ഉരുളെന്തിന് തിരിച്ചുനൽകി ജീവൻ; കൺമുന്നിൽ കൈവഴുതി അമ്മയും ഭാര്യയും കുഞ്ഞും

kottakkunnu-kavalappara-tragedy
SHARE

കുതിച്ചെത്തിയ ഉരുളിൽനിന്നു വീണുകിട്ടിയ ജീവനുമായി 2 പേർ. പക്ഷേ, അവർ നെഞ്ചുപൊട്ടിക്കരയുന്നത് ഉരുളെന്തിന് ഈ ജീവൻ തിരിച്ചുനൽകിയെന്നാണ്. കാരണം ആ ഉരുളെടുത്തത് അവരുടെ ജീവന്റെ ജീവനാണ്. മലപ്പുറം കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണുമൂടിയ വീടിനടിയിലാണ് ശരത്തിന്റെ അമ്മയും ഭാര്യയും കുഞ്ഞും. എടക്കര കവളപ്പാറയിൽ ഗോപിയുടെ അമ്മയും ഭാര്യയും 2 മക്കളും. 

കോട്ടക്കുന്നിലുണ്ടായ ഉരുൾപൊട്ടലിൽ, ശരത്തിന്റെ കൺമുന്നിൽനിന്നാണ് അമ്മയും ഭാര്യയും കുഞ്ഞും കൈവഴുതിപ്പോയത്.  ഉച്ചയ്ക്ക് 1.20ന് കോട്ടക്കുന്നിന്റെ ചെരിവിൽനിന്ന് വീട്ടിലേക്ക് ഒഴുകിവരുന്ന ഉറവുവെള്ളം തിരിച്ചുവിടാൻ മകൻ ശരത്തിന് മൺവെട്ടി നൽകാൻ റോഡിലേക്കു കയറിവന്നതാണ് സരസ്വതി. അതുവാങ്ങുമ്പോഴേക്കും എവിടെയോ ഒരു മുഴക്കം കേട്ടു. സരസ്വതി തന്നെ ഓടിക്കോ എന്ന് ഉറക്കെ വിളിച്ചു. റോഡിന്റെ എതിർവശത്തേക്കു കുതിക്കുന്നതിനിടെ അമ്മയുടെ കൈപിടിക്കാൻ ശരത് ശ്രമിച്ചെങ്കിലും ആർത്തലച്ചെത്തിയ മണ്ണിനും മരങ്ങൾക്കുമിടയിൽ സരസ്വതി മറഞ്ഞു. 

വെള്ളപ്പാച്ചിലിൽ സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് വഴുതിവീണെങ്കിലും, പിന്നീടുവന്ന മണ്ണിൽനിന്നു മരച്ചില്ലകൾ ശരത്തിനെ രക്ഷിച്ചു. അമ്മയും ഭാര്യ ഗീതുവും ഒന്നര വയസ്സുള്ള മകൻ ധ്രുവനുമുള്ള വീടിനടുത്തേക്ക് ശരത് ഓടിയടുത്തെങ്കിലും വീട് മണ്ണിൽ മറ‍യുകയായിരുന്നു. ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായിട്ടില്ല.  

കവളപ്പാറയിൽ ഇരുട്ടത്ത് വെളിച്ചത്തിനായി മെഴുകുതിരി വാങ്ങാൻ പോയി മടങ്ങിയെത്തുമ്പോഴേക്കും ഗോപിയുടെ ജീവിതം ഇരുളെടുത്തിരുന്നു. പോത്തുകൽ ഭൂദാനത്തുണ്ടായ ഉരുൾപൊട്ടലിൽ ഗോപിക്ക് മിനിറ്റുകൾകൊണ്ടു നഷ്ടമായത് അമ്മയെയും ഭാര്യയെയും 2 മക്കളെയുമാണ്. ഒപ്പം സ്നേഹസമ്പന്നരായ അയൽവാസികളെയും. 

അയൽവാസി മുഹമ്മദിന്റെ വീട്ടിൽ കുടുംബത്തെ ആക്കിയാണ് ഗോപി മെഴുകുതിരി വാങ്ങാൻ കവളപ്പാറ ജംക്‌ഷനിലെ കടയിലേക്കു പോയത്. തിരിച്ചെത്തുമ്പോൾ മുഹമ്മദിന്റെ വീടിന്റെ സ്ഥാനത്തു മൺകൂനയായിരുന്നു. നാട്ടുകാരോടൊപ്പം മണ്ണുമാറ്റി അമ്മ മാതിയുടെയും മകൻ ഗോകുലിന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തതും ഗോപി തന്നെയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...