കയ്യിൽ 400 രൂപയും 5 ജോടി വസ്ത്രങ്ങളും; രാജ്യം ചുറ്റി തിരിച്ചെത്തി; ആ കഥ

thrissur-thrissur-vishal
SHARE

രാജ്യം ചുറ്റാൻ വലിയ കാശൊന്നും വേണ്ട, അതൊക്കെ പണക്കാർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് എന്നു വിചാരിക്കുന്നവരോടായാണ്.... 400 രൂപയും 5 ജോടി വസ്ത്രങ്ങളുമായി വിശാൽ ഹെൻറി എന്ന ചെറുപ്പക്കാരൻ കണ്ടുതീർത്തത് 29 സംസ്ഥാനങ്ങൾ! 

അമ്മ കയ്യിൽ വെച്ചു തന്നെ 400 രൂപയും 5 ജോടി വസ്ത്രങ്ങളുമാിയ ഇറങ്ങിപ്പുറപ്പെടുമ്പോൾ എങ്ങോട്ടെന്ന് നിശ്ചയമില്ലായിരുന്നു. 93-ാം ദിവസം വീട്ടിൽ തിരിച്ചെത്തുമ്പോൾ പറയാൻ അനുഭവ കഥകൾ ഏറെയുണ്ടായിരുന്നു. 

തൃശൂർ സിഎംഎസ് എച്ച്എസ്എസിൽ പ്ലസ് വൺ പരീക്ഷ കഴിഞ്ഞിരിക്കുന്ന ഇടവേളയിലാണ് കുന്നംകുളം സ്വദേശികളായ പ്രവീണിന്റെയും ശ്രീദേവിയുടെയും മകൻ രാജ്യം ചുറ്റാൻ തീരുമാനിച്ചത്. അമ്മയുടെ അനുവാദത്തോടെ ഏപ്രിൽ 2നാണ് യാത്ര തുടങ്ങി. കന്യാകുമാരി വരെ അമ്മയും ഒപ്പം പോയി. അവിടുന്നു തനിയെ പല വണ്ടികൾക്കു കൈകാണിച്ച് ചെന്നൈയിൽ. കിടപ്പും കുളിയുമെല്ലാം ക്ഷേത്രങ്ങളിലോ പെട്രോൾ പമ്പുകളിലോ തീർക്കും.

ഒഡീഷയിൽ വഴിവക്കിൽ ഉറങ്ങിക്കിടക്കുന്നതിനിടെ 2 പേർ ചേർന്നു മൊബൈൽഫോൺ അടിച്ചുമാറ്റിയതാണ് ദുരനുഭവം. പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഇതൊക്കെ ഇവിടെ സാധാരണമാണെന്നു മറുപടി. മടങ്ങുകയാണെന്ന് അറിയിച്ചപ്പോൾ ധൈര്യംപകർന്നതും വിട്ടുകൊടുക്കരുതെന്നു പ്രേരിപ്പിച്ചതും അമ്മ തന്നെ. 

സ്‌റ്റേഷനിലെ നൂലാമാലകൾ ഒഴിവാക്കാൻ ഓൾ ഇന്ത്യ മലയാളീസ് അസോസിയേഷൻ കൈത്താങ്ങായി. അവരുടെ അക്കൗണ്ടിലേക്കു ഫോൺ വാങ്ങാൻ മാത്രമുള്ള പണം അമ്മ അയച്ചുകൊടുത്തു. പിന്നീടുള്ള കാഴ്ചകളും പടമെടുപ്പും പുതിയ ഫോണിൽ. ജീവിച്ചുപോകാനുള്ള അൽപസ്വൽപം ഹിന്ദിയൊക്കെ വശത്താക്കി. മേഘാലയയിലും കശ്മീരിലുമായിരുന്നു സുരക്ഷാ ബുദ്ധിമുട്ടുകൾ നേരിട്ടത്.

വഴികൾ കണ്ടെത്തിയായിരുന്നില്ല സഞ്ചാരം. കൈനീട്ടുന്ന ട്രക്ക് ഏതു വഴിക്കു പോകുന്നോ അവിടേയിറങ്ങി. ട്രക്കിനു കൈകാണിച്ച് 9 മണിക്കൂർ വഴിയിൽ നിൽക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഏറ്റവും മനംകവർന്നത് മേഘാലയയാണ്. ഗോവയിലാണ് യാത്ര അവസാനിപ്പിച്ചത്. അവിടെ നിന്നു റോട്ടറി ക്ലബുകാർ നൽകിയ വിമാന ടിക്കറ്റിലായിരുന്നു മടക്കയാത്ര. 

യാത്രകൾ അവസാനിക്കുന്നില്ല... ഇനിയുമേറെ സഞ്ചരിക്കണമെന്നു തന്നെയാണ് വിശാലിന്റെ മോഹം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...