പരിപ്പുവടപ്രേമികളെ ‘ഞെട്ടിച്ച’ ആ തീരുമാനത്തിനു പിന്നിൽ

parippuvada
SHARE

ചേർപ്പ് : പ്രളയ സെസ് ഏർപ്പെടുത്തിയതല്ല, നിവൃത്തിയില്ലാത്തതിനാലാണ്. ഇറ്റാപ്പിരി ഭാസ്കരൻ പരിപ്പുവടയുടെ വില 2 രൂപയാക്കി. ഊരകത്തെ പരിപ്പുവടപ്രേമികളെ ‘ഞെട്ടിച്ച’ ആ തീരുമാനത്തിനു പിന്നിൽ പരിപ്പിന്റെ വിലവർധന തന്നെ.പോക്കറ്റിൽ ഉള്ള 2 രൂപ നാണയം നീട്ടി, ഉഷാറായി പരിപ്പുവട കഴിക്കാം. പോക്കറ്റിൽ കിടന്നു കിലുങ്ങുന്ന നാണയത്തുട്ടിന് ഒരു കടി വിൽക്കണമെന്നതു മാത്രമാണ് ഈ 77ാം വയസ്സിലും ഭാസ്കരന്റെ ആഗ്രഹം. വർഷങ്ങളായി പലഹാരങ്ങൾക്ക്  ഒരു രൂപയായിരുന്നു ഭാസ്കരൻ ഈടാക്കിയിരുന്നത്. 

സൈക്കിളിനു പിന്നിലെ സ്റ്റാൻഡിൽ കെട്ടിവച്ച കണ്ണാടി കൂട്ടിൽ ഇത്തരം പലഹാരങ്ങൾ ഭാസ്കരൻ വിൽപന തുടങ്ങിയിട്ട്  15 വർഷമായി. ഊരകം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ഉച്ചയ്ക്കു 12 മുതലാണ് വിൽപന. പിടിച്ചുനിൽക്കാൻ സാധിക്കാതെയായപ്പോഴാണ് വില ഒരു രൂപ കൂട്ടിയത്. ദിവസം 100 പരിപ്പുവട വരെയാണ് വിൽക്കുക. ഭാര്യ സുലോചനയുടെ സഹായത്തോടെയാണ് ഉണ്ടാക്കുന്നത്. കല്യാണസദ്യയിൽ വിളമ്പാൻ പരിപ്പുവടയുടെ ഓർഡർ ഇടയ്ക്കു ലഭിക്കാറുണ്ട്. ആ ദിവസങ്ങളിൽ ആയിരത്തിലേറെ പരിപ്പുവട തയാറാക്കും. 

സക്കീർ പരിപ്പുവട, വില 2; ചൂട് ഫ്രീ

പാലക്കാട്ടുകാരൻ സക്കീർ കൂർക്കഞ്ചേരിയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിൽ വൈകിട്ട് വിൽക്കുന്നതെന്താണെന്നോ? നല്ല മുഹബത്ത് രുചിയുള്ള പരിപ്പുവട. വില 2 രൂപ മാത്രം. കോയിൻ പരിപ്പുവട എന്നു സക്കീർ വിളിക്കുന്നതിന്റെ കാരണം രണ്ടാണ്. 2 രൂപ കോയിൻ കൊടുത്താൽ വാങ്ങാം. പിന്നെ വലുപ്പവും അത്ര തന്നെ. രുചി മുഹബത്തിന്റെ കാര്യം പറഞ്ഞപോലെ ദുനിയാവോളം.

പാലക്കാട് ഉമർ മൻസിൽ സക്കീർ 4 വർഷമായി വലിയാലുക്കലിൽ കൊച്ചുമുറിയിൽ താമസമാണ്. രാവിലെ 8നു മാവ് അരച്ചു തുടങ്ങും. വൈകിട്ടു 3 മണിയാകുമ്പോൾ തട്ടുകട തുറക്കും. നൂറുകണക്കിനു പരിപ്പുവടയാണ് ആദ്യം വാരി വിതറുക. പിന്നെ സമൂസ, കട്‌ലറ്റ്, ചിക്കൻ റോൾ അങ്ങനെ പത്തോളം വിഭവങ്ങൾ. എല്ലാത്തിലേയും വിൽപന കൂടിച്ചേരുമ്പോഴേ ലാഭമുള്ളു. 2 രൂപയുടെ പരിപ്പുവടയിൽ ലാഭമില്ല. പക്ഷേ, പത്തും മുപ്പതും പരിപ്പുവട ഒരുമിച്ചു വാങ്ങാൻ ആളെത്തും. 

500 പരിപ്പുവടയാണ് ശരാശരി ഒരു ദിവസം വിൽക്കുന്നത്. മറ്റുപലഹാരങ്ങൾക്കും വിലക്കുറവുണ്ട്. എന്നാൽ പരിപ്പുവടയാണ് ആദായവിൽപനയിൽ  മുൻപിൽ. ചൂടോടെ കോരിയെടുത്തു കൊടുക്കുന്നതാണ് പ്രത്യേകത. ഒറ്റയ്ക്കാണ് ഇങ്ങനെ ആയിരത്തോളം പലഹാരങ്ങൾ സക്കീർ ഉണ്ടാക്കുന്നത്. ഈ ചെറിയ പരിപ്പുവടയുടെ രുചി നുണയുമ്പോൾ ഓർക്കുക. ഇത് ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന പാലക്കാട്ടെ ഒരു കുടുംബത്തിന്റെ ഏക വരുമാനമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...