'മൂടിപ്പുതച്ചൊക്കെ വേണം അവന്മാരുടെ മുന്നിൽ ചെല്ലാൻ'; ഈ വെറുപ്പിനിടയിലും നന്മയായ ടീച്ചർ

teacher-06
SHARE

സ്കൂൾ ജീവിതത്തിൽ അറിവിന്റെ നല്ല പാഠങ്ങള്‍ പറഞ്ഞുതന്ന അധ്യാപകരെ ഓർത്ത് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയില്‍ കുറിപ്പുകളെഴുതിയത്. അത്തരമൊരു അധ്യാപികയെക്കുറിച്ച് മനസ്സുതുറക്കുകയാണ് കൗൺസിലറും സൈക്കോളജിസ്റ്റുമായ കലാ മോഹൻ. ഒരധ്യാപിക എങ്ങനെ ആകണമെന്ന് തെളിയിച്ച ആ വ്യക്തിത്വത്തോടുള്ള ആദരമാണ് കുറിപ്പെന്ന് കല പറയുന്നു. 

കുറിപ്പ് വായിക്കാം:

ഒരു അദ്ധ്യാപിക എങ്ങനെ ആകണമെന്ന് ഞാൻ നോക്കി കണ്ടു പഠിച്ച ഒരാളുണ്ട്..പത്താം തരം വരെ മാനേജ്മെന്റ് സ്കൂളിൽ പഠിച്ചിറങ്ങിയ എനിക്ക്, ഉള്ളിൽ തട്ടിയ സ്നേഹം ഉണ്ടായിരുന്ന ഒരു ടീച്ചർ പോലും ഇല്ലായിരുന്നു.. അതെന്റെ നിർഭാഗ്യം.. കോളേജിൽ എത്തിയ ശേഷമാണ് അങ്ങനെ ഒരു ഭാഗ്യം എനിക്കുണ്ടായത്..

മാനേജ്മെന്റ് സ്കൂളുകളിൽ തന്നെയായിരുന്നു ആദ്യം കൗൺസിലർ ഉദ്യോഗം നോക്കിയിരുന്നത്.. അവിടെ നിന്നും, സർക്കാരിന്റെ ഒരു പ്രോജെക്ടിൽ പ്രവേശിച്ചു.. അധികവും കൂലിവേല ചെയ്തു ജീവിക്കുന്ന, മാതാപിതാക്കളുടെ മക്കളായിരുന്നു അവിടെ.. അനാഥമന്ദിരങ്ങളിലെ കുഞ്ഞുങ്ങൾ, അച്ഛനും അമ്മയും നോക്കാതെ വഴി വിട്ടലയുന്ന കുട്ടികൾ ഒക്കെ ഉള്ള ഒരു സമൂഹം.. അവിടെ നിന്നാണ് എന്റെ കാഴ്ചപ്പാടുകളെയും ചിന്തകളെയും മാറ്റി മറിച്ച അനുഭവങ്ങളുടെ തുടക്കം..

ആദ്യമായി ആ സ്കൂളിൽ എത്തിയ എനിക്ക്, റാഗിങ് പോലെ ഒരു അനുഭവം സീനിയർ അദ്ധ്യാപികയിൽ നിന്നും ഉണ്ടായി..

""കൊച്ചേ, ഇവിടത്തെ പിള്ളേരൊക്കെ കൂറകൾ ആണ്, അവന്മാരുടെ മുന്നില് ചെന്നു നില്കുമ്പോ മൂടി പൊതച്ചൊക്കെ വേണം.. ""

അപമാനം കൊണ്ട് ഞാൻ വല്ലാതായി.. താൻ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ കുട്ടികൾ, കൂറകൾ ആണെന്ന് ഒരു അദ്ധ്യാപിക പറയുക.. അതിലുപരി എന്റെ രൂപത്തിന് പ്രശ്നം ഉണ്ടെന്നു ചൂണ്ടി കാണിക്കുക.. രണ്ടും അവരിൽ എനിക്ക് വെറുപ്പുണ്ടാക്കി..

ഇല്ല കലാ, എന്റെ പിള്ളേരൊക്കെ നല്ലവരാണ്.. അവരുടെ ജീവിതം അവരെ തെറ്റുകളിൽ നീക്കിയാലും നമ്മള് വിചാരിച്ചാൽ, സ്നേഹം കൊടുത്താൽ നേരെ കൊണ്ട് വരാം.. ''മിനി ടീച്ചർ ന്റെ വാക്കുകൾ.. അതിസുന്ദരി ആണവർ.. ആ സൗന്ദര്യം വാക്കുകളിലും പടർന്നിരുന്നു.. അതു സത്യമാണെന്നു, അവിടെ ഉണ്ടായിരുന്ന ആറു വർഷവും ഞാൻ അനുഭവിച്ചു..

കുട്ടികൾക്ക്, അവർ അമ്മയാണ്.. തെറ്റ് കണ്ടാൽ, യാതൊരു ദാക്ഷണ്യവും ഇല്ലാതെ ശിക്ഷിക്കും.. പക്ഷെ കുഞ്ഞുങ്ങൾക്ക് പരാതി ഇല്ല..ഒരു ദിവസം, വളരെ മോശമായ പ്രവർത്തികൾ ചെയ്ത ഒരു കൂട്ടം പത്താം ക്ലാസ്സുകാരെ അവർ അടിച്ചു.. ദേഹത്ത് പാടും വീണു.. പാഷാണത്തിൽ കൃമികൾ എവിടെയും ഉണ്ടല്ലോ.. വിവരം അറിഞ്ഞു, ഓടി എത്തി പത്രക്കാരൻ!

ഞങ്ങളുടെ ടീച്ചർ ഞങ്ങളുടെ അമ്മയാണ്.. ഞങ്ങളുടെ അമ്മ അടിക്കും, തൊഴിക്കും.. നീയൊക്കെ ആരാടാ.. അലറി വിളിക്കുന്നു കുട്ടികളുടെ ഇടയിൽ നിന്നും അയാൾ എങ്ങനെയോ രക്ഷപെട്ടു..എന്നെ അതിശയിപ്പിച്ച ഒരു വ്യക്തിത്വം ആയിരുന്നു അതു..

അദ്ധ്യാപികമാർ കോട്ട് ഇടണം അല്ലേൽ ആൺകുട്ടികൾക്ക് വല്ലായ്മ ഉണ്ടാകും എന്ന് പറഞ്ഞു, ശരീരം മൂടിക്കുന്ന മാനേജ്മെന്റ് സ്കൂളുകൾ ഇന്ന് ധാരാളമാണ്.. 

ഈ പറയുന്ന വല്ലായ്മ നേരിട്ടു കണ്ടു കരഞ്ഞിറങ്ങിയ അധ്യാപികമാരെ സമാധാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്..

മിനി ടീച്ചർ ന്റെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞു ഒരുപാട് പരിഹസിച്ചിട്ടുള്ള പലരെയുംക്കാൾ, എത്ര കുരുത്തം കെട്ട ചെക്കന്മാരും നിഷ്കളങ്കതയോടെ അവരെ സമീപിക്കുന്നത് അഭിമാനത്തോടെ നോക്കിനിന്നിട്ടുണ്ട്..

ടീച്ചർ ന്റെ കൊഴുത്ത ശരീരവും വസ്ത്ര ധാരണവും അല്ല, അവരുടെ മനോഭാവവും സമീപനവുമാണ് കുട്ടികളിൽ അദ്ധ്യാപകരോടുള്ള ചിന്താരീതിക്ക്‌ പ്രശ്നം ഉണ്ടാക്കുന്നത് എന്ന് ഹൃദയത്തിൽ ഉറപ്പിച്ചു.. വയലിൽ നിൽക്കുന്ന കരിങ്കോലങ്ങളുടെ അടുത്ത് കാക്കകൾ പോകാത്തത് ബഹുമാനം കൊണ്ടല്ല.. 

ഭയന്നാണ്.. അദ്ധ്യാപകർ അങ്ങനെ ആകരുത്.. കുട്ടികൾക്ക് ഉള്ളിൽ തട്ടിയ സ്നേഹവും ബഹുമാനവും എങ്ങനെ ഉണ്ടാകും എന്നതിന്റെ എന്റെ പാഠപുസ്തകം ആയിരുന്നു അവർ..

റാങ്ക് വാങ്ങി പഠിച്ചു ടീച്ചർ ആയ പലരെയുംക്കാൾ കുട്ടികൾക്ക് ഇഷ്‌ടവും മിനി ടീച്ചർ ന്റെ പഠിപ്പിക്കൽ രീതി ആയിരുന്നു.. അദ്ധ്യാപകൻ ഒരു കലാകാരൻ കൂടി ആകണം.. പഠിപ്പിക്കൽ എന്നത് ഒരു കലയാണ്..

അധ്യാപകർക്ക് ഇടയിലെ പാര വെയ്പ്പ്, എല്ലായിടത്തെയും എന്ന പോൽ, ഇവടെയും ഉണ്ടായിരുന്നു.. ഭൂരിപക്ഷം നല്ലവർക്കിടയിൽ എല്ലായിടത്തും ചില വ്യക്തികൾ ഉണ്ടാകുക സാധാരണം.. എല്ലാ മേഖലയിലും ഉള്ളത് തന്നെ.. ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളവരോടും പ്രശ്നം വരുമ്പോൾ, 

അവരുടെ കൂടെ ഏത് അറ്റത്തും പോയ്‌, സഹായം ചെയ്യുന്ന അവരോടു ഞാൻ അതു തുറന്നു ചോദിച്ചിട്ടുണ്ട്.. ടീച്ചർനെ പറ്റി എന്തൊക്കെ പറഞ്ഞതാണ് !!

അതൊക്കെ അവരുടെ രീതി.. നമ്മുടെ നമ്മുക്കും.. അതാകും മറുപടി..

ഉയർന്ന മാർക്ക് വാങ്ങി പഠിച്ചിറങ്ങുന്ന എത്രയോ ആളുകളുണ്ട്..Iq level ഉയരത്തിൽ നിൽക്കുന്ന അവരുടെ പ്രശ്നം പലപ്പോഴും eq വിന്റെ അഭാവമാണ്.. 

അതൊരു തന്റേടം കൂടി ആണ്.. ആത്മാവിന്റെ ഭാഷയിൽ കുട്ടികളോട് സംവദിക്കുവാനുള്ള കഴിവൊരു പുണ്യമാണ്.

.അദ്ധ്യാപകന്റെ കുപ്പായം ഇട്ടു എങ്ങനെയോ ജോലി നോക്കി പെൻഷൻ ആയാൽ പോരാ, അദ്ധ്യാപകൻ ആയി തീരുകയും വേണം..സഹപ്രവർത്തകരോട് ഒത്തുപോകാത്തവർ എങ്ങനെ, കുട്ടികളെ ഒത്തു ഒരുമയിൽ കൊണ്ട് പോകും?

എല്ലാ അദ്ധ്യാപകർക്കും എന്റെ കൂപ്പു കൈ

എന്നെ ജീവിതത്തിന്റെ പുതിയ മുഖങ്ങൾ കാണിച്ചു തന്ന നന്മ മരമായ, മിനി ടീച്ചർ( V.N.മിനി ) നോട് എന്നും സ്നേഹം...

ഇപ്പോഴത്തെ ആണ്പിള്ളേര് ശെരിയല്ല ,ടീച്ചർ അവർക്ക് വെറും ശരീരം ആണെന്ന് ചിലരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ, 

എനിക്കതു ഉൾകൊള്ളാൻ ആകില്ല.. എന്റെ അനുഭവങ്ങൾ നേരെ മറിച്ചാണ്.. അതല്ലാതെ ഒരു സങ്കടം ഉണ്ടായാൽ, അന്ന് ഒഴിയും ഞാൻ എന്റെ ടീച്ചർ പദവി..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...