എല്ലാ ദിവസവും ഓഫീസ് വൃത്തിയാക്കി ഐഎഎസ് ഓഫീസർ; അതിനൊരു കാരണമുണ്ട്

ajay-shankar-ias
SHARE

സമരം കാരണം കയ്യിലെടുത്ത ചൂൽ 26 വർഷമായിട്ടും താഴെവയ്ക്കാതെ ഒരു ഐഎഎസ് ഓഫീസർ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ മജിസ്ട്രറ്റായ അജയ് ശങ്കർ പാണ്‌ഡേയാണ് 26 വർഷമായി സ്വന്തം ഓഫീസ് സ്വയം തൂത്ത് തുടച്ച് വൃത്തിയാക്കുന്നത്. എല്ലാ ദിവസവും ഓഫീസിൽ 10 മിനിട്ടു നേരത്തെ എത്തിയാണ് കലക്ടറുടെ ഈ ശുചീകരണപ്രവർത്തനം.

1993ൽ നടന്ന ഒരു തൊഴിലാളി സമരമാണ് കലക്ടറെക്കൊണ്ട് ചൂൽ കയ്യിലെടുപ്പിച്ചത്. അജയ് പാണ്‌ഡേ ആഗ്രയിലെ എഡ്മഡ്പൂരില്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയിരിക്കുമ്പോഴാണ് ശുചിത്വ തൊഴിലാളികൾ സമരം തുടങ്ങുന്നത്. സമരം അവസാനിപ്പിക്കാൻ ആവുന്നത് ശ്രമിച്ചിട്ടും തൊഴിലാളികൾ വഴങ്ങിയില്ല. വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത കലക്ടർ ഒടുവിൽ ഒരു ചൂലുമായി ഓഫീസിലെത്തി സ്വയം വൃത്തിയാക്കാൻ ആരംഭിച്ചു. ഓഫീസും പരിസരവും മുറികളും കലക്ടർ തനിയെ തൂക്കാൻ ആരംഭിച്ചു. മേലധികാരി വൃത്തിയാക്കാൻ ഇറങ്ങിയതോടെ ജീവനക്കാരും ഒപ്പം കൂടി. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനക്കാരോടൊപ്പം അവരുടെ കുടുംബാംഗങ്ങളും കൂടിയെത്തി. ഇതോടെ അതൊരു ശുചിത്വ യജ്ഞമായി മാറി. അങ്ങനെ ദിവസങ്ങളോളം മാലിന്യം എടുക്കാതെ വൃത്തിരഹിതമായി കിടന്നയിടങ്ങളെല്ലാം അവര്‍ വൃത്തിയാക്കി. മൂന്നു നാലു ദിവസം ഇതു തുടര്‍ന്നു. നഗരത്തിലെ പൗരന്മാര്‍ സ്വയം വൃത്തിയാക്കാന്‍ തുടങ്ങിയതോടെ ശുചിത്വ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെടുമോ എന്ന പേടിയായി. അങ്ങനെ സമരം അവസാനിപ്പിച്ച് അവര്‍ മടങ്ങിയെത്തി. ആ സംഭവം അജയ് ശങ്കറിന് വല്ലാത്ത പ്രചോദനമായി. 

അങ്ങനെയാണ് ഓഫീസ് വൃത്തിയാക്കുന്ന ദിനചര്യ അദ്ദേഹം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ ഓഫീസിനു പുറത്ത് എപ്പോഴും ഒരു ചൂലും വൈപ്പറും വലിയ ചവറ്റു കുട്ടയും കാണാം. അതിനൊപ്പം ഒരു ബോര്‍ഡും അദ്ദേഹം സ്ഥാപിച്ചു. അതില്‍ ഇങ്ങനെ എഴുതി. ' ഞാന്‍ ഇന്ന് ഈ ഓഫീസ് സ്വയം വൃത്തിയാക്കി. ഓഫീസു പരിസരത്തു ചവറിട്ടു ദയവായി എന്റെ ജോലി വർധിപ്പിക്കരുത്. 

വൃത്തിയാക്കുന്ന പണി നമുക്കു വേണ്ടി മറ്റുള്ള ആരെങ്കിലും ചെയ്യണമെന്നാണ് ഇന്ത്യയില്‍ നാം വിചാരിക്കാറുള്ളതെന്നും, ഈ മനോഭാവം മാറേണ്ടതാണെന്നും അജയ് പറയുന്നു. ഓഫീസ് വൃത്തിയാക്കാന്‍ ഇദ്ദേഹം സ്വയം തയ്യാറായി ഇറങ്ങുമെങ്കിലും സഹപ്രവര്‍ത്തകരെ ഒരിക്കലും ഇതിനായി നിര്‍ബന്ധിക്കാറില്ല. പക്ഷേ, പലരും തന്നില്‍ നിന്ന് പ്രചോദിതരായി  സ്വയം വൃത്തിയാക്കാന്‍ തുടങ്ങാറുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...