പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം; പേടിക്കണം ‘വിഷ’വൈദ്യത്തെ

snake-bite1
SHARE

തിരുവനന്തപുരം : പാമ്പു കടിയേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള മരുന്ന് 10 കിലോമീറ്ററിനുള്ളിൽ ലഭ്യമായിരുന്നിട്ടും അനിഷ്മ മരിച്ചത് എങ്ങനെ?  വ്ലാത്തങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽ–മെറ്റിൽ ദമ്പതികളുടെ മകൾ വീട്ടിൽ ഉറങ്ങിക്കിടന്ന പ്ലസ്ടു വിദ്യാർഥി അനിഷ്മയെ ജനലിലൂടെ  കടന്ന പാമ്പ്  കടിക്കുകയായിരുന്നു.

വീടിനടുത്തുള്ള വിഷവൈദ്യൻ നൽകിയ പച്ചമരുന്നും കഴിച്ചു വീട്ടിൽ എത്തിയെങ്കിലും അനിഷ്മയുടെ സ്ഥിതി വഷളായി. സമീപത്തെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രതിവിഷം സൂക്ഷിച്ചിരിക്കുമ്പോഴാണു വീട്ടുകാർ വൈദ്യരെ തേടിപ്പോയത്.  അവശയായ അനിഷ്മയെ രാത്രി 1.25ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയിൽ വച്ചു മരണം സംഭവിക്കുകയായിരുന്നു.

ആന്റിവെനം ഉണ്ട്, ആശുപത്രികളിൽ

ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം ആന്റിവെനം ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം, നെയ്യാറ്റിൻകര, നെടുമങ്ങാട്, പേരൂർക്കട ജനറൽ ആശുപത്രികൾ, ചിറയിൻകീഴ്, വർക്കല, ആറ്റിങ്ങൽ, പാറശാല, നേമം, ഫോർട്ട്, മലയിൻകീഴ്, വിതുര താലൂക്ക് ആശുപത്രികൾ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ്. 

ചികിത്സ ശാസ്ത്രീയമാകണം 

പാമ്പു കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നതു സ്ഥിതി ഗുരുതരമാക്കുമെന്ന് എറണാകുളം സൺറൈസ് ആശുപത്രിയിലെ ഡോ.രാജീവ് ജയദേവൻ. പരിഭ്രാന്തിയിലൂടെ രോഗിയുടെ രക്തചംക്രമണം കൂടുമ്പോൾ വിഷം വേഗത്തിൽ വ്യാപിക്കും. 

വിഷമേറ്റാൽ  ലക്ഷണങ്ങൾ?

കടിച്ച ഇടത്ത് കാര്യമായ മുറിവുണ്ടായെന്നു വരില്ല. ഛർദിയാണു പൊതുവെയുള്ള ആദ്യ ലക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ എന്നിവയുടെ വിഷമേറ്റാൽ മങ്ങിയ കാഴ്ച, കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. കടിയേറ്റു മൂന്നു മണിക്കൂറിനുള്ളിൽ ചികിത്സ നൽകിയില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാവുകയും പേശികൾ പൂർണമായി തളർന്നു പോവുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും.

അണലി പോലുള്ള പാമ്പുകൾ കടിച്ചാൽ മൂത്രനാളി, മോണ, മൂക്ക് എന്നിവയിൽനിന്നു രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദനയും നീരും ഉണ്ടാകും. ചികിത്സ വൈകിയാൽ ഹൃദയത്തിലും തലച്ചോറിലും ശ്വാസകോശത്തിലും  രക്തസ്രാവം ഉണ്ടായേക്കാം. . അണലി വിഷബാധയാണ് ഇന്ത്യയിൽ പാമ്പു കടി മൂലമുള്ള ഏറ്റവുമധികം മരണങ്ങൾ ഉണ്ടാക്കുന്നത്.

എന്തൊക്കെ ചെയ്യാം, ചെയ്യരുത്..

പാമ്പുകടിയേറ്റ ഭാഗത്തിനു മുകളിൽ ചരട് ഉയോഗിച്ചു കെട്ടുക, മുറിവിൽ നിന്നു രക്തം ഊറ്റിക്കളയകുക എന്നിവ ശരിയായ പ്രവൃത്തികളല്ല. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെവരുന്ന രീതിയിൽ പിടിച്ചാൽ വിഷം പടരുന്നതു കുറയും. മുറിവേറ്റഭാഗത്തു നീരുവന്നു തടിക്കാൻ സാധ്യതയുള്ളതിനാൽ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.

വ്യാപിക്കാതിരിക്കാൻ 

4 ഇഞ്ച് വീതിയുള്ള പരുപരുത്ത തുണി ഉപയോഗിച്ചു മുറിവു കെട്ടാം. പൊതിയുമ്പോൾ പെരുവിരൽ കയറ്റത്തക്കവിധം അയവ് ഉറപ്പാക്കണം. മുറിവിൽ ഐസ്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ പുരട്ടുന്നതും ഇലക്ട്രിക് ഷോക്കോ, പൊള്ളലോ ഏൽപ്പിക്കുന്നതും  പ്രയോജനം ചെയ്യില്ല. പാമ്പുകടിയേറ്റ ആളെ നടത്താൻ പാടില്ല.കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇടതു വശം ചരിഞ്ഞു കിടക്കുന്നതാണ് ഏറ്റവും ഉചിതം: 

നാട്ടുചികിൽസ ഫലിക്കും ‘ഡ്രൈ ബൈറ്റ്സി’ൽ

ആന്റിവെനം കുത്തിവയ്പ് ആരംഭിച്ചതോടെ ലോകത്തു പാമ്പുകടിയേറ്റുള്ള മരണനിരക്ക് 50 ശതമാനത്തിൽ നിന്ന് 5% വരെയായി. ലോകത്ത് എല്ലായിടത്തും പാമ്പു വിഷബാധയ്ക്കു പല തരം പച്ചമരുന്നുകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഫലസിദ്ധി  തെളിയിക്കപ്പെട്ടിട്ടില്ല. പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം ചികിത്സയാണു  ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത്. കടിക്കുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയാവണമെന്നില്ല. 

വിഷപ്പാമ്പുകൾ  കടിക്കുമ്പോൾ എല്ലായ്പോഴും വിഷം ഏൽക്കണം എന്നുമില്ല. ഇതിനെ ‘ഡ്രൈ ബൈറ്റ്സ്’ എന്നാണു പറയുന്നത്. കടിയേൽക്കുന്ന പകുതി കേസുകളും ഇത്തരത്തിൽ ഡ്രൈ ബൈറ്റ്സ് ആണ്. ഇതിൽ ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും.  ചികിൽസിച്ചത് നാട്ടു വൈദ്യനാണെങ്കിൽ നാട്ടു ചികിത്സയുടെ ഫലമാണിതെന്ന് പൊതുവെ ധാരണ പരക്കുന്നതു സ്വാഭാവികം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിൽ പാമ്പുകടി കേസുകളിൽ നാലിൽ ഒന്ന് വിഷമില്ലാത്ത പാമ്പുകളിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

പാമ്പിനെ അറിഞ്ഞാൽ നന്ന്, ഇല്ലെങ്കിലും വിഷം നിർവീര്യമാക്കാം 

കടിച്ച പാമ്പിനെ തിരിച്ചറിയുന്നതു ചികിത്സയ്ക്ക് ഏറെ നല്ലതാണ്. എന്നാൽ പാമ്പിനെ അന്വേഷിച്ചു നടന്നു സമയം നഷ്ടപ്പെടുത്തരുത്. ഇന്ത്യയിലെ ഭൂരിഭാഗം പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കാൻ കഴിയുന്ന കുത്തിവയ്പ്പാണ് പോളീവാലെന്റ് ആന്റിവെനിൽ. ഇൗ കുത്തിവയ്പ്പു വിഷബാധയേറ്റ ഭൂരിഭാഗം പേർക്കും  നൽകാറുണ്ട്. ഇത് അണലി, മൂർഖൻ, വെള്ളികെട്ടൻ, അണലി, സോ സ്കേൽഡ് അണലി എന്നീ പ്രധാനപ്പെട്ട പാമ്പുകളുടെയും വിഷത്തെ നിർവീര്യമാക്കും.ആന്റിവെനം ചികിത്സയ്ക്ക് അലർജി പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. ഇതു ചികിൽസിച്ചു മാറ്റാവുന്നതേയുള്ളൂ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...