കാമുകനെ തേടി അലഞ്ഞതല്ല; കേട്ടതൊന്നും സത്യമല്ല; ആ ടീച്ചർ ഇവിടെയുണ്ട്

shamreez20
SHARE

പ്രിയദർശിനി ടീച്ചറെ ഓർമ്മയുണ്ടോ? ലോക്കോ പൈലറ്റായ കാമുകനെ തേടി വർഷങ്ങളായി അലഞ്ഞ് തിരിയുന്നുവെന്ന് വാട്ട്സാപ്പ് വഴി ചിലരെങ്കിലും ഫോർവേഡ് ചെയ്ത മെസേജിലെ നായികയെ. ആ കേട്ടതൊന്നും സത്യമല്ലെന്നാണ് ഷംരീസ് ബക്കർ എന്ന മനുഷ്യസ്നേഹി പറയുന്നത്. വിശപ്പ് രഹിത, ഭിക്ഷാടന മുക്ത നഗരമെന്ന ആശയത്തോടെ പ്രവർത്തിക്കുന്ന 'അത്താഴക്കൂട്ട'മെന്ന സംഘടനയിലെ അംഗമാണ് ഷംരീസ്. ഒന്നര വർഷം മുമ്പ് പ്രിയദര്‍ശിനി ടീച്ചറെ കണ്ടെത്തിയെന്നും തണൽ എന്ന സന്നദ്ധ സംഘടനയുടെ പരിചരണത്തിൽ അവർ സന്തോഷമായി കഴിയുന്നുവെന്നും ഷംരീസ് പറയുന്നു.

ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രിയദർശിനി ടീച്ചറെ ഷംരീസ് കണ്ടെത്തിയത്. പൊലീസുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് സ്നേഹത്തണലിലേക്ക് പ്രിയദർശിനി ടീച്ചറെ മാറ്റാൻ കഴിഞ്ഞത്.

 ആ കഥ ഷംരീസ് പറയുന്നത് ഇങ്ങനെ....

ദുബൈയിലുള്ള ഒരു സുഹൃത്താണ് തലശ്ശേരിയിൽ ഇങ്ങനെ ഒരു സ്ത്രീയുണ്ടെന്നും അവരെ കുറിച്ച് വാട്ട്സാപ്പിലും മറ്റും വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും വിളിച്ച് പറഞ്ഞത്. ഒന്ന് അന്വേഷിക്കാനും പറഞ്ഞു. അങ്ങനെയാണ് അന്വേഷണം ആരംഭിച്ചത്. അങ്ങനെയാണ് ഡിവൈഎസ്പി ഓഫീസിന് സമീപമുള്ള വലിയ വീട്ടിലാണ് ഇവർ താമസിക്കുന്നതെന്ന് മനസിലായി. ഇവരുടെ ചിത്രങ്ങൾ പകർത്തി പരിശോധിച്ചതോടെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതായി മനസിലാക്കി. തലശ്ശേരിയിലുള്ള ഒരു ലേഡീസ് സ്റ്റോറിൽ നിന്നാണ് ഇവർ മേക്കപ്പ് സാധനങ്ങൾ വാങ്ങുന്നതെന്ന് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. കടയുടമയിൽ നിന്നും ടീച്ചറെ കുറിച്ചുള്ള കുറച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

sam20

അന്വേഷണം തുടരുന്നതിനിടയിലാണ് ടീച്ചർ ഒരു ബേക്കറിയിൽ പോയി ബ്രഡും പാലും ബിസ്കറ്റുമെല്ലാം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. അവിടെയുള്ള കോയിൻ ബോക്സിൽ നിന്ന് ഫോൺ വിളിക്കാറുണ്ടെന്ന് ബേക്കറിയുടമ പറഞ്ഞതാണ് വഴിത്തിരിവായത്. ഇതോടെ ഒരു ദിവസം അവർ വിളിച്ചതിന് പിന്നാലെ ആ നമ്പറിൽ തിരികെ വിളിച്ചു. മറുതലയ്ക്കൽ ഫോണെടുത്തത് പ്രിയദർശിനി ടീച്ചറിന്റെ അനുജത്തി ആയിരുന്നു. മാഹിയിൽ ജീവിക്കുന്ന ഇവരാണ് ടീച്ചർക്ക് സാമ്പത്തിക സഹായം നൽകി വന്നിരുന്നത്. ടീച്ചർക്ക് ഒരു കുടുംബം ഉണ്ടായിരുന്നുവെന്നും ഭർത്താവ് മരിച്ച് പോയതാണെന്നും വീട്ടുകാരിലൂടെ അറിഞ്ഞു.

ടീച്ചറെ കുറിച്ച് അന്വേഷിച്ചത് അവരിൽ പരിഭ്രമം ഉളവാക്കിയെങ്കിലും പൊലീസുകാരുടെ സഹായത്തോടെ അവരുടെ സംശയങ്ങളെല്ലാം മാറ്റി. ഒടുവിൽ ഇവരെ പറഞ്ഞ് മനസിലാക്കിയതോടെ പ്രിയദർശിനി ടീച്ചറെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള വഴി തെളിയുകയായിരുന്നു.  ടീച്ചറുടെ സഹോദരിയും മാഹിയിൽ  തനിച്ചാണ് താമസം. മറ്റ് ബന്ധുക്കൾ കേരളത്തിന് പുറത്താണെന്നും അന്വേഷിച്ച് കണ്ടെത്തി. 

അത്താഴക്കൂട്ടത്തിലെ സഹപ്രവർത്തകരുടെ സഹായത്തോടെ വയനാടുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ കൊണ്ടു പോയെങ്കിലും അവർ തിരിച്ചയച്ചു. അതൊരു സങ്കടമായെങ്കിലും അതൊരു അനുഗ്രഹമായെന്നാണ് ഷംരീസ് ഇപ്പോൾ പറയുന്നത്. വടകരയിലെ തണൽ എന്ന സംഘടനയുടെ ചെയർമാൻ കൂടിയായ സുഹൃത്തിനോട് സംസാരിച്ചപ്പോൾ നീ പേടിക്കണ്ട, കൊണ്ടു വന്നോളൂ, ഞാൻ നോക്കിക്കോളാം എന്ന് ധൈര്യം തന്നു. അങ്ങനെയാണ് ടീച്ചർ സ്നേഹത്തണലിലേക്ക് എത്തിയത്. 

വാട്ട്സാപ്പിലൂടെ  പ്രിയദർശിനി ടീച്ചറെ ലോക്കോപൈലറ്റിന്റെ കാമുകിയാക്കിയുള്ള ആ പ്രണയം തുളുമ്പുന്ന സാങ്കൽപ്പിക കഥ കയ്യിൽ കിട്ടിയാൽ അനശ്വര പ്രണയം എന്നും പറഞ്ഞ് മറ്റാർക്കും അയയ്ക്കാതിരിക്കുക. സ്നേഹമുള്ള കുറച്ചാളുകളുടെ നടുവിൽ കഴിഞ്ഞ ഒന്നര വർഷമായി ടീച്ചർ സന്തോഷത്തോടെ ജീവിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...