‘ഉമ്മ മരിച്ചു; ദുആ ചെയ്യണ’മെന്ന്് ശ്രീധരൻ; മുസ്‌‌ലിമിന് ശ്രീധരൻ എന്ന് പേരിടുമോ?: കുറിപ്പ്

sreedharan-fb-post
SHARE

ഒരു മുസ്​ലിമിന് ശ്രീധരൻ എന്ന് പേരിടുമോ?  സമൂഹമാധ്യമങ്ങളിൽ ഒരു ചെറുപ്പക്കാരൻ നേരിടേണ്ടി വന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. ഇതിന് കാരണം ‘എന്റെ ഉമ്മ മരിച്ചു, എല്ലാവരും ദുആ െചയ്യണം’ എന്ന പോസ്റ്റും. ജീവിതത്തിന്റെ നൻമ എന്താണെന്ന് കാണിച്ച് തന്ന സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞാണ് ശ്രീധരൻ ഇൗ ഉമ്മ എന്റെ അമ്മയാണെന്ന് സോഷ്യൽ ലോകത്തിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്.  

കുറിപ്പ് വായിക്കാം: 

ഞാനാരാണ് എന്നു ചില ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ സംശയം തീര്‍ക്കാനാണ് ഈ പോസ്റ്റ്. ഞാന്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അടുത്ത് കാളികാവിലാണ്. ഇപ്പൊ ഒമാനിലും. ഇന്നലെ എന്‍റെ ഉമ്മ മരിച്ചു എന്നൊരു പോസ്റ്റിട്ടപ്പോള്‍ ചിലര്‍ക്കൊരു സംശയം. തൊപ്പിയിട്ട ഫോട്ടോ കണ്ടപ്പൊ ഒരു മുസല്‍മാന് ശ്രീധരന്‍ എന്നു പേരിടുമോയെന്ന് വേറെയൊരു സംശയം.

എനിക്ക് ഒരു വയസായപ്പൊ അമ്മ മരിച്ചതാ, രണ്ട് ചേച്ചിമാരും ഉണ്ട്. അച്ഛനും ഉണ്ടായിരുന്നു. അമ്മ മരിച്ച ദിവസം തന്നെ ഞങ്ങളെ 3 പേരെയും ആ ഉമ്മയും ഉപ്പയും കൊണ്ടു വന്ന് അവരുടെ വീട്ടില്‍ താമസിപ്പിച്ചു, ഞങ്ങളെ 3 പേരെയും സ്വന്തം മക്കളെപോലെ വിദ്യാഭ്യാസവും തന്നു വളര്‍ത്തി. ചേച്ചിമാര്‍ക്ക് കല്ല്യാണപ്രായമായതോടെ അവരെ കല്ല്യാണം കഴിപ്പിച്ചു വിട്ടതും അവരാ. ആ ഉപ്പാക്കും ഉമ്മാക്കും മക്കളില്ലാത്തോണ്ടല്ല ഞങ്ങളെ വളര്‍ത്തിയത്.

അവര്‍ക്കും 3 മക്കളുണ്ട്. ഈ ചെറു പ്രായത്തിലെ ഞങ്ങളെ 3 പേരെ കിട്ടിയിട്ടും ഞങ്ങടെ ജാതി മാറ്റാന്‍ ശ്രമിച്ചിട്ടില്ല അവർ. പെറ്റമ്മയെക്കാള്‍ വലുതല്ല പോറ്റമ്മ എന്നു പറയാറുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇവര്‍ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്. ഇതിലെ ഈ ഉമ്മയാണ് ഇന്നലെ മരിച്ചത്. അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന വേദനയാണെനിക്ക്. ഇവരൊക്കെ ഞങ്ങളെ പഠിപ്പിച്ചത് ജാതിയിലും മതത്തിലൊന്നും കാര്യമില്ലാ നന്മയാണ് വേണ്ടതെന്നാണ്.

എല്ലാ മതത്തിന്‍റെയും അടിത്തറ ഒന്നു തന്നെയല്ലേ, നന്മ ചെയ്യുക, എല്ലാവരെയും സ്നേഹിക്കുക, പിന്നെ തൊപ്പിയിട്ടതു കൊണ്ട് മുസ്​ലിമോ കാവിയുടുത്താല്‍ ഹിന്ദുവോ ആകില്ല, അതാണെന്‍റെ അഭിപ്രായം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...