ലിഫ്റ്റ് തകരാറിലായി; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലെടുത്തു എക്സൈസ് ഓഫിസർ

lift-complaint
SHARE

ആലത്തൂർ: മിനി സിവിൽ സ്റ്റേഷന്റെ ലിഫ്റ്റ് തകരാറിലായി. ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലെടുത്തു എക്സൈസ് ഓഫിസർ ആർടിഒ ഓഫിസിലെത്തിച്ചു. രണ്ടാം നിലയിലുള്ള ആർടിഒ ഓഫിസിൽ അപേക്ഷ നൽകാൻ വന്ന ഭിന്നശേഷിക്കാരനായ യുവാവ് ഓഫിസിലെത്താൻ കഴിയാതെ വിഷമിച്ച് നിന്നപ്പോഴാണു എക്സൈസ് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ പി.പി.മണികണ്ഠൻ തോളിലെടുത്ത് യുവാവിനെ രണ്ടാം നിലയിലുള്ള ഓഫിസിലെത്തിച്ചത്.

ലിഫ്റ്റ് തകരാറിലായി 10 ദിവസമായിട്ടും നന്നാക്കുന്നതിന് നടപടിയായില്ല. നാലും അഞ്ചും നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെത്തുന്നതിന് ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നു. അഞ്ചു നിലകളിലായി 23 സർക്കാർ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ലിഫ്റ്റുകളാണ് ഇവിടെയുണ്ടായിരുന്നത്. ഒരെണ്ണം 4 വർഷങ്ങൾക്ക് മുൻപ് തകരാറിലായി. സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതിന് മുൻപെ ലിഫ്റ്റുകൾ കേടുവരിക പതിവായിരുന്നു.

ഐസിഡിഎസ് ഓഫിസിലെത്തിയ സൂപ്പർവൈസർ ഉൾപ്പെടെയുള്ള 4 ജീവനക്കാരികൾ 3 വർഷം മുൻപ് ലിഫ്റ്റിൽ കുടുങ്ങി. മണിക്കൂറുകളുടെ ശ്രമഫലമായി അഗ്നിരക്ഷാസേനയാണു ഇവരെ പുറത്തെടുത്തത്. പിന്നീട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ലിഫ്റ്റ് നന്നാക്കേണ്ടത് പാലക്കാട് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിങ്ങാണെന്ന് അധികൃതർ പറഞ്ഞു.

ലിഫ്റ്റ് തകരാറിലായ വിവരം അറിയിക്കുന്നതിന് മുറയ്ക്ക് ഇവർ എത്തേണ്ടതാണ്. ഇതിന് ആവശ്യമായ തുക കെട്ടിവയ്ക്കുന്ന കാര്യത്തിലും അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് പറയുന്നു. ഈ മാസം 9 ന് തകരാറിലായതാണ് ലിഫ്റ്റ് സംവിധാനം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...