പൊലീസ് സ്റ്റേഷനിൽ വസ്ത്രമുരിഞ്ഞ് തല്ലി; തളരാതെ പോരാട്ടം; ഇത് സോയയുടെ അതിജീവനം

transgender-20-08
SHARE

വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും തളരാതെ, ഇച്ഛാശക്തി കൊണ്ട് പോരാടി സ്വപ്നങ്ങളെല്ലാം നേടിയെടുത്ത കഥയാണ് മുംബൈയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പത്രപ്രവർത്തകക്ക് പറയാനുള്ളത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് സോയ സ്വന്തം അനുഭവം തുറന്നെഴുതിയത്. 

കുറിപ്പ് വായിക്കാം: 

പത്താം വയസ്സിൽ മറ്റ് ആൺകുട്ടികളിൽ നിന്ന് ഞാൻ വ്യത്യസ്തനാണ് എന്ന് മനസ്സിലായിരുന്നു. അച്ഛൻ മരിച്ച ശേഷം ഞങ്ങൾ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. അമ്മ ഒരു മദ്യപാനിയായി മാറി. ആളുകളുമായി വഴക്കിടാനും അക്രമാസക്തയാകാനും തുടങ്ങി. പലപ്പോഴും അമ്മയെ വീട്ടിൽ നിന്ന് കാണാതായി, തിരിച്ചുവരുമോ എന്നുപോലും അറിയാതെ ഒരുപാട് ദിവസങ്ങൾ കാത്തിരുന്നിട്ടുണ്ട്. 

അമ്മയുടെ സ്വഭാവം കാരണം താമസിക്കുന്ന എല്ലാ വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടു. തെരുവുകളും റെയിൽവെ സ്റ്റേഷനുകളും വീടാക്കി മാറ്റി. പണത്തിനായി എന്തുജോലിയും ചെയ്യാമെന്ന അവസ്ഥയിലായി ഞാൻ. അപ്പോഴും ഞാനെന്റെ സ്വത്വം മറച്ചുവെച്ചു. 

എനിക്ക് ബാധയാണെന്ന് സംശയിച്ച് അമ്മ ഒരിക്കൽ ഒരു ദർഗയിൽ കൊണ്ടുപോയി. അവിടെവെച്ചാണ് ഞാൻ ആദ്യമായി ഒരു ട്രാൻസ്ജെൻഡറിനെ കാണുന്നത്. പിന്നീട് ഞാൻ അവളുമായി സൗഹൃദം സ്ഥാപിച്ചു. ഒരുവർഷത്തിനകം അവരുടെ കമ്മ്യൂണിറ്റി എന്നെ അംഗീകരിച്ചു. ധൈര്യം വീണ്ടെടുത്ത്, ഞാൻ അമ്മയോട് എല്ലാം പറഞ്ഞു. പക്ഷേ അമ്മ എന്ന അംഗീകരിച്ചില്ല. സുഹൃത്തുക്കളും കുടുംബവും അയൽവാസികളും എല്ലാം എന്നെ ഒറ്റപ്പെടുത്തി. 

ഈ വെറുപ്പിനിടയിലും ഞാനെന്റെ മുടി വളർത്തി, ലിപ്സ്റ്റിക് ധരിച്ചു, പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ചു. പക്ഷേ ഒരിക്കൽ ഒരു പൊലീസുകാരൻ ട്രെയിനിൽ വെച്ച് എന്നോട് തർക്കിച്ചു. അയാൾ എന്നെയും മറ്റൊരാളെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ പോയി. അയാളെന്റെ വസ്ത്രങ്ങളഴിച്ചു, അടിച്ചു. പരസ്പരം ലൈംഗിക ചേഷ്ടകള്‍ കാണിക്കാൻ നിർബന്ധിച്ചു. ഞാൻ പരാതി നൽകി, ആരും സ്വീകരിച്ചില്ല. 

പിന്നീട് ഒരു ജോലി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടി. എന്നെപ്പോലുള്ളവർക്ക് ജോലി തരില്ലെന്ന് മുഖത്തുനോക്കി പറഞ്ഞു. ട്രെയിനിൽ ആളുകളുടെ കൈ നോക്കി ഭാവി പറഞ്ഞ് ജീവിച്ചുപോന്നു. അതിനിടയിലാണ് കുറച്ച് കോളജ് വിദ്യാർഥികൾ എന്നെ കാണുന്നതും ഡോക്യുമെന്ററി ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നതും. അവരെനിക്ക് നൽകിയ പ്രോത്സാഹനവും പ്രചോദനവും വളരെ വലുതായിരുന്നു. ആ ഡോക്യുമെന്ററി ഇറങ്ങിയ ശേഷം എനിക്ക് ഹിന്ദി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതിനുശേഷം ഒരു സിനിമയിലും അവസരം ലഭിച്ചു, അതിന് അവാര്‍ഡും ലഭിച്ചു. 

അവാര്‍ഡ് ദാനച്ചടങ്ങിൽ എന്റെ പ്രസംഗം കേട്ട ചാനൽ ഉടമ എന്നെ അഭിനന്ദിച്ചു. അപ്പോഴുണ്ടായിരുന്ന എല്ലാ ധൈര്യവും എടുത്ത് ഞാനയളോട് ഒരു ജോലി ചോദിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ പറഞ്ഞു, ഇന്റർവ്യൂവിന് വരാൻ. എനിക്കാ ജോലി ലഭിച്ചു, മുംബൈയിലെ ആദ്യ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയായി ഞാൻ. എന്റെ ജീവിതത്തിൽ ഞാനെല്ലാം അനുഭവിച്ചു. ആളുകളെ നഷ്ടപ്പെടുന്നത്, ജോലിയില്ലാത്തത്, അങ്ങനെയെല്ലാം. 

ഒന്നും എളുപ്പമായിരുന്നില്ല. ഞാനായിരിക്കുന്ന അവസ്ഥയിൽ എന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും ഞാൻ പോലും സമയമെടുത്തു. ഞാനിങ്ങനെയാണ്, ആയിരിക്കുന്ന അവസ്ഥയിൽ ഞാൻ അതിസുന്ദരിയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...