ് തുടര്‍ന്നു, ക്ഷീണവും ഉറക്കവും പ്രകടമായിരുന്നു. അതിനിടെ എവിടെ നിന്നോ ഒരു ഭാര്യയും ഭര്‍ത്താവും ലൈവില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ഭക്ഷണവുമായി  തിരഞ്ഞെത്തി. നല്ല വിശപ്പുണ്ടായിരുന്നു, അവര്‍ നല്‍കിയ ഭക്ഷണം കഴിച്ചു. ആത്മാര്‍ഥത കണ്ടിട്ടാവണം അവസാനമണിക്കൂറുകളില്‍ സഹായമെത്തുന്നതിന്റെ വേഗത കൂടി. ആറായിരത്തിലധികം ആളുകള്‍ ലൈവ് ഷെയര്‍ ചെയ്തു. 3 ലക്ഷം രൂപ സമാഹരിച്ചു. 4 മണിക്ക് ലൈവ് കട്ടാക്കി, തൃശ്ശൂരിലേക്ക് തിരിച്ചു. കൂടെ മൂന്ന് ചെറുപ്പക്കാര്‍ എടവണ്ണയില്‍ നിന്നും പൂവ്വത്ക്കലില്‍ നിന്നും ഒപ്പം കൂടി. രാവിലെ തൃശ്ശൂരിലെത്തി പരിചയക്കാരനായ ജ്വല്ലറി ഉടമ വഴി സ്വര്‍ണ്ണം നേരിട്ടുകൊടുത്തു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പറയാനാകില്ല .പുര നിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളെ കെട്ടച്ചയക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബം, അമ്മ കിടപ്പിലാണ്. കൂലിപണിക്കാരനായ അച്ഛന് മക്കളുടെ വിവാഹം നടത്താനുള്ള പാങ്ങില്ല. തരാമെന്ന് പറഞ്ഞവര്‍ കൈയ്യൊഴിഞ്ഞപ്പോള്‍ തലേ ദിവസം രാത്രിയാണ് സ്വര്‍ണം കിട്ടില്ലെന്ന വിവരം അച്ഛന്‍ കുടുംബത്തെ അറിയിക്കുന്നത്. ഒരു തരത്തിലും കാര്യങ്ങള്‍ നടക്കില്ലെന്നുറപ്പായപ്പോഴാണ് പെണ്‍കുട്ടി സുശാന്തിനെ ബന്ധപ്പെടുന്നത്. സ്വര്‍ണവും പണവും നല്‍കിയുള്ള വിവാഹങ്ങള്‍ മാമൂലായതാണ് ഇത്തരം കുടുംബങ്ങളുടെ കണ്ണീരിന്റെ കാരണം. സമൂഹമാധ്യമങ്ങളുടെ സ്വാധീനം വര്‍ധിച്ചതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനസ്യൂതം നടക്കുന്നുണ്ട്. 

സെന്‍സറിങ് ഇല്ലാത്ത മാധ്യമപ്രവര്‍ത്തനശൈലിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവം. പക്ഷെ ചില നല്ലകാഴ്ചകള്‍ കാണാതെ പോകരുതല്ലോ ?  നന്മകള്‍ കച്ചവടമാകുന്നുവെന്ന ആരോപണങ്ങള്‍ ധാരളം ഉണ്ട്.പക്ഷെ സുശാന്തിന്റെ ഈ ലൈവിന് ലൈക്ക് നൂറ് മേനിയാണ്. ഒറ്റരാത്രി വെളുക്കുമ്പോഴേക്കും വെളിച്ചംവീണത് ഒരു കുടുംബത്തിലും പെണ്‍കുട്ടിയുടെ ജീവിതത്തിലുമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...