നട്ടുച്ചയ്ക്കും വെളിച്ചം വീഴാത്ത ആ 'ചെരിഞ്ഞ' ഫ്ലാറ്റ്; അവിടെ ഇപ്പോൾ സംഭവിക്കുന്നത്

kochi-old-flat
SHARE

ആലപ്പുഴയിൽ നിന്നും കൊച്ചി വൈറ്റിലയിലേക്ക് യാത്ര ചെയ്യുന്ന വഴിയിൽ മരട് പാലത്തിന്റെ അടുത്തായി ഒരു ചെരിഞ്ഞ ഫ്ലാറ്റുണ്ട്. ഏറെ വാര്‍ത്തകളിലും കുറിപ്പുകളിലും ഇടം കണ്ട ഒരിടം. ഏറെ നാൾ മുൻപ് വരെ മരടിലെ ആദ്യത്തെ ഫ്ലാറ്റ് എന്ന വിശേഷണമായിരുന്നു ഇതിനുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ ചരിഞ്ഞ കെട്ടിടം ലഹരിമാഫിയയുടെ ഫ്ലാറ്റ് ഹബ്ബായി മാറുകയാണ്. 9 നിലകളുള്ള ഫ്ലാറ്റ് പകുതിയ്ക്കവെച്ച് പണി നിർത്തിയതാണ്. നട്ടുച്ചയ്ക്ക് പോലും വെളിച്ചം കയറാത്ത മുറികളും വള്ളിപടർപ്പുകളും ചെടികളും വളർന്ന് ഭാർഗവീനിലയം പോലെയായിക്കഴിഞ്ഞു ഈ ചരിഞ്ഞ കെട്ടിടം. 

ഫ്ലാറ്റിനെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകൾ നിലവിലുണ്ട്. എന്നാൽ ലഹരിമാഫിയയുടെ ഇടമെന്നുള്ളത് കേവലം ദുരൂഹതമാത്രമല്ല. നെട്ടൂർ ചതുപ്പിൽ അർജുൻ എന്ന യുവാവിനെ  കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ചരിഞ്ഞ ഫ്ലാറ്റ് വീണ്ടും പൊലീസ് നിരീക്ഷണത്തിലാകുന്നത്.  ഫ്ലാറ്റിൽ നട്ടുച്ചയ്ക്ക് ആരെയെങ്കിലും കൊന്നിട്ടാൽ പോലും അറിയില്ല. അലറിക്കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ആരുമില്ല. നെട്ടൂരിലെ കണ്ടൽകാട് പോലെ തന്നെ നഗരഹൃദയത്തിൽ സാമൂഹികവിരുദ്ധരുടെ ഇഷ്ട ഇടമായി മാറിയ ഈ ഫ്ലാറ്റിനെക്കുറിച്ച്  മനോരമന്യൂസ് ഡോട്ട്കോമിനോട് പറയുകയാണ് മരട് കൗൺസിലർ ജബ്ബാർ പാപ്പന.

നട്ടുച്ചസമയത്തും വൈകുന്നേരങ്ങളിലും കോളജിലും സ്കൂളിലും പോകാതെ വിദ്യാർഥികൾ ഈ ഫ്ലാറ്റിൽ തമ്പടിക്കാറുണ്ട്. അവിടെയിരുന്ന് മയക്കുമരുന്നും മദ്യാപാനവും സ്ഥിരം പരിപാടിയാണ്. ചില കുട്ടികൾ മയക്കുമരുന്ന് കഴിച്ച് അബോധാവസ്ഥയിലായി രാത്രിയിലും അവിടെ തന്നെ കിടന്ന് ഉറങ്ങാറുണ്ട്. അവധി ദിവസങ്ങളിൽ ചൂണ്ടയിടാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും കുട്ടികൾ ഇറങ്ങുന്നത്. ആ വളപ്പിൽ കയറിക്കഴിഞ്ഞാൽ പിന്നെ ആരും അവരെ കാണില്ല. എന്ത് വേണമെങ്കിലും കാണിക്കാം. ഫ്ലാറ്റിന്റെ ജനലും വാതിലുമെല്ലാം ഉടമ പൊളിച്ചുകൊണ്ടുപോയി. അതിനാൽ രണ്ടും മൂന്നും നിലകളിലേക്ക് വരെ സുഖമായി കയറാം. 

അതിനോട് ചേർന്ന് ഓടിട്ട ആൾത്താമസമില്ലാത്ത ചെറിയ വീടുണ്ട്. അവിടെയും കുട്ടികൾ ഇരുന്ന് കള്ളും കഞ്ചാവും ഉപയോഗിക്കാറുണ്ട്. രണ്ട് ആത്മഹത്യകളും ആ ഫ്ലാറ്റിൽ നടന്നിട്ടുണ്ട്. എന്തോ ഭാഗ്യത്തിനാണ് ഇതുവരെ കൊലപാതകം സംഭവിക്കാത്തത്. അനാശ്വാസ്യം ഉൾപ്പടെ എന്ത് നടന്നാലും അറിയില്ല. പൊലീസ് ഇടയ്ക്ക് പെട്രോളിങ്ങിന് വരുമ്പോൾ കുട്ടികൾ ഓടിരക്ഷപെടും. രണ്ട് ദിവസം കഴിഞ്ഞ് പിന്നെയും വരും. ഞങ്ങൾ നാട്ടുകാരും സംയുക്തമായി കുട്ടികളെ അവിടെ നിന്ന് അകറ്റാറുണ്ട്. വീട്ടുകാരോട് മക്കളുടെ പോക്ക് ശരിയല്ലെന്ന് പറയുമ്പോൾ അവർ ഞങ്ങളോട് ക്ഷോഭിക്കും. പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാറില്ല. 

മറ്റ് ഏത് സ്ഥലങ്ങളെക്കാളും നെട്ടൂരിലേക്ക് ലഹരി കടത്താൻ എളുപ്പമാണ്. പാലക്കാടിന് വാളയാർ എന്ന് പറയുന്നതുപോലെ കൊച്ചിയുടെ ഒരു അതിർത്തിയാണ് നെട്ടൂർ. തേവരയിൽ നിന്നും ഫോർട്ട് കൊച്ചിയിൽ നിന്നുമൊക്കെ നെട്ടൂരിലേക്ക് എത്താൻ എളുപ്പമാർഗങ്ങളുണ്ട്. തേവര പാലത്തിന്റെ ഒരു വശത്ത് താഴേക്ക് ഇറങ്ങാൻ പടികളുണ്ട്. ആ പടികളിറങ്ങി നടന്നാൽ എത്തുന്നത് നെട്ടൂരിലെ വിജനമായ സ്ഥലത്താണ്. അവിടെവെച്ചാണ് സ്ഥിരമായി ലഹരികൈമാറ്റം നടക്കുന്നത്. ഈ ചെരിഞ്ഞ ഫ്ലാറ്റ് പോലെ തന്നെ സാമൂഹികവിരുദ്ധരുടെ താവളമാണ് നെട്ടൂരിലെ പഴയ റെയിൽവെസ്റ്റേഷനും. അർജുന്റെ കൊലപാതകത്തിന് ശേഷവും കണ്ടൽക്കാടുകളിലെ ഇരിപ്പടങ്ങളും കോൺക്രീറ്റ് സ്ലാബുകളുമൊന്നും മാറ്റിയിട്ടില്ല. കഴിഞ്ഞ ദിവസം അഞ്ചാറുകൊട്ടവഞ്ചിക്കാർ ചേർന്ന് ഒരു സ്ത്രീയെ മദ്യം കുടിപ്പിച്ച് ചരിഞ്ഞ ഫ്ലാറ്റിന്റെ സമീപം കൊണ്ടുവന്നു. ലക്കുകെട്ട അവർ അവിടെ നിന്ന് ഇറങ്ങിയോടി മറ്റവീടുകളുടെ വാതിലിൽ തട്ടിയതോടെയാണ് സംഭവം പുറത്തുവരുന്നത്.

എന്റെ അറിവ് ശരിയാണെങ്കിൽ കോയമ്പത്തൂരുള്ള ഒരു തമിഴനാണ് പുതിയ ഉടമ. അദ്ദേഹത്തിന് ഇത് പൊളിച്ച് കളയാൻ ഉദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് വാതിലും ജനലുമെല്ലാം ഇളക്കിമാറ്റി കൊണ്ടുപോയത്. എന്നാൽ ചില പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് ചിലർ രംഗത്ത് വന്നതോടെ പൊളിച്ചുകളയാൻ സാധിക്കാത്ത അവസ്ഥയായി. പനങ്ങാട് ജനമൈത്രി പൊലീസ് ഇവിടുത്ത് ലഹരിതാവളത്തിനെതിരെ നടപടിയെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും നാട്ടുകാർക്ക് കൂടി ബാധ്യതയായി മാറിയിരിക്കുകയാണ് ചരിഞ്ഞ ഫ്ലാറ്റ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...