മകനെ തോളിലേറ്റി യതീഷ്ചന്ദ്രയുടെ വരവ്; ആനയൂട്ടിനെത്തിയത് ‘അച്ഛന്‍’ യതീഷ്ചന്ദ്ര

yatheesh-chandra
SHARE

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയത് മഫ്തിയിലായിരുന്നു. ഒപ്പം, മകന്‍ വിശ്രുത് ചന്ദ്രയും ഒപ്പമുണ്ടായിരുന്നു. നാല്‍പത്തിയേഴ് ആനകള്‍ ഒന്നിച്ച് അണിനിരന്ന കാഴ്ച കണ്ടപ്പോള്‍ മകന് ആവേശമായി. ആളുകള്‍ ആനയ്ക്കുരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്‍ അച്ഛനോട് പറഞ്ഞു. ‘‘എനിക്കും ആനയ്ക്ക് പഴം കൊടുക്കണം’’. ആനയ്ക്കു പഴം നല്‍കാന്‍ എളുപ്പത്തിന് മകനെ അച്ഛന്‍ തോളിലേറ്റി. കര്‍ണാടക സ്വദേശിയായ യതീഷ്ചന്ദ്ര കുടുംബസമേതം തൃശൂരിലാണ് രണ്ടുവര്‍ഷമായി താമസം. ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ കമ്മിഷണറായി ചുമതലയേറ്റ ശേഷം പലപ്പോഴും ആനയെ കാണണമെന്ന്  അച്ഛനോട് മകന്‍ ആവശ്യപ്പെട്ടിരുന്നു. പൂരത്തിന് ക്രമസമാധാന ഡ്യൂട്ടിയുടെ തിരക്കായതിനാല്‍ മകന്‍റെ ആഗ്രഹം സാധിച്ചിരുന്നില്ല. വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ദിവസം മകനെ കൊണ്ടുവരാന്‍ കാരണവും അതായിരുന്നു. അവധി ദിവസം മകനോടൊപ്പം ബൈക്ക് റൈഡ് മുടങ്ങാതെ ചെയ്യാറുണ്ട് യതീഷ്ചന്ദ്ര. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ മകനോടൊപ്പം പോകുന്നത് കമ്മിഷണറാണെന്ന് ആളുകള്‍ തിരിച്ചറിയാറുമില്ല. പൂരപ്രേമികള്‍ക്കിടയില്‍ പൂരം ആഘോഷിക്കുന്ന യതീഷ്ചന്ദ്രയുടെ വീഡിയോ കഴിഞ്ഞ പൂരത്തിന് വൈറലായിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പിയായി ജോലി ചെയ്ത ശേഷമാണ് കമ്മിഷണറായി തൃശൂരില്‍ ചുമതലയേറ്റത്. 

yatheesh8

ആനയൂട്ടിന്‍റെ പ്രത്യേകത

എല്ലാ വര്‍ഷം കര്‍ക്കടകം ഒന്നാം തിയതി വടക്കുന്നാഥ സന്നിധിയില്‍ ആനകളെ ഊട്ടാറുണ്ട്. ഇക്കുറി, കര്‍ക്കടകം ഒന്നിന് ചന്ദ്രഗ്രഹണം ആയതിനാല്‍ ആനയൂട്ട് ഇന്നത്തേയ്ക്കു മാറ്റി. വിവിധ ദേവസ്വങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നുമായി നിരവധി ആനകള്‍ ഊട്ടിന് എത്തി. പുലര്‍ച്ചെ തുടങ്ങിയ ഗണപതിഹോമത്തിനു ശേഷമായിരുന്നു ഊട്ട്. ഔഷധക്കൂട്ട് അടങ്ങിയ ചോറുരളകള്‍. അവിയലും ശര്‍ക്കരയും കൂട്ടികലര്‍ത്തി ഉരുളകള്‍. പഴം... തുടങ്ങി വിശിഷ്ടമായ വിഭവങ്ങളോടെയായിരുന്നു ആനയൂട്ട്. ഉല്‍സവങ്ങളുടെ സീസണിനു ശേഷം വിശ്രമത്തില്‍ കഴിയുന്ന കൊമ്പന്‍മാര്‍ക്ക് കര്‍ക്കടകം സുഭിക്ഷമായ ഊട്ടിന്‍റേതാണ്. തൃശൂരിലെ ആനകളെ സംബന്ധിച്ചിടത്തോളം പട്ടയും പഴവും സുഭിക്ഷമാണ്. ആനയെ നെഞ്ചിലേറ്റുന്ന നാടായതിനാല്‍ ദേശക്കാരും ആന ഉടമകളും കൊമ്പന്‍മാരെ ഊട്ടാന്‍ പിശുക്കു കാണിക്കാറില്ല.

yatheesh5
MORE IN SPOTLIGHT
SHOW MORE
Loading...
Loading...