ഹെൽമറ്റ് വച്ചില്ലെങ്കിൽ 3 മാസം ലൈസൻസ് ‘കട്ട്’; പ്രവാസികൾക്കും ‘പുതുക്കൽ’ തിരിച്ചടി

road-rules
SHARE

ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം. പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. കാറിൽ 14 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ 1000 രൂപ പിഴ. കുട്ടികൾക്കു പ്രത്യേക സീറ്റ് ഇല്ലാതെ യാത്രയ്ക്കും പിഴ 1000 രൂപ. എല്ലാ നിയമലംഘനങ്ങൾക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങൾക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കിൽ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വർഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വർഷമായി ചുരുക്കി. അതു കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക. 

അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുൻപേ ലൈസൻസ് പുതുക്കാമായിരുന്നത് ഇനി ഒരു വർഷം മുൻപേ പുതുക്കാം. പുതുക്കുന്ന ലൈസൻസിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാൻസ്പോർട്ട് വാഹന ലൈസൻസ് കാലാവധി 3 വർഷമായിരുന്നത് 5 വർഷമാക്കി. ലൈസൻസ് പുതുക്കൽ സുഗമമാക്കാൻ നടപടികൾ പൂർണമായും ഓൺലൈൻ വഴിയാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

പുതുതായി ഉൾപ്പെടുത്തിയവ ഉൾപ്പെടെ ചില പ്രധാന നിയമലംഘനങ്ങളും പിഴയും:

 

∙ റജിസ്ട്രേഷനില്ലാതെ വാഹന ഉപയോഗം: ആദ്യ തവണ 2000– 5000 രൂപ പിഴ; രണ്ടാം തവണ ഒരു വർഷം വരെ തടവോ 500 – 10,000 രൂപ വരെയോ പിഴ.

 

∙ റജിസ്ട്രേഷന് അപേക്ഷ നൽകാതിരുന്നാൽ (ഉടമ): വാർഷിക റോഡ് നികുതിയുടെ അഞ്ചിരട്ടിയോ ആജീവനാന്ത നികുതിയുടെ മൂന്നിലൊന്നോ (ഏതാണോ അധികം)

 

∙ റജിസ്ട്രേഷന് അപേക്ഷിക്കാതിരുന്നാൽ (ഡീലർ):  വാർഷിക റോഡ് നികുതിയുടെയോ ആജീവനാന്ത നികുതിയുടെയോ 15 ഇരട്ടി (ഏതാണോ അധികം)

 

∙ വാഹനത്തിന്റെ വശങ്ങളിലേക്കോ മുൻ, പിൻഭാഗങ്ങളിലേക്കോ ലോഡ് തള്ളിനിന്നാൽ: 20,000 രൂപയും അധിക ലോഡ് ഇറക്കാനുള്ള ചെലവും.

 

∙ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സർവീസ് വാഹനങ്ങൾക്ക് തടസ്സം: 10,000 രൂപയോ 6 മാസം വരെ തടവോ

 

∙ റോഡ് നിർമാണത്തിലെ അപാകത അപകടകാരണമായാൽ – ഒരു ലക്ഷം രൂപ വരെ.

 

∙ നിർമാണപ്പിഴവ്, അനധികൃത രൂപാന്തരവും വിൽപനയും: ഒരു വർഷം വരെ തടവ് അല്ലെങ്കിൽ ഒരു ലക്ഷം രൂപ വീതം പിഴ (നിർമാതാക്കൾക്ക്)

 

∙ വാഹനത്തിന് നിയമവിരുദ്ധ രൂപാന്തരം: ആറു മാസം വരെ തടവോ 5000 രൂപ വീതം പിഴയോ

 

∙ വാഹനങ്ങൾക്കു നിശ്ചിത പരിധിയിലും വലുപ്പം: 5000 രൂപ

 

∙ റോഡ് നിയന്ത്രണങ്ങളുടെ ലംഘനം: 500 രൂപ

25,000 രൂപയുടെ വണ്ടി, 47,500 രൂപ പിഴ

പുതിയ നിയമം ബാധകമാക്കിയ ശേഷമുള്ള ആദ്യ 4 ദിവസം ഏറ്റവുമധികം പിഴ ഈടാക്കിയത് ഒഡീഷയിൽ– 88,90,107 രൂപ. ഹരിയാനയിൽ 52,32, 650 രൂപ.  ഭുവനേശ്വറിൽ ഒരാഴ്ച മുൻപ് 25,000 രൂപയ്ക്കു വാങ്ങിയ സെക്കൻഡ് ഹാൻഡ് ഓട്ടോയിൽ രേഖകളില്ലാതെ മദ്യപിച്ചു പോയ ആൾക്കു പിഴ 47,500 രൂപ . ഹരിയാനയിൽ 15,000 രൂപയ്ക്കു വാങ്ങിയ ഇരുചക്രവാഹനത്തിൽ രേഖകളും ഹെൽമറ്റും ഇല്ലാതെ പോയതിനു കിട്ടിയത് 23,000 രൂപ പിഴ. സിഗ്നൽ ലംഘിക്കുകയും രേഖകളില്ലാതെ വാഹനം ഓടിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്കു കിട്ടി 37,000 രൂപ പിഴ.

നടപ്പാക്കില്ലെന്ന് 6 സംസ്ഥാനങ്ങൾ

ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങൾ നിയമം തൽക്കാലം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചു. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ഓരോ സംസ്ഥാനവും വിജ്ഞാപനം ഇറക്കണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...