ഉറങ്ങുമ്പോള്‍ ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ചു; മുഖം കണ്ട് കുഞ്ഞുങ്ങള്‍ ഭയന്നു; പൊള്ളിച്ച് കുറിപ്പ്

acid-attack-21
SHARE

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന അനുഭവം പങ്കിട്ട് യുവതി. സ്വന്തം ഭര്‍ത്താവ് ആണ് ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സ്വന്തം വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ല. മക്കള്‍ അടുത്തുവരാന്‍ ഭയന്നു. അഭയമില്ലാതായപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് സഹായത്തിനെത്തിയത്. തോറ്റുകൊടുക്കില്ലെന്നുറിച്ചാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന് യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പറയുന്നു. 

പതിനേഴാം വയസ്സിലായിരുന്നു എന്റെ വിവാഹം. ഇരുപത്തിനാല് വയസ്സുള്ള ആളുമായായിരുന്നു വിവാഹം. ആദ്യദിവസം മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കണമെന്ന് മനസ്സിലായി. 

വീട്ടിലിരുന്നുകൊണ്ട് തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ബിസിനസ് ഞാനാരംഭിച്ചു. പക്ഷേ അതെന്റെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു അദ്ദേഹം. പക്ഷേ വേണ്ടത്ര സമ്പാദ്യമോ വരുമാനമോ ഉണ്ടായിരുന്നില്ല. പലയാളുകളില്‍ നിന്നായി കടം വാങ്ങിയിട്ടുണ്ടായിരുന്നു. രാത്രി ഏറെ വൈകിയും സുഹൃത്തുക്കളുമായി വീട്ടില്‍ മദ്യപിച്ചിരിക്കുക പതിവായി. ഒരിക്കല്‍ ഇതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ കത്തിയെടുത്ത് എന്റെ മുഖത്ത് വെട്ടി. അന്ന് വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. 

എന്നാല്‍ എന്നോട് വീട്ടിലേക്ക് വരേണ്ടെന്ന് അമ്മ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നുനിന്നാല്‍ അനിയത്തിമാരുടെ വിവാഹം മുടങ്ങുമെന്ന് അമ്മ പറഞ്ഞു. പോകാന്‍ മറ്റ് സ്ഥലങ്ങളില്ലാതെ വന്നതോടെ ഞാനാ വീട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. 

അധികം വൈകാതെ ഞാനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരിക്കല്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ അവളെ വീട്ടിലെ മാലിന്യങ്ങളിടുന്ന സഞ്ചിയിലാക്കി പുറത്തേക്കെറിയാന്‍ നോക്കി. പൊലീസിനെ വിളിക്കുമെന്ന് അലറിയപ്പോള്‍ മാത്രമാണ് അയാള്‍ നിര്‍ത്തിയത്. 

രണ്ടാമത്തെ കുഞ്ഞുണ്ടായതിന് ശേഷം അയാളുടെ പെരുമാറ്റം അസഹ്യമായി. എന്റെ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും എന്നെയും നിരന്തരം മര്‍ദിക്കുമായിരുന്നു. ഒരു രാത്രി അയാള്‍ എന്നോട് പറഞ്ഞു, 'നീ പണമുണ്ടാക്കുന്നത് കൊണ്ടാണ് നിനക്കിത്ര അഹങ്കാരണം. ഒരിക്കല്‍ നീ വീടിന് പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന സമയം വരും, അങ്ങനെയൊരു അവസ്ഥയില്‍ നിന്നെ ഞാന്‍ എത്തിക്കും.'

ഞാന്‍ പേടിച്ചുപോയി. ഞാനെന്റെ അമ്മയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അമ്മ സഹായിച്ചില്ല. വീട്ടില്‍ കയറ്റിയില്ല, തിരികെ പോകാന്‍ പറഞ്ഞു. പോകാന്‍ മറ്റൊരു സ്ഥലവുമില്ലായിരുന്നു എനിക്ക്. അങ്ങനെ ആ വീട്ടിലേക്ക് ഞാന്‍ മടങ്ങിച്ചെന്നു. അന്ന് രാത്രി ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഞെട്ടിയെഴുന്നേറ്റപ്പോള്‍ എന്റെ ശരീരത്തിന് തീപിടിച്ച പോലെ തോന്നി. എന്റെ മുഖം ഉരുകുകയായിരുന്നു. 

എന്റെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അവരാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. നാല് മാസം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്റെ വീട്ടില്‍ നിന്നാരും എന്നെ സഹായിക്കാന്‍ വന്നില്ല. ആസിഡ് വീണ് പൊള്ളിയ മുഖമുള്ള എന്നെപ്പോലൊരാളെ അവര്‍ക്ക് വേണ്ടായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയായ സാഹസ് ഫൌണ്ടേഷനാണ് എന്നെ സഹായിച്ചത്. ചികിത്സക്ക് പണം നല്‍കിയത്. 

ഞാന്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിപ്പോള്‍ ജയിലിലാണ്. ഓരോ ദിവസവും ആത്മഹത്യ ചെയ്യണമെന്ന ചിന്തയാണ്. എന്റെ സ്വന്തം മക്കള്‍ പോലും എന്റടുത്ത് വരാതായി. എന്റെ അടുത്ത വീട്ടിലെ ആളുകള്‍ പോലും എന്നോട് സംസാരിക്കാതായി. എന്റെ ഭീകരമായ മുഖമായിരുന്നു എല്ലാവരുടെയും പ്രശ്നം. 

ആശുപത്രി വിട്ടപ്പോഴും എനിക്ക് സഹായമായത് സാഹസ് ഫൌണ്ടേഷനാണ്. എന്റെ കുഞ്ഞുങ്ങളെ ബോര്‍ഡിംഗിലയക്കാനും അവര്‍ സഹായിച്ചു. എന്റെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് എന്റെ ജീവിതം നശിപ്പിച്ചു. എനിക്കൊരു ഷോള്‍ കൊണ്ട് മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാകില്ല. ജോലി ലഭിക്കുന്നില്ല, താമസിക്കാന്‍ ഇടമില്ല. 

ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റക്കാണ്. ഈ മുറിവുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു, തോറ്റുകൊടുക്കരുത് എന്ന്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...