തൊട്ടിലിൽ ഉറങ്ങുകയായിരുന്നു മിസ്താഹ്; മലവെള്ളം കവർന്നത് ജീവന്റെ ജീവൻ

kalpatta-tragedy
SHARE

കൽപ്പറ്റ: ഒരായുസ്സിന്റെ കണ്ണീരു മുഴുവൻ ഒറ്റ മിനിറ്റിലെ പ്രളയത്തിനു വിട്ടുകൊടുത്ത് തളർന്നിരിപ്പാണ് ഷൗക്കത്തും മുനീറയും. പച്ചക്കാട്ടിൽനിന്നെത്തിയ മലവെള്ളം പുത്തുമലയിലെ കന്റീനിൽനിന്ന് അവർ മൂന്നുപേരെയാണ് കൊണ്ടുപോയത്. മുനീറയെ അൽപം താഴെനിന്നും ഷൗക്കത്തിനെ ഒരു കിലോമീറ്റർ അകലെനിന്നും ജീവിതത്തിലേക്ക് തിരികെ വിട്ടു. മൂന്നു വയസ്സുകാരൻ മുഹമ്മദ് മിസ്താഹിനെ തിരിച്ചു തരാൻ നേരത്തോടുനേരം വൈകി. ഇന്നലെ മേപ്പാടി നെല്ലിമുണ്ടയിലെ എസ്റ്റേറ്റ് പാടിയിൽ കിടത്തിയ ചേതനയറ്റ അവന്റെ മുഖത്തേക്ക് നോക്കാനാവാതെ അവർ മുഖം തിരിച്ചു.

ഇടയ്ക്ക് കരയാൻ തൂവിയ മുനീറയുടെ കണ്ണുകൾ ചോര മാത്രം വാർത്തു. തൊട്ടിലിൽ ഉറങ്ങുകയായിരുന്നു മിസ്താഹ്. 13 വർഷം കാത്തിരുന്ന് കിട്ടിയവൻ.. ഏക മകൻ. അടുക്കളയിൽ പാചകത്തിലായിരുന്ന മുനീറയ്ക്കും കന്റീൻ കൗണ്ടറിൽനിന്ന് ഷൗക്കത്തിനും ഓടിയെത്താൻ കഴിയും മുൻപേ പ്രളയം കെട്ടിടത്തെയാകെ തകർത്തെറിഞ്ഞു. ജോലി അവധി ആയിരുന്നിട്ടും കുശലാന്വേഷണത്തിന് എത്തിയ കന്റീൻ ജീവനക്കാരി നബീസയും ഇവിടെനിന്നാണ് ഒഴുക്കിൽപ്പെട്ടത്. തേയില എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന ഷൗക്കത്ത് രണ്ടു മാസം മുൻപാണ് കന്റീൻ നടത്തിപ്പിന് കരാറെടുത്തത്.

ഇതോടെ നെല്ലിമുണ്ടയിലെ സ്വന്തം വീട്ടിൽനിന്ന് മുനീറയും കുഞ്ഞുമെത്തി കന്റീനിൽത്തന്നെയായി താമസം. ബുധനാഴ്ചയുണ്ടായ ചെറിയ ഉരുൾപൊട്ടലിനെ തുടർന്നുതന്നെ താമസം മാറാൻ തീരുമാനിച്ചിരുന്നതാണെന്ന് മുനീറ പറയുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ മുതൽ ഒട്ടേറെപ്പേർ കന്റീനിൽ ഭക്ഷണത്തിനെത്തിയതോടെ വൈകി. ദുരിതാശ്വാസ ക്യാംപിൽ സേവനത്തിനെത്തിയ യുവാക്കളായിരുന്നു അധികവും. ഇവരെല്ലാം പോയതിനു ശേഷമാണ് പ്രളയമെത്തിയത്.

ഇല്ലെങ്കിൽ മരണസംഖ്യ കുത്തനെ ഉയർന്നേനെ. മേഘം പൊട്ടിയൊഴുകി വരുന്നതുപോലെ എന്തോ കണ്ടു എന്നു മാത്രമേ മുനീറയ്ക്ക് ഓർമയുള്ളൂ. തലയുടെ പെരുപ്പ് ഒന്നു മാറിയപ്പോൾ ചെമ്മണ്ണു നിറഞ്ഞ കണ്ണ് തിരുമ്മി നോക്കി. മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമീപവാസിയായ ഇ.ടി.രാജുവാണ് രക്ഷകനായി എത്തിയത്. ഷൗക്കത്ത് വീണ്ടും കുറേ താഴെയെത്തിയാണ് മരക്കൊമ്പിൽ പിടിച്ചു കയറിയത്.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...