ആനപ്പുറത്തേറിയ ഇന്ദിരയുടെ പാതയില്‍ പ്രിയങ്ക; ആവർത്തിക്കുന്ന ചരിത്രം

indira-new
SHARE

ജൂലൈ, 1977, ബിഹാറിലെ ബെല്‍ചി. ജാതിവെറിയില്‍ ദലിത് കുടുംബങ്ങളെ കൂട്ടക്കൊല ചെയ്തു സവര്‍ണമുതലാളിമാര്‍. ആറുമാസം മുമ്പ് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിഹാറിലടക്കം  തോറ്റമ്പിയിരുന്നു കോണ്‍ഗ്രസ്. ഇന്ദിര ഗാന്ധി റായ്ബറേലിയിലും സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു. പല തലമുതിര്‍ന്ന നേതാക്കളും  ഇന്ദിരയുടെ പാര്‍ട്ടിയെ കൈവിട്ട കാലം. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയം ഇന്ദിര ഗാന്ധിയെന്ന നേതാവിനെ തളര്‍ത്തിയില്ല. ബെല്‍ചിയിലേക്ക് പോകാന്‍ ഇന്ദിര തീരുമാനിച്ചു. ഇന്ദിരഗാന്ധിയുടെ നീക്കങ്ങള്‍ ഭരണപക്ഷത്തിന് അപ്രതീക്ഷിതമായിരുന്നു. സഹായികള്‍ യാത്രാപദ്ധതി തയാറാക്കുമ്പോഴേക്കും ഇന്ദിര പുറപ്പെട്ടുകഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെയാണ് ഇന്ദിര ഗാന്ധി പുറത്തെപ്പട്ടതെന്ന് അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു.

ബിഹാറിലെ ആ ഉള്‍നാടന്‍ ഗ്രാമത്തിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. ആദ്യം ട്രെയിനില്‍ പിന്നെ ജീപ്പില്‍. ഈ വൈതരണികളൊന്നും ആധുനിക ദുര്‍ഗയെ പിന്തിരിപ്പിച്ചില്ല. കാര്‍ പോകാന്‍ പ്രയാസമാവുമെന്നറിയിച്ചപ്പോള്‍ നടന്നുപോവുമെന്നായി ഇന്ദിര. ചെളിനിറഞ്ഞ റോഡില്‍ ജീപ്പ് കേടായി, പിന്നാലെ ട്രാക്ടര്‍ വരുത്തി. കുറെക്കഴിഞ്ഞ് അതും പണിമുടക്കി. പിന്തിരിയാന്‍ ഇന്ദിര തയാറായില്ല. ജാതിക്കോമരങ്ങള്‍ കൊന്നു തള്ളിയ ദളിതരുടെ ബന്ധുക്കളെ ഏതുവിധേനയും താന്‍ കാണുമെന്നായി പ്രിയദര്‍ശിനി. ചെളിനിറഞ്ഞ റോഡിലൂടെ അവര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.  മുന്നോട്ട് പോയാല്‍ ചെളിക്കുളങ്ങളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സാരി അല്‍പം ഉയര്‍ത്തി കുത്തിവച്ച് ഇന്ദിര മുന്നോട്ട് നടന്നു. 

indira-story

അപ്പോഴാണ് ഒരു നാട്ടുകാരന്‍ ചോദിച്ചത്. താങ്കള്‍ക്ക് ആനപ്പുറത്ത് കയറാമോ ? ..ആനപ്പുറത്ത് ഞാന്‍ മുമ്പും കയറിയിട്ടുണ്ട്. ഇപ്പോ കുറച്ചുകാലമായി. ഇന്ദിരയുടെ മറുപടി. മോത്തി എന്ന കൊമ്പനെത്തി. അവന്‍റെ മുകളില്‍ പടനായികയെപ്പോലെ കയറിരുന്ന് യാത്ര തുടര്‍ന്നു ഇന്ദിരഗാന്ധി. സഹായി പ്രതിഭാസിങ് ഭയന്നുവിറച്ച് ആനപ്പുറത്തിരുന്നത് പഴയതലമുറ ഇന്നും ഓര്‍ക്കുന്നു. ചിത്രം പകര്‍ത്തുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ആവേശത്താല്‍ ഉറക്കെ വിളിച്ചു. "ഇന്ദിരാഗാന്ധി നീണാൾ വാഴട്ടെ". അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ച് ഇന്ദിര മുന്നോട്ട് നീങ്ങി. 

പെരുമഴയും ഇടിമിന്നലും അറുപതാം വയസിലും അവരെ തീരുമാനത്തില്‍ നിന്ന്  പിന്തിരിപ്പിച്ചില്ല. കൂരിരുട്ടില്‍ പെരുമഴയത്ത് ആനപ്പുറത്തെത്തിയ ഇന്ദിര ബെല്‍ചി നിവാസികളെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു .അവരുടെ ദുരന്തം നേരില്‍ കാണാനെത്തിയ ആദ്യ നേതാവായിരുന്നു ഇന്ദിര പ്രിയദര്‍ശിനി. കണ്ണീരും മുദ്രാവാക്യം വിളികളും കൊണ്ട് മുഖരിതമായി ബെല്‍ചി. എങ്ങും ഇന്ദിര വിളികളുയര്‍ന്നു.  തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തെഴുനേല്‍പ്പിന്‍റെ തുടക്കമായിരുന്നു ബെല്‍ചിയില്‍ കണ്ടത്. 

ഇന്ന് ഇന്ദിരയുടെ ചെറുമകളിലൂടെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ മുഴുവന്‍  നേരിട്ട് കാണാതെ മടങ്ങില്ലെന്ന ഉറച്ചനിലപാടുമായി പ്രിയങ്ക ഗാന്ധി തുടരുമ്പോള്‍ ഇന്ത്യയിലെ പഴയ തലമുറ അവരില്‍ ഇന്ദിരയെ കാണുന്നു. അറസ്റ്റ് വരിക്കാനും തയാറാണെന്ന അവരുടെ പ്രഖ്യാപനം  ഇന്ദിരയുടെ അറസ്റ്റ് ഓര്‍മിപ്പിക്കുന്നതാണ്. അഴിമതിക്കേസില്‍ ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്യുക എന്നത് മൊറാര്‍ജി സര്‍ക്കാരിന്‍റെ പ്രധാനതീരുമാനങ്ങളിലൊന്നായിരുന്നു. 

മറ്റ് ക്യാബിനറ്റ് അംഗങ്ങളെല്ലാം ഇന്ദിരയുടെ അറസ്റ്റിനായി മുറിവിളി കൂട്ടുമ്പോള്‍ പ്രധാനമന്ത്രി  മൊറാര്‍ജി ദേശായിക്ക് ആ നീക്കം തിരിച്ചടിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ഇന്ദിരയെന്ന രാഷ്ട്രീയക്കാരിയെ മൊറാര്‍ജിക്ക് നന്നായി അറിയുമായിരുന്നു. ചൗധരി ചരണ്‍ സിങ്ങെന്ന ആഭ്യന്തരമന്ത്രി പക്ഷെ ഇന്ദിരയെ അകത്താക്കാന്‍ തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നു.

 .......തുടരും

MORE IN SPOTLIGHT
SHOW MORE
Loading...
Loading...