ഫിനോയില്‍ കുടിച്ച് ആത്മഹത്യാശ്രമം; കാണാനെത്തിയ അച്ഛന്റെ പരിഹാസം; അതിജീവനം

mumbai-21
SHARE

ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്, അതില്‍ നിന്ന് കരകയറി സ്വയം ജീവിതം കരുപ്പിടിപ്പിച്ച കഥയാണ് ഈ പെണ്‍കുട്ടി പറയുന്നത്. അച്ഛന്‍ അമ്മയെ മര്‍ദിക്കുന്നത് കണ്ട് വളര്‍ന്ന കുട്ടിക്കാലവും അത് നല്‍കിയ മുറിവുകളും സ്വയം ഉണക്കി അതിജീവിച്ച പെണ്‍കുട്ടി. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ എഴുതിയ കുറിപ്പിലാണ് പെണ്‍കുട്ടി അനുഭവം പങ്കുവെച്ചത്.

വളരെ മോശം സാഹചര്യത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്റെ അച്ഛനും അമ്മയും നിരന്തരം വഴക്കടിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. മറ്റൊരു സ്ത്രീയുമായി അച്ഛന് ബന്ധമുണ്ടായിരുന്നത് അമ്മയെ ഏറെ അസ്വസ്ഥയാക്കി. എല്ലാ ദിവസവും വഴക്കായതോടെ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് അച്ഛന്‍ നിര്‍ത്തി. ഒരിക്കല്‍ അമ്മയെ ബെല്‍റ്റ് ഉപയോഗിച്ച് തല്ലുന്നത് ഞാന്‍ കണ്ടു. 

എല്ലാം മടുത്ത അമ്മ എന്നെയും കൊണ്ട് ഒരിക്കല്‍ കടല്‍ത്തീരത്ത് പോയി. ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ എന്തുകൊണ്ടോ അന്ന് അമ്മക്ക് ജീവനൊടുക്കാന്‍ കഴിഞ്ഞില്ല. 

പിന്നീടൊരിക്കല്‍ വഴക്കുണ്ടായപ്പോള്‍, അച്ഛനെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അച്ഛനെ വിട്ടയച്ചു. പിന്നീട് വഴക്കുകളുണ്ടാകുമ്പോള്‍, പൊലീസില്‍ പരാതി നല്‍കുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ അമ്മ പിടിച്ചുനിന്നു. 

അധികം വൈകാതെ ഞാന്‍ കോളജില്‍ ചേര്‍ന്നു. എന്നേക്കാള്‍ അഞ്ച് വയസ്സ് പ്രായം കൂടുതലുള്ള ആളുമായി പ്രണയത്തിലായി. എന്നാല്‍ അത് തകരാന്‍ അധികനാള്‍ വേണ്ടിവന്നില്ല. എന്നോടൊപ്പം തുടരാന്‍ താത്പര്യമില്ലെന്ന് അയാള്‍ പറഞ്ഞു. എന്റെ ഹൃദയം തകര്‍ന്നു. അന്നേ ദിവസം അച്ഛനുമായി വലിയ വഴക്കുണ്ടായി. മനസ്സാകെ അസ്വസ്ഥമായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു വലിയ കുപ്പി ഫിനോയില്‍ അകത്താക്കി. 

കണ്ണുതുറക്കുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. നാല് ദിവസം ഐസിയുവിലായിരുന്നുവെന്ന് നഴ്സ് പറഞ്ഞു. പിന്നാലെ അച്ഛന്‍ എന്നെ കാണാന്‍ വന്നു. എനിക്ക് ശരിക്കും ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ ഇതേപ്പറ്റി നന്നായി ഗവേഷണം നടത്തിയേനെ എന്ന് പരിഹസിച്ചു. 

ഒരാഴ്ചക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തു. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് എനിക്കെന്റെ സുഹൃത്തുക്കളെയെല്ലാം നഷ്ടമായെന്ന്. എന്റെ അയല്‍ക്കാര്‍ക്കെല്ലാം പറഞ്ഞുചിരിക്കാനുള്ള കാരണമായി മാറി. ഒന്നിനുംകൊള്ളാത്തവളെന്ന പേരായി എനിക്ക്. 

പക്ഷേ പരാജയപ്പെട്ട ആ ആത്മഹത്യാശ്രമം എന്റെ ജീവിതത്തിലെ പുതിയൊരു പാഠമായി മാറി. എന്നെ കൗണ്‍സിലിങ്ങിനയച്ചു. മെഡിക്കേഷനും യോഗയുമൊക്കെയായി എന്നെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. അധികം വൈകാതെ ഞാനും അമ്മയും മറ്റൊരു വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞതെല്ലാം ഞാന്‍ മറന്നു. 

പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി, ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ന് ജീവിതത്തിന്റെ മറ്റൊരു സുന്ദരമായ ഘട്ടത്തിലാണ് ഞാനുള്ളത്. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഇടയ്ക്ക് ചായ കൊണ്ടുകൊടുക്കുന്ന തരത്തില്‍ ഒരു പുതിയ സംവിധാനത്തിന് ഞാന്‍ തുടക്കമിട്ടു. 

ഇപ്പോഴും കഴിഞ്ഞ കാലത്തെക്കുറിച്ച് ഞാനിടക്ക് ഓര്‍ക്കും. ഒരാളെ വിലയിരുത്തുംമു‍ന്‍പ്, വെറുതെ ചിന്തിക്കുക. അയാള്‍ എന്തെങ്കിലും കഠിനമായ സാഹചര്യത്തിലൂടെ കടന്നുപോകുകയായിരിക്കാം. ജീവിതത്തിനും മരണത്തിനുമിടയില്‍ അവരോട് കാണിക്കുന്ന ഒരല്‍പ്പം കരുണ വലിയ മാറ്റത്തിലേക്ക് നയിച്ചേക്കാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...