സംവരണ സീറ്റുകൾ കാലി; സ്ത്രീകൾ ജനറൽ സീറ്റിൽ; യുവാവിന്റെ യാത്രാനുഭവം; കുറിപ്പ്

ksrtc-seat-social-media
SHARE

ഒരു ബസ് യാത്ര തുടങ്ങി വച്ച ചർച്ച ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പൊലീസുകാരന്റെ ഭാര്യയുടെ സമീപമിരുന്ന യുവാവിനെതിരെ നടപടിയെടുത്ത സംഭവത്തിൽ വൻരോഷമാണ് ഉയർന്നത്. ഇതിന് പിന്നാലെ ബസുകളിൽ സംവരണ സീറ്റുകളുടെ എണ്ണവും കണക്കും നോക്കി പോരടിക്കുന്നവരുടെ എണ്ണവും വർധിച്ചു. ഇപ്പോഴിതാ ഭാവയാമി എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന വേറിട്ടൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. സ്ത്രീകൾക്കായുള്ള സംവരണ സീറ്റുകളുടെ കണക്കും കൗതുകങ്ങളുമാണ് കുറിപ്പിൽ പറയുന്നത്. 

ബസിൽ സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകൾ ഒഴിച്ചിട്ട് ജനറൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളോടുള്ള അഭ്യർഥന കൂടിയാണ് ഇൗ കുറിപ്പ്. ഇതിനെ എതിർത്തും അനുകൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ‘സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോൾ ആടി ഉലഞ്ഞ് ഞെരിഞ്ഞമർന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്തിട്ടുണ്ടോ. ബഹു രസാണ്. പുരുഷന് മാത്രം കിട്ടുന്ന പ്രിവിലേജാണ്.’ യുവാവ് കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

പ്രിയപ്പെട്ട പെണ്ണുങ്ങളെ...

ഞാൻ കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് RSA 739 എന്നു പേരായ KL I5 A 167 എന്ന നമ്പരുള്ള  കെഎസ്ആർടിസി ബസിൽ പോവുവാരുന്നേ. വൈറ്റില ഹബ്ബിൽ നിന്നു ബസ് കയറിയപ്പോൾ മുന്നിലെ 18 വനിത സംവരണ സീറ്റുകളിൽ 14 സ്ത്രീകൾ ഇരിപ്പുണ്ടായിരുന്നു. അതിനു എതിർവശത്തുള്ള 7 സീറ്റിലും ഇരുന്നത് വനിതകളായിരുന്നു.

ഞാനുൾപ്പടെ രണ്ട് പുരുഷന്മാർ മടി കൂടാതെ നിന്നു. ബസ് യാത്ര തുടങ്ങി. പല സ്ഥലങ്ങളിലായി 3, 4 സീറ്റുകൾ ഒഴിവുണ്ടായിരുന്നങ്കിലും സംവരണ സീറ്റായതിനാൽ കമ്പിയിൽ ചാരി പുരുഷ പ്രിവിലേജസിനെ കുറിച്ചോർത്തു കോൾമയിർ കൊണ്ടു. വാഹനം തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എത്തിയപ്പോൾ നാല് പെണ്ണുങ്ങൾ ഇറങ്ങി. അപ്പോൾ പൂർണ്ണമായും മൂന്ന് പേർക്ക് ഇരിക്കാവുന്ന ഒരു മുഴുനീള സംവരണ സീറ്റ് ഒഴിവു വന്നു. അതായത് ആകെ 18 സംവരണ സീറ്റിൽ ഇരിക്കുന്ന സ്ത്രീകളുടെ എണ്ണം പത്ത്. എതിർവശത്തെ ജനറൽ സീറ്റിൽ 7 വനിതകൾ തുടരുന്നു. ബസിൽ നിൽക്കുന്ന പുരുഷ പ്രജകൾ 4.

ഞാൻ മുൻ വശത്തെ വാതിലിനു സമീപം രണ്ടാമത്തെ ജനറൽ സീറ്റിലിരിക്കുന്ന ഒരു ഭവതിയുടെ സമീപം എത്തി വിനയ പുരസ്സരം ഉണർത്തിച്ചു. ഒരു മുഴുനീള സംവരണ സീറ്റ് തൊട്ടപ്പുറത്ത് ഒഴിഞ്ഞത് കാണുന്നില്ലേ, ഒന്നവിടിരുന്ന് സഹകരിക്കണം. അവർ രക്തരഹിത ഭാവത്തോടെ  എന്നെ ഒന്നു നോക്കി. കാർപാർത്തിയൻ മലനിരകളിലെ കാറ്റ് ബസിലേക്ക് ഇരച്ചു കയറി. അവരുടെ ഇടതുവശത്ത് ഇരുന്ന വനിതയാകാൻ തയ്യാറെടുക്കുന്ന യുവതിയോട് ഈ കിഴങ്ങൻ ചോദിക്കുന്നത് കേട്ടോ എന്ന ഭാവത്തോടെ നോക്കി. ആ കുട്ടി അപ്പോൾ കണ്ടുപിടിച്ച നാല്, അഞ്ച് പുച്ഛരസം ചുണ്ടിലും കണ്ണിലും തൂക്കിയിട്ടു. ഞാനൊരു 3 മിനിറ്റ് ആലോചിക്കാൻ

കൊടുത്ത് അവിടെ കാറ്റ് പിടിച്ച് നിന്നു. അനക്കമില്ല. അതിനു തൊട്ട് മുമ്പിൽ മുൻവശത്തെ വാതിലിനു സമീപം ജനറൽ സീറ്റിൽ ഇരിക്കുന്ന ഭവതികൾക്ക് സമീപം അപേക്ഷയുമായി ചെന്നു. എട്ടോളം സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രിയരെ നിങ്ങൾ കാണുന്നില്ലെ. അവിടെയൊന്നിരുന്ന് ഞങ്ങളെ അനുഗ്രഹിക്കാമോ. നമുക്ക് സമാധാനത്തിന്റേയും ഒരുമയുടേയും സഹവർത്തിത്വത്തിന്റേയും പാതയിലൂടെ ഒന്നായി സഞ്ചരിക്കാം.

ചേച്ചി ഒന്നു തുറിച്ചുനോക്കി. എനിക്ക് കുളപ്പുള്ളി അപ്പനെ ഓർമ്മ വന്നു. അപേക്ഷയുടെ ഭാഷയുമായി വന്നിരിക്കുന്നു. എന്റെ മുന്നിൽ കമ്പിയിൽ ചാരി നിന്ന അപ്പച്ചൻ നീ അല്ലാതെ ഈ പെണ്ണുങ്ങളോട് ഇതു വല്ലതും ചോദിക്കാൻ പോവുമോടോ? എന്ന് നോട്ടം കൊണ്ടൊരു ചോദ്യചിഹ്നമിട്ടു. അവർക്കും അനക്കമില്ല. ഞാൻ ഒരു നിമിഷം ശിലായുഗത്തിലേക്ക് തിരിച്ചു പോയോ എന്നാലോചിച്ചു. പ്രത്യക്ഷമായി നാലും പരോക്ഷമായി മൂന്നും ജനറൽ സീറ്റുകളിൽ ഉള്ള ആർക്കും അനക്കമില്ല. ഒന്നാം തരം കരിങ്കൽ ശില്പങ്ങൾ.

കണ്ടക്ർ നവ യാത്രികർക്ക് ടിക്കറ്റ് പതിപ്പിക്കാനായി എത്തി.. സാർ, അങ്ങ് ഇത് കാണുന്നുണ്ടോ. 8 സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോൾ പൊട്ടന്മാരെ പോലെ നാല് പേർ നിൽക്കുന്നത്. അദ്ദേഹം പറഞ്ഞു സഹോദരൻ ഈ ഒഴിഞ്ഞ വനിതാ സീറ്റിൽ ഇരുന്നോളൂ. ഞാൻ പറഞ്ഞു. അല്ല സോദര പാരമ്പര്യമായി ഞങ്ങൾ സംവരണ കാര്യത്തിൽ നിഷ്കർഷ ഉള്ളവരാണ്. എന്റെ നിഷ്ഠ അവിടുന്ന് തെറ്റിക്കരുത്. കണ്ടക്ടർ ആരോടന്നില്ലാതെ ഒരു അശരീരി മുഴക്കി.

ലേഡീസ് സീറ്റുകൾ ധാരാളം ഒഴിവുള്ളതായി ദൃഷ്ടിയിൽ കാണുന്നു ഒന്ന് സഹകരിച്ചാൽ മൂന്ന് നാല് പേർക്കൂടെ ഇരുന്നു പോകാം. ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകൾ നീണ്ടു. പ്രതിമകൾ അസ്വസ്ഥരായി. എന്തൊക്കയോ ശാപവചനങ്ങൾ പിറുപിറുത്ത് അവർ സീറ്റുകൾ ദാനമായി നൽകി. ഒരു പക്ഷെ അവരുടെ മനസ്സിലിരുപ്പ് നവ കേരളം ലക്ഷ്യമിട്ടായിരിക്കാം. സംവരണ സീറ്റിൽ ഇരിക്കില്ലന്ന് ദൃഢനിശ്ചയം പൂണ്ടവരായിരിക്കാം.

അബലകളായ സ്ത്രീകളാണ് സംവരണ സീറ്റിൽ ഇരിക്കുന്നത് എന്ന ചിന്താഗതിക്ക് ഫാക്ടംഫോസിടുന്നവർ ആയിരിക്കാം. കെ എസ് ആർ ടി സി അവരുടെ മനസ്സ് കാണാതെ പോകരുത്. വനിതകളെ അവർക്ക് വേണ്ടാത്ത സംവരണത്തിൽ തളച്ചിടരുത്. അവർ സ്വതന്ത്രരായി എവിടേയും ഇരിക്കട്ടെ. രാവിലെ വൈറ്റില ബസ്സിൽ കണി കണ്ടു കേറുന്ന സ്ഥിരമൊരു കാഴ്ചയുണ്ട്. ഓരോ മുഴുനീള സംവരണ സീറ്റിലും ഓരോ വനിത. ബാക്കിയുള്ള നാലോളം ഇരട്ട സീറ്റിലും ഒന്നോ രണ്ടോ.

കടുത്തുരുത്തി വരെ മുന്നിൽ സീറ്റ് ഒഴിഞ്ഞ് കിടന്നാലും പുറകിൽ പത്തിലധികം പേർ നിൽപ്പുണ്ടാവും. എന്റെ പെണ്ണുങ്ങളെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോൾ ആടി ഉലഞ്ഞ് ഞെരിഞ്ഞമർന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്തിട്ടുണ്ടോ. ബഹു രസാണ്. പുരുഷന് മാത്രം കിട്ടുന്ന പ്രിവിലേജാണ്. ദൈവമേ ഈ പ്രിവിലേജെല്ലാം ഞാൻ എവിടെ കൊണ്ട് സൂക്ഷിക്കുമെന്നോ??? സംവരണ മര്യാദകൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...