‘അവർ രക്ഷപ്പെട്ടത് എന്റെ ഒരു വീഴ്ച’; മനസ്സ് തകര്‍ന്ന് അനീഷ്: അഭിമുഖം

aneesh-interview
SHARE

കേരളത്തെ നടുക്കിയ കെവിൻ വധക്കേസിന്റെ വിധി ഇന്നലെയാണ് വന്നത്. സംസ്ഥാനത്ത് ശിക്ഷ കിട്ടുന്ന ആദ്യത്തെ ദുരഭിമാനക്കൊല കൂടിയാണിത്. കെവിൻ വധക്കേസിൽ പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയത്. 

നീനുവിന്റെ സഹോദരൻ സാനു ചാക്കോ, നിയാസ് മോൻ (ചിന്നു), ഇഷാൻ ഇസ്മായിൽ, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജാദ്, എൻ.നിഷാദ്, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ടിറ്റു ജെറോം എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.  കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ വെറുതെ വിട്ടു. ചാക്കോയടക്കം നാലു പ്രതികളെയാണ് വെറുതെവിട്ടത്. റെമീസ് ഷെറീഫ്, ഷിനു ഷാജഹാൻ, വിഷ്ണു (അപ്പുണ്ണി) എന്നിവരാണ് വെറുതെ വിട്ട മറ്റുള്ളവർ. 

കോടതി വിട്ടയച്ച നീനുവിന്റെ പിതാവ് ചാക്കോ ജോൺ, വിഷ്ണു, ഷിനു, റമീസ് എന്നിവരെ കെവിന്റെ ബന്ധുവും കേസിലെ സാക്ഷിയുമായ അനീഷിന് കോടതിയിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇത് ഒരു പരിധിവരെ കേസിന്റെ വിധിയെ സ്വാധീനിച്ചിട്ടുണ്ട്.  ചാക്കോയടക്കം നാലുപേരെ തിരിച്ചറിയാൻ സാധിക്കാതിരുന്നതിനെക്കുറിച്ചും ഇനി മുന്നോട്ടുള്ള നീക്കങ്ങൾ എന്താണെന്നും അനീഷ് മനോരമന്യൂസ് ഡോട്ട്കോമിനോട് വിശദീകരിക്കുന്നു.

എന്റെ ഒരു വീഴ്ചകൊണ്ടാണ് അവർക്ക് ശിക്ഷ കിട്ടാതെ പോയത്. എനിക്കതിൽ പറയാൻ സാധിക്കാത്ത അത്ര വിഷമമുണ്ട്. ഇന്നലെ വിധി കേട്ടപ്പോൾ തന്നെ മനസ് അസ്വസ്ഥമായി. കോടതി വരെ കൊണ്ട് എത്തിച്ചിട്ട് ചാക്കോയ്ക്ക് ശിക്ഷ ലഭിക്കാതിരുന്നതിലാണ് ഏറെ വിഷമം. അയാളാണ് ഞങ്ങളുടെ കെവിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരൻ. എന്നിട്ട് അയാളെ കുറ്റവിമുക്തനാക്കിയെന്ന് കേട്ടപ്പോൾ സഹിക്കാനായില്ല. 

തിരിച്ചറിയൽ പരേഡിന്റെ അന്ന് അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചത്. പ്രതികളെ ഒരുവർഷത്തിന് ശേഷമാണ് കോടതിയിൽവച്ച് കാണുന്നത്. പൊലീസ് സ്റ്റേഷനിൽവച്ച് ഞാൻ ഇവരെയെല്ലാം തിരിച്ചറിഞ്ഞതാണ്. കോടതിയിൽ ഇവർ എത്തിയത് ഒരുപാട് മാറ്റവുമായിട്ടാണ്. വേഷം മാത്രമായിരുന്നില്ല മാറ്റം. അതിൽ നിഷാദിനും വേറെ ചിലർക്കും ഒരു വർഷം മുൻപ് കാണുമ്പോൾ കട്ടിത്താടിയുണ്ടായിരുന്നു. എന്നാൽ കോടതിയിൽ എത്തിയപ്പോൾ എല്ലാവരും വെള്ളനിറത്തിലുള്ള വസ്ത്രവും ക്ലീൻഷേവുമായിരുന്നു. തലമുടിയും പറ്റെ വെട്ടിയിരുന്നു. ജയിലിൽ ഇവർക്ക് ഇത്രയേറെ സൗകര്യം ചെയ്തുകൊടുക്കുമെന്ന് കരുതിയില്ല. 

ഞാൻ പൊലീസ് സ്റ്റേഷനിൽവച്ച കണ്ടതിനേക്കാൾ പലരുടെയും രൂപം മാറിയിരുന്നു. അതുകൊണ്ട് സംഭവിച്ച പിഴവാണ്. ആദ്യമായിട്ടായിരുന്നു ഞാൻ കോടതിയിൽ കയറുന്നത്. അതിന്റെ ടെൻഷനുമുണ്ടായിരുന്നു. ഈ കാര്യങ്ങൾ ഞാൻ അഭിഭാഷകനോട് പറഞ്ഞിരുന്നു. എന്നാൽ നീതിപീഠത്തിന് മുൻപിൽ പറയുന്നതിനാണല്ലോ പ്രസക്തി. എന്റെ ഉറ്റ ചങ്ങാതിയായിരുന്നു കെവിന്‍. ഇനി പ്രതീക്ഷ ശനിയാഴ്ച പ്രഖ്യാപിക്കുന്ന ശിക്ഷയിലാണ്. ഷാനു ചാക്കോയ്ക്കും മറ്റുള്ളവർക്കും വധശിക്ഷ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹം. എന്നാൽ മാത്രമേ കെവിന്റെ ആത്മാവിന് ശാന്തി ലഭിക്കൂ. 

കെവിന്റെ പിതാവ് ജോസഫ് ചാക്കോയെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീൽ പോകുന്നുണ്ട്. അതിനൊപ്പം സഹകരിക്കാൻ തന്നെയാണ് തീരുമാനം. ചാക്കോയുടെ പങ്ക് തെളിയിക്കാൻ തക്ക തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതാണ് അയാൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയത്. വിധിക്ക് ശേഷം നീനു കെവിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. കുറച്ചുകാലത്തേക്ക് എങ്കിലും മാധ്യമങ്ങളിൽ നിന്നെല്ലാം അകലം പാലിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീനുവിന്റെയും വീട്ടുകാരുടെയും തീരുമാനം. ഈ വിധി കേൾക്കാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നതിനാലാണ് നീനു കോടതിയിൽ വരാതിരുന്നത്. – അനീഷ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...