വരകളിലൂടെ നാടിന് താങ്ങ്; അതിജീവനത്തിന്റെ നിറ‌ക്കൂട്ട് ഒരുക്കി രണ്ട് പെൺകുട്ടികൾ

cmdrf-new
SHARE

പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ കൈ പിടിച്ച് ഉയര്‍ത്തുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ശ്രമിക്കുകയാണ് നമ്മള്‍. അങ്ങനെ സഹായിക്കുന്നവര്‍ക്ക് ഒരു പ്രോത്സാഹനമാവുകയാണ് കണ്ണൂര്‍ സ്വദേശി ആതിരയും പെരിന്തല്‍മണ്ണക്കാരി അനുവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 ല്‍ കുറയാത്ത രൂപ സംഭവന ചെയ്തതിന്റെ രസീത് അയച്ചവര്‍ക്ക് ഹാന്‍ഡ്മെയ്ഡായി ഉണ്ടാക്കുന്ന ബുക്മാര്‍ക്കാണ് ആതിര പോസ്റ്റായി അയച്ചു നല്‍കുന്നത്. അനു താന്‍ വരച്ച ചിത്രങ്ങളാണ് ലേലത്തില്‍ വച്ചത്. 

പനിയാണെങ്കിലും ഒരു കൈ സഹായം

പനിച്ച് വിറച്ച് ഇരിക്കുമ്പോഴാണ് പ്രളയത്തിലായവര്‍ക്കായി ഒന്നും ചെയ്തില്ലല്ലോ എന്ന ചിന്ത അനുവിന്റെ സ്വസ്ഥത കെടുത്തിയത്. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നതില്‍ കാര്യമില്ലല്ലോ, എന്നാല്‍ വരച്ച് വച്ച കുറച്ച് ചിത്രങ്ങള്‍ ലേലത്തില്‍ വച്ചുകളയാം എന്ന് തീരുമാനിച്ചു. 500 രൂപ മുതല്‍ പരമാവധി 3000 രൂപ വരെയാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.

anu

ഏഴ് ചിത്രങ്ങള്‍ ഇതുവരെ വിറ്റു പോയെന്ന് അനു പറയുന്നു. 11,500 രൂപ അങ്ങനെ കിട്ടി. 500 രൂപ കൊറിയര്‍ ചാര്‍ജ് എടുത്ത ശേഷം ബാക്കി 11,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്. ഒറ്റപ്പാലം എന്‍എസ്എസ് കോളെജില്‍ ബിഎ മലയാളം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അനു. വരച്ചാണ് പഠനത്തിനുള്ള ചിലവുകള്‍  കണ്ടെത്തുന്നത്. വരും മാസങ്ങളിലേക്ക് അത്യാവശ്യം തട്ടീം മുട്ടീം പോകാന്‍  നേരത്തേ വരച്ച് വച്ച ചിത്രങ്ങളാണ് അനു ഇപ്പോള്‍ ലേലം ചെയ്തത്. ഇനി അടുത്ത മാസത്തെ പഠന ചിലവിനുള്ള തുക വേറെ വരച്ചിട്ട് വേണം കണ്ടെത്താന്‍. എന്തായാലും ലേലം വിജയിച്ചതില്‍ അനു സന്തോഷത്തിലാണ്. ഇങ്ങനെ വരച്ച് സിഎംഡിആര്‍എഫിലേക്ക് പണം സമാഹരിക്കുന്ന കുറച്ച് കൂട്ടുകാരെ കൂടി കണ്ടെത്തിയപ്പോള്‍ സന്തോഷം ഇരട്ടിയായെന്നും അനു പറയുന്നു. 

നാടിന് വേണ്ടിയാണ് , ഏറ്റവും വിശ്വാസമുള്ളിടത്തേക്കാണ്

'ഒരു സെറ്റ്  ഹാന്‍ഡ്മെയ്ഡ് ബുക്ക് മാര്‍ക്ക് അയച്ചു തരാം. അതിന്റെ 500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാമോ' എന്നായിരുന്നു ആതിര ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഓഗസ്റ്റ് 12 ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയായിരുന്നു ആതിര നിശ്ചയിച്ച സമയം. റെസ്പോണ്‍സ് കണ്ട് ആതിര തന്നെ ഞെട്ടിപ്പോയി. സ്ക്രീന്‍ ഷോട്ട് എണ്ണിത്തീര്‍ന്നില്ലെന്നായിരുന്നു എന്തായി ചലഞ്ച് എന്ന് ചോദിച്ച് മെസേജ് ചെയ്ത എനിക്ക് കിട്ടിയ മറുപടി. എന്തായാലും ഈ കുറിപ്പെഴുതുമ്പോള്‍ ബുക്ക് മാര്‍ക്ക് ചലഞ്ചിലൂടെ  25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്തിയിട്ടുണ്ട്. 

athira

ബിഎഡ് കഴിഞ്ഞ് ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുകയാണ് ആതിര. സ്കൂളിലെ തിരക്കുകള്‍ക്കിടയിലും ഹാന്‍ഡ്മെയ്ഡ് ബുക്ക് മാര്‍ക്ക് ഉണ്ടാക്കിത്തരാം, 500 രൂപയെങ്കിലും സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്യൂവെന്ന ചലഞ്ച് അല്‍പ്പം കടുപ്പമേറിയതായിരുന്നുവെന്ന് ആതിര പറയുന്നു. സ്വയം വരച്ച് കളര്‍ ചെയ്ത് ഉണ്ടാക്കിയെടുക്കണമല്ലോ ബുക്ക്മാര്‍ക്കുകള്‍. എന്നാലും സാരമില്ല,  നേരിട്ട് സംഭാവന നല്‍കുന്നതിന് ഒരു പരിധിയുണ്ടെന്നും  കയ്യില്‍ ഒരു കലയുള്ളപ്പോള്‍ ആ പരിമിതിയെ മറികടക്കാമെന്ന ആത്മവിശ്വാസമാണ് ചലഞ്ചിന് പ്രേരിപ്പിച്ചതെന്നും ആതിര വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തവരും കടം മേടിച്ച് സംഭാവന ചെയ്തവരുമെല്ലാം ആതിരയുടെ ഈ ചലഞ്ച് ഏറ്റെടുത്തവരില്‍ ഉള്‍പ്പെടും. ചലഞ്ചില്‍ പങ്കെടുത്തവരുടെ വീട്ടിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ബുക്ക്മാര്‍ക്കുകള്‍ എത്തുമെന്നാണ് ആതിര സന്തോഷത്തോടെ പറയുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...