മായാനദിയിൽ അപ്പുവും മാത്തനും രാത്രി ദംശറാസ് കളിക്കട്ടെ; സിനിമാ നിയന്ത്രണത്തിന് പരിഹാസം

film-facebook-post-05
SHARE

സിനിമയിൽ മദ്യപാന, പുകവലി രംഗങ്ങൾ വേണ്ടെന്നുള്ള നിയമസഭാ സമിതിയുടെ തീരുമാനത്തെ ട്രോളി ആർജെ സലിമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഒന്നുകൂടി നീട്ടിയെറിഞ്ഞാൽ സിനിമയിൽ കൊലപാതകം, വഴക്കിടൽ, ചീത്ത വിളി, തോക്ക്, വെടിവെയ്പ്പ്, തല്ലുപിടി  എന്നിവയും ഒഴിവാക്കാം. ചുംബനരംഗങ്ങളും പാടില്ലെന്നും കുറിപ്പിൽ പറയുന്നു. 

തൂവാനത്തുമ്പികള്‍, ദേവാസുരം, സ്പിരിറ്റ്, ജോണി വാക്കർ എന്നീ ചിത്രങ്ങൾ ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ അതിലെ സംഭാഷണങ്ങൾ എങ്ങനെയാകുമെന്ന തരത്തിൽ വളരെ രസകരമായാണ് കുറിപ്പ്. ജോണി വാക്കർ ഇന്നിറങ്ങിയാൽ പേര് മാറ്റി പിണ്ഡതൈലം എന്നാക്കും. ദേവാസുരത്തിൽ നീലകണ്ഠൻ സൽസ്വഭാവിയും സൽഗുണ സമ്പന്നനുമായ, മദ്യവും പുകവലിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത തറവാടിയാണെന്നും കുറിപ്പിൽ പറയുന്നു.

സിനിമയെ ഒരു സാരോപദേശ മാധ്യമമായി ചുരുക്കരുത്. നോവലിനും ടീവി സീരിയലിനും നെറ്റ്ഫ്ലിക്സിനും ഇല്ലാത്ത നിയന്ത്രണമൊന്നും സിനിമയ്ക്കും വേണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. 

കുറിപ്പ് വായിക്കാം:

വാർത്ത : സിനിമയിൽ മദ്യപാന പുകവലി രംഗങ്ങൾ വേണ്ടെന്നു നിയമസഭാ സമിതി

 

കുറേക്കൂടി ഒന്ന് നീട്ടിയെറിഞ്ഞാൽ സിനിമയിൽ കൊലപാതകം, വഴക്കിടൽ, ചീത്ത വിളി, തോക്ക്, വെടിവെയ്പ്പ്, തല്ലുപിടി എല്ലാം കൂടിയങ്ങു ഒഴിവാക്കാം. ആ പിന്നെ ഉമ്മയും. മായനദിയിലൊക്കെ വേണമെങ്കിൽ അവർ രാത്രി ഒരുമിച്ചിരുന്നു ദംശരാസ് കളിക്കട്ടെ. എന്നിട് നിർവികാര പരബ്രഹ്മമായി സിനിമയെ ഇങ്ങനെ നിർത്തണം. ഈ നിയമമൊക്കെ പണ്ടേ ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു.

 

തൂവാനത്തുമ്പികൾ ഇന്നിറങ്ങിയിരുന്നെങ്കിൽ -

 

ജയകൃഷ്ണനും ഋഷിയും നാരങ്ങാ വെള്ളം കുടിക്കുന്നു. നാരങ്ങാ വെള്ളത്തിന് തണുപ്പ് പോരാ. അപ്പൊ ജയകൃഷ്ണൻ കടക്കാരനോട്

 

എന്റെ പൊന്നു ഭ്രാതാവേ ഈ നാരങ്ങ ജലത്തിൽ ശൈത്യ സാന്നിധ്യം തീരെയില്ലല്ലോ. ഇങ്ങനെ ധനം സമ്പാദിക്കാൻ അങ്ങേയ്ക്കു ഉളുപ്പില്ലേ ? കടക്കാരൻ ജയകൃഷ്ണനെ കെട്ടിപ്പിടിച്ചു കരയുന്നു.

 

ജയകൃഷ്ണനും ഋഷിയും നേരെ അടുത്തുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകും. ഉച്ചപൂജ തൊഴാൻ.

 

അമ്പലത്തിലെത്തിയ ജയകൃഷ്ണൻ : ദൈവമേ കോപം കൊണ്ട് കണ്ണുകാണാതായ ഈയുള്ളവനോട് അങ്ങ് പൊറുക്കേണമേ. ഇനിയൊരിക്കലും ഞാൻ നാരങ്ങാ വെള്ളം പോയിട്ട് പച്ചവെള്ളം പോലും കുടിക്കില്ല ഭഗവാനെ.

 

ഋഷി അപ്പോഴേക്ക് ഷർട്ടൊക്കെ അഴിച്ചു രണ്ടു റൌണ്ട് ശയനപ്രദിക്ഷണം ഫിനിഷ് ചെയ്തു കഴിഞ്ഞു. അപ്പോഴാണ് ജയകൃഷ്‌ണന്റെ പഴയ സുഹൃത്തുക്കൾ അവിടെ നിൽക്കുന്നത് കണ്ടത്. അവരിന്നു ദേവസ്വം ബോർഡ് മെമ്പർമാരാണ്. ജയകൃഷ്ണനും ഋഷിയും സുഹൃത്തുക്കളും സമൂഹ സദ്യക്കിരുന്നു കുശലം പറയുന്നതാണ് അടുത്ത സീൻ. 

.

ജോണി വാക്കർ - ഇന്നിറങ്ങിയാൽ ഇതിന്റെ പേര് മാറ്റി പിണ്ഡ തൈലം എന്നാക്കും. കോളേജിലെ മദ്യ, മയക്കുമരുന്ന് മാഫിയ എന്നത് സുഗന്ധ ദ്രവ്യ മാഫിയയാകും. സുഗന്ധ ദ്രവ്യങ്ങളുടെ ഔഷധ ഗുണങ്ങളെപ്പറ്റിയുള്ള തർക്കങ്ങൾ കാരണം കോളേജിൽ സംഘർഷം ഉണ്ടാകുമ്പോ അവർ തല്ലുകൂടാതെ നല്ല കുട്ടികളെപ്പോലെ അക്ഷര ശ്ലോക മത്സരം സംഘടിപ്പിച്ചു വിജയിയെ പ്രഖ്യാപിക്കും. ഇക്ക അതിന്റെ ജഡ്ജിയാകും.

.

ദേവാസുരം : നീലകണ്ഠൻ സൽസ്വഭാവിയും സൽഗുണ സമ്പന്നനുമായ, മദ്യവും പുകവലിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത തറവാടിയാണ്. സ്ത്രീകളുടെ പേര് പോലും ഉറക്കെ ഉച്ചരിക്കാത്ത മാന്യൻ. ഭാനുമതിയുടെ അരങ്ങേറ്റത്തിന് സ്റ്റെയ്ജ് കെട്ടാനുള്ള പണം തന്റെ വകയായി നൽകിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഭാനുമതിയുടെ നൃത്തം കണ്ടു അതിൽ മനം മയങ്ങി അവരുടെ കീഴിൽ നൃത്തം പഠിക്കാൻ ചേരുന്ന നീലകണ്ഠന്റെ അസാധ്യ കഴിവുകൾ കണ്ടു ഇരുവരും പ്രണയത്തിലാകുന്നു. ശേഖരൻ സ്ഥലത്തെ പ്രധാന ഭരതനാട്യം വിദഗ്ധനാണ്. ശേഖരനെ ഒഴിവാക്കി നീലകണ്ഠൻ ഭാനുമതിയുടെ അടുക്കൽ പഠിക്കാൻ പോയതിനാൽ ശേഖരന് വൈരാഗ്യമുണ്ടാകുന്നു. ക്ലൈമാക്സിൽ ശേഖരനും നീലകണ്ഠനും ഉത്സവത്തിന്റെ അവസാന ദിനം ഭാരത നാട്യ മത്സരം സംഘടിപ്പിച്ചു പരസ്പരം ഏറ്റുമുട്ടും. നീലകണ്ഠൻ 21-12, 21-19 എന്നീ സ്‌കോറിൽ ജയിക്കും. 

.

സ്പിരിറ്റ് : രഘുനന്ദൻ ജിലേബി അഡിക്റ്റാണ്. അവതരിപ്പിക്കുന്ന പരിപാടിക്കിടയിലും കുളിക്കുമ്പോഴും കിടക്കുമ്പോഴും അയാളെപ്പോഴും ജിലേബി തീറ്റയാണ്. ഒടുവിൽ അയാൾ വീട്ടിലെ ജിലേബിയും പഞ്ചാരയും ശർക്കരയുമെല്ലാം കക്കൂസിലിട്ടു (കക്കൂസിനു അനുമതിയുണ്ടോ ആവോ) ഫ്ലഷ് ചെയ്യുന്നു. മണിയൻ ബേക്കറി ജീവനക്കാരനും ഭയങ്കര മധുരപ്രേമിയുമാണ്. അയാളെ പിന്തുടരുന്ന രഘുനന്ദൻ ഒടുവിൽ ഷുഗർ ഫ്രീ ജിലേബി മാത്രം വിൽക്കുന്നൊരു ബേക്കറി സ്വന്തം ചിലവിൽ ഇട്ടു കൊടുക്കും.

 

*********************************

 

എന്ത് കാണിക്കുന്നു എന്നതിലല്ല, എങ്ങനെ കാണിക്കുന്നു എന്നതാണ് ഒരു സിനിമയുടെ ടേക്ക് എവേ. അതുപോലും അറിയാത്തവർ ദയവായി ആ വഴി പോകാതെയിരിക്കുക. അപേക്ഷയാണ്. ദയവായി സിനിമയെ ഒരു സാരോപദേശ മാധ്യമമായി ചുരുക്കരുത്. അതിലെ എല്ലാ റിഗ്രസീവ് ആക്റ്റുകളും അതിന്റെ മെറിറ്റിൽ വിമർശിക്കപ്പെടുകയും ചെയ്യണം. പക്ഷെ എല്ലാ കുറ്റവും സിനിമയ്ക്ക് മാത്രം ചാർത്തിക്കൊടുക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം.

 

നോവലിനും ടീവി സീരിയലിനും നെറ്റ്ഫ്ലിക്സിനും ഇല്ലാത്ത നിയന്ത്രണമൊന്നും സിനിമയ്ക്കും വേണ്ട. ഇപ്പൊ ഉള്ള ഒരു സെൻസർ ബോഡിനെക്കൊണ്ട് തന്നെ തലവേദന സഹിക്കുന്നില്ല. അപ്പോഴാണ് വേറെ.

 

മലയാള സിനിമ നശിച്ചു പോട്ടെ. !!

MORE IN SPOTLIGHT
SHOW MORE
Loading...
Loading...