27 വര്‍ഷം കാട്ടില്‍; ആകെ മിണ്ടിയത് 'ഹായ്' എന്ന വാക്ക്; ഒറ്റക്ക് അപൂര്‍വജീവിതം

cristopher-knight
Image Courtesy: BBC
SHARE

ഏകാന്തത പലര്‍ക്കും വേദനയാണ്, ചിലര്‍ക്കൊക്കെ ആനന്ദവുമാണ്. എന്നാല്‍ 27 വര്‍ഷം ഏകാന്തതയുടെ ആനന്ദവും ലഹരിയും ആവോളം അനുഭവിച്ച മനുഷ്യനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര് ക്രിസ്റ്റഫർ നൈറ്റ്. വനാന്തരങ്ങളില്‍ നീണ്ട 27 വര്‍ഷം ഏകാന്തജീവിതം നയിച്ച ക്രിസ്റ്റഫറിന്റെ കഥ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

ഇരുപതാമത്തെ വയസിലാണ് ക്രിസ്റ്റഫര്‍ അമേരിക്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിലുള്ള മെയ്ൻ സ്റ്റേറ്റിലെ കാടിനുള്ളിലേക്ക് ഏകാന്തവാസത്തിന് തിരിച്ചത്. ഉള്‍ക്കാട്ടിലേക്ക് കാറോടിച്ചുകേറിയ ആ യുവാവ്, ടാറിട്ട റോഡ് അവസാനിച്ചിടത്ത് തന്റെ കാറുപേക്ഷിച്ചു. പിന്നീടുള്ള 27 വര്‍ഷം ക്രിസ്റ്റഫര്‍ പുറംലോകം കണ്ടില്ല. ആരോടും സംസാരിച്ചില്ല. 

കാടു കയറുമ്പോള്‍ ക്രിസ്റ്റഫറിന്റെ പക്കല്‍ ഉണ്ടായിരുന്നത് അത്യാവശ്യം വേണ്ട ക്യാംപിങ്ങ് സാധനങ്ങള്‍ മാത്രമാണ്. എങ്ങോട്ടെന്ന് അറിയില്ലായിരുന്നു. മടുക്കുംവരെ നടന്നു. യാത്ര അവസാനിച്ചത് നോർത്ത് പോണ്ട് എന്ന ജലാശയത്തിന്റെ കരയില്‍. 

കെട്ടുകഥയാണ്, എങ്ങനെ അയാള്‍ ഈ വര്‍ഷങ്ങളത്രയും ജീവന്‍ നിലനിര്‍ത്തി എന്നു സംശയിക്കുന്നവരോട് ഇനിയും ചിലത് പറയാനുണ്ട്. ഈ ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കിടെ അടുത്തുള്ള സമ്മർ കാബിനുകളിലേക്ക് ക്രിസ്റ്റഫര്‍ അതിക്രമിച്ചു കയറിയത് ആയിരത്തിലേറ തവണയാണ്. തനിക്കാവശ്യമുള്ള ഭക്ഷണസാമഗ്രികളും വസ്ത്രങ്ങളും പുസ്തകങ്ങളും ചെരിപ്പുകളുമെല്ലാം ഇത്തരത്തില്‍ മോഷ്ടിച്ചുകൊണ്ടിരുന്നു, ആരുമറിയാതെ. 

പക്ഷേ കാബിന്‍ ഉടമകള്‍ പരാതി നല്‍കി. ക്രിസ്റ്റഫര്‍ ഒടുവില്‍ പിടിയിലായി. മോഷണക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍ മൈക്ക് ഫിങ്കല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ക്രിസ്റ്റഫറിനോട് സംസാരിക്കാനിടയായി. 'വനാന്തരത്തിലെ അപരിചിതൻ-ലോകത്തിലെ അവസാനത്തെ തപസിയുടെ അസാധാരണജീവിതകഥ' എന്ന പേരില്‍ ഒരു പുസ്തകവുമെഴുതി. 

എന്തിനായിരുന്നു ഈ സാഹസമെന്ന ചോദ്യത്തിന് ക്രിസ്റ്റഫര്‍ നല്‍കുന്ന ഉത്തരങ്ങളും 27 വര്‍ഷത്തെ ആ വനാന്തരജീവതവും കൗതുകം നിറഞ്ഞതാണ്. എന്തെങ്കിലും കുറ്റകൃത്യം നടത്തിയ ശേഷമായിരിക്കും ക്രിസ്റ്റഫര്‍ കാടു കയറിയതെന്നാണ് ഫിങ്കല്‍ കരുതിയിരുന്നത്. പക്ഷേ, അല്ല, ഏകാന്തതയെ അത്രമേല്‍ ഇഷ്ടപ്പെട്ടതിനാലാണ് അതിനു മുതിര്‍ന്നത് എന്നായിരുന്നു ഉത്തം. ഒറ്റക്ക് കഴിയണമെന്ന ചിന്തയെ അതിജീവിക്കാനായില്ല. ആളുകളുമായുള്ള സഹവാസം ഏറെ അരോചകവുമായിരുന്നു.  ഒരിക്കൽ മാത്രം, അബദ്ധവശാൽ കാട്ടിനുള്ളിൽ വെച്ച് ഒരു ഹൈക്കറുടെ മുന്നിൽ ചെന്നുപെട്ടപ്പോൾ അയാളോട് ഒരു 'ഹായ്... ' പറഞ്ഞതാണ് ഈ 27 വര്‍ഷത്തിനിടെ നടത്തിയ ഏകസംഭാഷണം. 

കാട്ടിലെ കൊടുംതണുപ്പില്‍ ഒരിക്കല്‍ പോലും അതു മാറ്റാന്‍ തീ കൂട്ടിയിട്ടില്ല. തീ കാട്ടിലെ അപകടകാരികളായ മൃഗങ്ങളുടെയും അതിനേക്കാൾ അപകടകാരികളായ മനുഷ്യരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കും എന്ന ഭയമായിരുന്നു കാരണം. നമുക്കൊന്നും ആലോചിക്കാന്‍ പറ്റാത്ത ജീവിതമാണ് മൂന്നു പതിറ്റാണ്ടോളം വരുന്ന ഈ കാലയളവില്‍ ക്രിസ്റ്റഫര്‍ ജീവിച്ചതെന്നും അയാള്‍ ഒരു അപൂര്‍വമനുഷ്യനാണെന്നും ഫിങ്കല്‍ പറയുന്നു.

കടപ്പാട്: ബിബിസി

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...