ട്രാക്കിൽ മൂത്രമൊഴിച്ച ലോക്കോ പൈലറ്റ്; ആ വിഡിയോ ആഘോഷിക്കുന്നവരോട്: വേദനകുറിപ്പ്

loco-pilot-fb-post
SHARE

ട്രെയിനിലെ മോട്ടോർമാൻ ക്യാബിനുകളിൽ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തത് മൂലം റെയിൽവേ ട്രാക്കിൽ മൂത്രമൊഴിച്ച ലോക്കോ പൈലറ്റിന്റെ ചിത്രങ്ങളും വിഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തെ മുൻനിർത്തി മലയാളിയായ ലോക്കോ പൈലറ്റ് സി. പ്രദീപ് എഴുതിയ കുറിപ്പ് സൈബർ ലോകത്തെ ശ്രദ്ധേയമാവുകയാണ്.

ലോക്കോ പൈലറ്റ് സി. പ്രദീപ് എഴുതിയ കുറിപ്പ് വായിക്കാം; 

ഇപ്പോഴത്തെ വൈറൽ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ട്രാക്കിൽ മൂത്രം ഒഴിക്കുന്നത് ... ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ... കേരളത്തിന് വെളിയിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് കുറവാണ് ... ചെന്നൈ - വിജയവാഡ 430 KM ആണ്... പല ട്രെയിനുകൾക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല ... അത്രയും ദൂരം ട്രെയിനിൽ ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകൾക്ക് ആഹാരം കഴിക്കാനും , പ്രാഥമിക ആവിശ്യങ്ങൾ നിർവ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല ... 

ട്രെയിൻ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാർ ആഹാരം കഴിക്കുന്നത് തന്നെ .... വഴിയിൽ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ ... അത് പോലെ വെള്ളവും ... വെള്ളം സമയത്ത് കുടിക്കാത്തത് കൊണ്ട് മിക്ക ലോക്കോ പൈലറ്റുമാർക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട് ... 

ഇനി മെമുവിന്റെ കാര്യം എടുത്താൽ , അതിൽ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു ... ട്രെയിൻ ഓടുമ്പോൾ ലോക്കോ പൈലറ്റ് എപ്പോഴും DMH എന്നൊരു ഹാൻഡിൽ അമർത്തി പിടിച്ച് ആണ് ട്രെയിൻ ഓടിക്കേണ്ടത് ... ഹാൻഡിലിൽ നിന്നും കൈ എടുത്താൽ ട്രെയിൻ അവിടെ നിൽക്കും ... വാട്ടർബോട്ടിലിൽ വെള്ളം ഉണ്ടെങ്കിൽ പോലും വെള്ളം കുടിക്കാൻ കഴിയാറില്ല .. ട്രെയിൻ നിർത്തുമ്പോൾ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിൻ സ്റ്റാർട്ട് ചെയ്യാൻ പറയും ... ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം ... സിംഗിൾ മാൻ വർക്കിംഗ് ആയത് കൊണ്ട് ട്രെയിൻ നിർത്തുമ്പോൾ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല .. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാർട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച് തിരുവനന്തപുരത്ത് വരാൻ വൈകിട്ട് 7.25 ആകും .... അത്രയും സമയം വെള്ളം കുടിക്കാതെ , ആഹാരം കഴിക്കാതെ , മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു ..

ലോക്കോയിൽ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വർഷങ്ങളായ ആവിശ്യമാണ് ... പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങൾക്ക് ട്രാക്കിൽ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ ....ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ ... ഞങ്ങളും മനുഷ്യരാണ് ....

( എഞ്ചിനിൽ ടോയ്ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം , ഞങ്ങൾക്ക് സ്റ്റേഷനുകളിൽ പ്രാഥമിക ആവിശ്യം നിർവ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാൽ ഞങ്ങൾ ഹാപ്പിയാണ് )

സി . പ്രദീപ്

ലോക്കോ പൈലറ്റ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...