‘ആകാശത്ത് തന്നെ തോന്നിയ ആശയം’; വൈറലായ വിമാനത്തിലെ വിവാഹഷൂട്ടിന് പിന്നില്‍

flight-photo
SHARE

വെഡ്ഡിങ് ഫോട്ടോഗ്രാഫി ഇന്ന് വലിയ പരീക്ഷണങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓർമയില്‍ എന്നും സൂക്ഷിക്കാനുള്ള സുന്ദര നിമിഷങ്ങളെ പകർത്താൻ എന്തെല്ലാം പുതിയ ആശയങ്ങളാണ് ഫോട്ടോഗ്രാഫർമാരും അവരോട് സഹകരിച്ച് നവദമ്പതികളും ചേർന്ന് ആവിഷ്കരിക്കുന്നത് നവീനമായ ആലോചനകളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിമാനത്തിൽ നടത്തിയ വിവാഹ ഫോട്ടോഷൂട്ടാണ്. പുറം രാജ്യങ്ങളിലൊക്കെ ഇത് പരീക്ഷിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇത് ആദ്യമാണ്. അതും വെറുതെ കിടക്കുന്ന വിമാനത്തിലല്ല, യാത്രയ്ക്ക് ഒരുങ്ങിയ യാത്രക്കാരുള്ള വിമാനത്തിൽ. വൈറൽ ഫോട്ടോഷൂട്ടിന് പിന്നിലെ കഥയും മാറുന്ന വിവാഹ ഫോട്ടോഗ്രാഫിയെക്കുറിച്ചും മനോരമ ന്യൂസ് ഡോട് കോമിനോട് പറയുകയാണ് ഫോട്ടോഗ്രാഫർ അമ്പു രമേശ്.

viral-wedding

അമ്പു രമേശിന്റെ വാക്കുകൾ: 'പല തരം പരീക്ഷണങ്ങൾ വിവാഹ ഫോട്ടോഗ്രാഫിയിൽ നടത്താറുണ്ട്.. ചിലത് വല്ലാതെ അങ്ങ് ഹിറ്റാകും. അതാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്ന ഒരു ഫോട്ടോഷൂട്ടല്ല. ആയുർവേദ ഡോക്ടർമാരായ ലാൽകൃഷ്ണയുടെയും ശ്രുതിയുടെയും വിവാഹചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കണ്ണൂരാണ് വധുവിന്റെ വീട്. വരന്റെ വീട് പത്തനംതിട്ടയ്ക്കടുത്ത് അടൂരും. ഇവർ കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് വിമാനത്തിൽ പോകാനാണ് തീരുമാനിച്ചത്. വധു വരന്റെ വീട്ടിൽ ചെന്നു കയറുന്ന ചടങ്ങിന്റെ ഫോട്ടോ എടുക്കാൻ ഞങ്ങളും ഒപ്പം പോകുന്നുണ്ടായിരുന്നു. അപ്പോഴാണ് വിമാനത്തിൽ വച്ച് ഫോട്ടോ എടുക്കാം എന്ന ആശയം തോന്നിയത്. 

വിമാനത്താവളത്തിലെയും യാത്ര ചെയ്യുന്ന ഫ്ലൈറ്റിലെയും ജീവനക്കാരോട് സമ്മതം ചോദിച്ചു. അവർ ഒരു മടിയും കൂടാതെ സമ്മതിച്ചു. ഒരു പ്രശ്നങ്ങളുമില്ല. അതുകൊണ്ട് ഫോട്ടോ എടുക്കാൻ പറ്റി. വധുവും വരനും സ്റ്റാഫിന്റെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഉണ്ട്. എല്ലാവർക്കും സന്തോഷം മാത്രം. ഫ്ലൈറ്റിന്റെ അധികൃതർ ഒപ്പിട്ട ആശംസ കത്തും വധൂവരന്മാർക്ക് സമ്മാനിച്ചു. എന്തായാലും സംഭവം ഹിറ്റായി. പ്രതീക്ഷിക്കാതെ വന്ന സന്തോഷമാണ് ഇത്. ലാൽകൃഷ്ണയും ശ്രുതിയും ശരിക്കും എക്സൈറ്റഡ് ആയിരിക്കുകയാണ്. അവരും ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല.

viral-photo

നേരത്തെയും പലതരം തീം ഉപയോഗിച്ച് വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതെല്ലാം മുൻകൂട്ടി തീരുമാനിച്ച് വൈറൽ ആകണം എന്ന് കരുതി ചെയ്തതാണ്. ലാൽകൃഷ്ണയുടെയും ശ്രുതിയുടെയും തന്നെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയത് തൃശൂർ പൂരം എന്ന തീമിലാണ്. ആ ചിത്രങ്ങൾ അന്ന് ശ്രദ്ധേയമായിരുന്നു. പിന്നെ മറ്റൊരു കപ്പിൾസിന്റെ റൗഡി ബേബി ഫോട്ടോസും വൈറലായി. ഞങ്ങൾ എല്ലാ വർക്കിലും ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യാറുണ്ട്. നമ്മൾ എടുക്കുന്ന ഫോട്ടോകൾ കളർഫുൾ ആണ്. എല്ലാവരും നല്ല അഭിപ്രായം പറയുന്നു. പണ്ട് ഫോട്ടോഗ്രാഫർ പറയുന്ന പോലെയായിരുന്നു കല്യാണ ചെക്കനും പെണ്ണും നിന്ന് തന്നിരുന്നത്. ഇന്ന് സ്ഥിതി മാറി. അവർ പറയുന്ന ആശയങ്ങൾ നമ്മൾ ഫോട്ടോയാക്കും. അത് തന്നെയാണ് വേണ്ടത്'. സന്തോഷം വാക്കുകളിൽ നിറച്ച് അമ്പു പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...