പ്രത്യാഘാതം ഒഴിവാക്കാൻ മറവിയെ കൂട്ടുപിടിക്കാം; കണ്ടെത്തുക ക്ലേശകരം: ഡോ.സി.ജെ.ജോൺ

sriram-retrograde-amnesia
SHARE

മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന്  ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് ഇൗ രോഗം. ഇൗ രോഗമാണ് ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമനെ ബാധിച്ചിരിക്കുന്നതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു.

ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്കാണ് രോഗം ബാധിക്കാൻ സാധ്യതയുള്ളതെന്ന് പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോക്ടർ സി.ജെ.ജോൺ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:

വെള്ളപ്പൊക്ക കാലത്ത് ഇത്തിരി മറവി വിശേഷം പറയാം. വർത്തമാന കാലത്തിന് തൊട്ട് മുമ്പുള്ള ഓർമ്മകൾ അപ്രത്യക്ഷമാവുന്നതാണ് റെട്രോഗ്രേഡ് അംനേഷ്യയുടെ പ്രകൃതം. അതിൽ അപ്രീയ സംഭവങ്ങളും ഉൾപ്പെടാം. സംഭവത്തിന് മുൻപുള്ള ഈ നാളുകളെ കുറിച്ചുള്ള വിസ്മൃതി മാറ്റി നിർത്തിയാൽ മറ്റ് ഓർമ്മകുറവുകൾ ഉണ്ടാകണമെന്നില്ല.  റെട്രോഗ്രേഡ് അംനേഷ്യ പിറകോട്ടുള്ള വ്യത്യസ്ഥ കാലയളവുകളിലേക്ക് നീളാം . ഇത്തരം ഓർമ്മക്കുറവ് ഉണ്ടാകുമ്പോൾ പരിഗണിക്കേണ്ട അവസ്ഥകൾ ഇതൊക്കെയാണ്.

*തലച്ചോറിന് കുലുക്കം സംഭവിക്കുന്ന വിധത്തിൽ ആഘാതം തലക്ക്‌

ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇത് ഉണ്ടാകാറുണ്ട്. പോസ്റ്റ് കൺകഷൻ അവസ്ഥയിൽ സ്കാനിങ്ങിൽ പരിക്ക് കാണണമെന്നില്ല. ഓർമ്മകൾ തിരിച്ചു വരികയോ വരാതിരിക്കുകയോ ചെയ്യാം. തൂങ്ങി മരിക്കാൻ ശ്രമിച്ചു രക്ഷപ്പെടുന്നവർ കെട്ടി തൂങ്ങിയ കാര്യം മറന്നുവെന്ന് വരും. താൽക്കാലികമായി തലച്ചോറിലേക്ക് രക്ത ഓട്ടം കുറയുന്നതിനെ ഫലമാണിത്.

*തീവ്ര മാനസിക വേദന ഉണ്ടാക്കുന്ന സംഭവങ്ങൾ മനസ്സ് മുക്കി കളയുന്ന ഒരു മാനസികാരോഗ്യ പ്രശ്നം പരിഗണിക്കണം. ഇത് ബോധ പൂർവ്വമല്ല. വിസ്മൃതി അപ്പോൾ മനോ നോവുകൾ മൂടാനുള്ള പുതപ്പാണ്.

*ഗുരുതര പ്രത്യാഘാതങ്ങളെ ഒഴിവാക്കാനുള്ള അഭിനയമായി ചിലർ മറവിയെ കൂട്ട് പിടിക്കാറുണ്ട്. കൃത്യമായി ചെയ്താൽ കണ്ട് പിടിക്കാൻ ക്ലേശകരമാണ് ഇത്.

*മദ്യത്തിന്റെയോ മറ്റ് ലഹരിയുടെയോ ആധിക്യത്തിൽ അതിന്‌ അടിമപ്പെട്ട വേളയിലെ കാര്യങ്ങൾ ആവിയായി പോകുന്ന മെമ്മറി ബ്ലാക്ക് ഔട്ട് ഒരു സാധ്യതയാണ്. ലഹരി പദാർത്ഥങ്ങളുടെ സാന്നിധ്യം പരിശോധനയിലോ ഹിസ്റ്ററിയിലോ ഉണ്ടാകണം.

റെട്രോഗ്രേഡ് അംനേഷ്യ ഉള്ള അവസ്ഥയിലും അതുള്ളയാൾ സാധാരണ നിലയിൽ പെരുമാറും. വിസ്മൃതിയുടെ ആ ദ്വീപ് മാറ്റി നിർത്തിയാൽ മറ്റ് കാര്യങ്ങൾ വിവേക പൂര്‍വ്വം ചെയ്യാം. മുകളിൽ കൊടുത്ത അവസ്ഥകളിൽ ഏതാണ് റെട്രോഗ്രേഡ് അംനേഷ്യക്കു നിമിത്തമാകുന്നതെന്നു കണ്ടെത്തേണ്ടത് മെഡിക്കൽ ടീമാണ്. അവർ കട്ടായം പറഞ്ഞാൽ അപ്പീലില്ല. ഒരു പ്രേത്യേക സാഹചര്യത്തിൽ ഹൃസ്വമായ റെട്രോഗ്രേഡ് അംനേഷ്യ ഉണ്ടായിയെന്നത് ഉത്തരവാദിത്തപ്പെട്ട ജോലികളിൽ നിന്ന് ഒഴിവാക്കുവാനുള്ള കാരണമാകുന്നുമില്ല.

(സി ജെ ജോൺ)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...