ശരീരങ്ങളെ അന്ത്യയാത്രയ്ക്ക് ഒരുക്കും, കരഞ്ഞത് ഒരു തവണ; ഇത് സുതന്‍ ശവം

sudhan
SHARE

ആലപ്പുഴ : ജീവിച്ചിരുന്നപ്പോൾ ഒരു ബന്ധവുമില്ലാത്തവരുമായാണ് സുതന് അടുപ്പം കൂടുതൽ. ജീവനുപേക്ഷിച്ച ശരീരങ്ങളെ അന്ത്യയാത്രയ്ക്ക് ഒരുക്കുന്ന തൊഴിലിനോടു നീതിപുലർത്താൻ സ്വന്തം പേര‍ിനൊപ്പം പി.കെ.സുതൻ (64) ചേർത്തതാണ് ‘ശവം’ എന്ന കൂട്ടുപേര്. പേരു ചോദിക്കുന്നവരോട് അയാൾ പറയും– ‘സുതൻ ശവം’. 40 വർഷമായി ആലപ്പുഴ മെഡിക്കൽ കോളജിലെ മോർച്ചറിയിലെ മൃതദേഹങ്ങളെ കൈകാര്യം ചെയ്യുകയാണ് സുതൻ.

ജില്ലയിലെവിടെ മൃതദേഹം കണ്ടെത്തിയാലും പൊലീസ് ആദ്യം വിളിക്കുന്നതും സുതനെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ പി.കെ.സുധകുമാർ എന്നായിരുന്നു പേര്. 24–ാം വയസ്സിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനക്കാരനായി തുടങ്ങിയതാണ് സുതൻ. അതിനു മുൻപു കൊപ്രാക്കളത്തിലും പാടത്തുമായിരുന്നു പണി.കല്യാണം കഴിഞ്ഞ്, ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷം ഒരു ദിവസം സുതൻ പത‍ിവുപോലെ ആശുപത്രിയിലേക്കു ജോലിക്കു പോയി. വർഷം 1980. ഭാര്യയുടെ കൂട്ടുകാരിയെ വഴിയിൽ കണ്ടു. അവരുടെ കുഞ്ഞും സുതന്റെ കുഞ്ഞും ഒരേ പ്രായക്കാർ. 

കുഞ്ഞിന്റെ കളിചിരി കണ്ടു മടങ്ങി അൽപനേരത്തിനു ശേഷം സുതൻ അറിഞ്ഞു, കളർകോട്ട് വാഹനാപകടത്തിൽ ആ അമ്മയും കുഞ്ഞും മരിച്ചുവെന്ന്. സുതൻ ആദ്യമായി എടുത്ത മൃതദേഹങ്ങൾ ആ അമ്മയുടെയും കുഞ്ഞിന്റെയുമായിരുന്നു. അന്നേ ഒരു മൃതദേഹം എടുത്തപ്പോൾ സുതൻ കരഞ്ഞിട്ടുള്ളൂ. അതിനുശേഷം, മറ്റുള്ളവർ പേടിയോടെ കാണുന്ന മൃതദേഹങ്ങൾക്കൊപ്പമായി സുതന്റെ ജീവിതം.മോർച്ചറിയിലും പോസ്റ്റ്മോർട്ടം മുറിയിലും സുതൻ സഹായിയായിരുന്നു. കേരളത്തിലെ പല പ്രധാന കേസുകളിലെയും പോസ്റ്റ്മോർട്ടം പണ്ട് ആലപ്പുഴ മെഡിക്കൽ കോളജിലാണു നടന്നിരുന്നത്. 

അന്നു സുതൻ കാണാത്ത രഹസ്യങ്ങളില്ല. എന്നാൽ, ആ മുറിക്കുള്ളിലെ ഒരു രഹസ്യവും തന്റെ വായിൽ നിന്നു വീഴില്ലെന്നു സുതൻ.ഊരും പേരുമറിയാതെ കായലിൽ ഒഴുകിയെത്തുന്ന അജ്ഞാത മൃതദേഹങ്ങളെടുക്കാനും സുതനെത്തേടി പൊലീസും നാട്ടുകാരുമെത്തി. അങ്ങനെയൊരു ദിവസമാണ് കൂട്ടുകാരൻ മദ്യലഹരിയിൽ കളിയാക്കി ‘ശവം’ എന്നു സുതനെ വിളിച്ചത്. അന്നു സുതൻ തീരുമാനിച്ചു; ആരും കളിയാക്കണ്ട, എന്റെ പേര് സുതൻ ശവം എന്നാണ്. അന്നത്തെ മെഡിക്കൽ കോളജിന്റെ (ഇപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി) മോർച്ചറിക്കു സമീപത്തെ മതിലിൽ സുതൻ തന്റെ വിലാസം കുറിച്ചു വച്ചു– ‘സുതൻ ശവം’, പിന്നെ ഫോൺ നമ്പരും. ആർക്കും എപ്പോഴും വിളിക്കാൻ.

മൃതദേഹങ്ങൾ എത്ര അഴുകിയതായാലും സുതൻ ഗ്ലൗസോ മാസ്കോ ഉപയോഗിക്കില്ല. അതേപ്പറ്റി സുതൻ പറയുന്നതിങ്ങനെ: ‘നമുക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. ദൈവം സഹായിച്ച് ഇതുവരെ ഒരു രോഗവുമുണ്ടായിട്ടില്ല. അറിയാവുന്ന പണി മൃതദേഹങ്ങളെ കൈകാര്യം ചെയ്യുന്നതാണ്. അതിനു കഴിയാത്ത കാലത്ത് വീട്ടിൽ വെറുതേയിരിക്കും!’

മെഡിക്കൽ കോളജും മോർച്ചറിയും വണ്ടാനത്തേക്കു മാറ്റിയ ശേഷവും എന്നും രാവിലെ സുതൻ അവിടെയെത്തും. രാവിലെ 11 നു മുൻപുള്ള കേസുകൾ മാത്രമെടുക്കും. ശേഷം ആലപ്പുഴ പാലസ് വാർഡിലെ പുത്തൻചിറ എന്ന വീട്ടിലെത്തി, കണ്ണു കാണാത്ത അമ്മ രാജമ്മയ്ക്കു ഭക്ഷണം നൽകും. പിന്നെ, സ്വസ്ഥമായി വിവിധ മതഗ്രന്ഥങ്ങൾ വായിക്കും. പൊതുപരിപാടികളിലും ചില വീടുകളിലെയുമൊക്കെ ആധ്യാത്മിക ഗ്രന്ഥപാരായണത്തിനൊക്കെ പോകാറുണ്ട്, സുതൻ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...