മണിക്കൂറിൽ 109 കിലോമീറ്റർ വേഗം; ഒാട്ടോറിക്ഷയ്ക്ക് പിഴ; മൂക്കത്ത് വിരൽ വച്ച് ഡ്രൈവർ

auto-over-speed
SHARE

‘ശെടാ..’ എന്ന് ആരും മനസിൽ പറഞ്ഞു പോകും ഇൗ ഒാട്ടോഡ്രൈവറുടെ അവസ്ഥയോർത്ത്. കേരളത്തിലെ തിരക്കേറിയ റോഡിലൂടെ ഒാട്ടോറിക്ഷ മണിക്കൂറിൽ 109 കിലോമീറ്റർ വേഗത്തിൽ ഒാടിച്ചതിനാണ് മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്. പെറ്റിയുടെ നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ ഡ്രൈവർ തന്നെ അമ്പരന്നുപോയി.  ഒാട്ടോയിൽ രേഖപ്പെടുത്തിയ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററാണ്. മുടപ്പല്ലൂരിലെ ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സലാമിനാണ് മോട്ടർ വാഹന വകുപ്പ് വിചിത്രമായ പിഴ നോട്ടീസ് നല്‍കിയത്.

വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ സലാമിന്റെ ഓട്ടോ ഏപ്രില്‍ 13നു 109 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓട്ടോയുടെ ചിത്രം സഹിതം രേഖപ്പെടുത്തിയാണ് പിഴ അടയ്ക്കാനുള്ള നോട്ടീസില്‍ വീട്ടിലെത്തിയത്. എന്നാൽ ഇതെങ്ങനെ സാധ്യമാകും എന്ന ചോദ്യമാണ് പിഴ ലഭിച്ചത് മുതൽ ഡ്രൈവറുടെ മനസിൽ. അമിതവേഗത്തില്‍ പോയിട്ടില്ലെന്ന് ഉറപ്പാണെങ്കിലും മറ്റു നടപടികള്‍ ഭയന്ന് സലാം പിഴ അടച്ചു.  അബദ്ധം സംഭവിച്ചെന്ന് വ്യക്തമാണെങ്കിലും എങ്ങനെ എന്ന ചോദ്യം ബാക്കിയാണ്. ഒരുപക്ഷേ ഒാട്ടോയ്ക്ക് സമീപത്തുകൂടി പാഞ്ഞ  കാറിന്റെ വേഗം അബദ്ധത്തില്‍ ഓട്ടോറിക്ഷയുടെ പേരില്‍ രേഖപ്പെടുത്തിയതാകാമെന്നാണ് ലഭിക്കുന്ന സൂചന. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...