ഗുജറാത്തില്‍ നിന്നെഴുതിയ കത്തില്‍ തുടക്കം; ഉണ്ണി മുകുന്ദന്‍ സ്വയം തിരിച്ചറിഞ്ഞ കഥ: അഭിമുഖം

unnimukundanlohitadas
SHARE

ഗുജറാത്തിൽ നിന്നൊരു പതിനേഴുകാരന്‍ കേരളത്തിലെ പ്രശസ്ത സംവിധായകന് തന്‍റെ സിനിമ മോഹങ്ങളെ കുറിച്ച് കത്തെഴുതുന്നു. തിരക്കുകൾക്കിടയിലും അവന് മറുപടി എഴുതുവാനും കയ്യക്ഷരം നന്നായിരിക്കുന്നു എന്ന് അഭിനന്ദിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുന്നു. സിനിമാക്കഥയാണെന്ന് തോന്നുമെങ്കിലും അത്തരം ഒരുപാട് കഥകളെ വെല്ലുന്ന ജീവിതമായിരുന്നു മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയസംവിധായകൻ ലോഹിതദാസിന്‍റേത്. തന്‍റെ കഥകളിലെ അതേ പച്ചയായ മനുഷ്യൻ.. അന്നത്തെ പതിനേഴുകാരൻ ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. ഉണ്ണിമുകുന്ദന്‍. ലോഹിതദാസിന്‍റെ പത്താം ചരമവാർഷികത്തിൽ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും അദ്ദേഹം ചെലുത്തിയ സ്വാധീനങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് യുവനടൻ ഉണ്ണി മുകുന്ദൻ

'ലോഹിതദാസ് സത്യത്തിൽ ആരാണെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞപ്പോഴാണ് മനസ്സിലായത്. പ്രതിഭയെ തിരിച്ചറിയുന്നതിനൊപ്പം ഒരു യഥാർഥ മനുഷ്യനെ കൂടിയാണ് ഞാൻ കണ്ടത്. പ്രശസ്തിയുടെ ഭാരങ്ങളൊന്നും തലയിൽ എടുക്കാത്ത എല്ലാവരേയും ഒരു പോലെ പരിഗണിച്ചിരുന്ന ലോഹി സർ. സിനിമ ജീവിതത്തിലെ ഏറ്റവും വലിയ പാഠപുസ്തകം' മനസ്സിൽ നിറഞ്ഞു നിന്ന അനുഭവങ്ങൾ ആരാധനയോടെയാണ് അദ്ദേഹം ഓർത്തെടുത്തത്. 

ഒരുമിച്ചുള്ള സിനിമ എന്നത് മാത്രമാണ് ഒരുപാട് ആഗ്രഹിച്ചിരുന്നിട്ടും നടക്കാതെ പോയ സ്വപ്നമെന്നും അത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായാണ് ഇപ്പോഴും കരുതുന്നതെന്നും ഉണ്ണിമുകുന്ദൻ മനസ്സ് തുറന്നു. എങ്കിലും അദ്ദേഹത്തിനൊപ്പം നിന്ന് പഠിച്ച ജീവിത പാഠങ്ങൾ തന്നെ ഒരു ഭാഗ്യമായി കരുതുന്നതായി ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'മലയാള സിനിമയിൽ ഞാൻ എത്തിച്ചേരാൻ കാരണം ലോഹിതദാസ് സാറാണ്. മിഡിൽക്ലാസ് ഫാമിലിയില്‍ നിന്ന് വരുന്ന ഒരാളാൾക്ക് ഇത്രയൊക്കെ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ദിവസങ്ങളിൽ എനിക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയായിരുന്നു. എല്ലാ പിന്തുണയും നൽകി. അന്നാണ് എനിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിയുന്നത്' ഉണ്ണി മുകുന്ദൻ പറയുന്നു.

മലയാളിയ്ക്ക് ഹൃദയത്തിൽ ചേർത്ത് വയ്ക്കാവുന്ന ഒരുപിടി നല്ല സിനിമകളുടെ വസന്തം സമ്മാനിച്ച് 2009 ജൂൺ 28നാണ് ലോഹിത ദാസ് യാത്രയാവുന്നത്. തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി മലയാള സിനിമയിൽ എത്തിയ അദ്ദേഹം പിന്നീട് തനിയാവര്ത്തനങ്ങളില്ലാത്ത പ്രതിഭയായി മാറുകയായിരുന്നു. അതേ തൂലികയിൽ പിറക്കാൻ കൊതിച്ച കഥകളെ നിരാശരാക്കിയ മടക്കത്തിന് ഒരു ദശകം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...