വിവാഹം കഴിഞ്ഞ് ആറാം മാസം പ്രസവിച്ചു; പിരിച്ചുവിട്ട് അധ്യാപികയോട് ക്രൂരത: അഭിമുഖം

teacher-kottakkal
പ്രതീകാത്മകചിത്രം
SHARE

സദാചാരത്തിന്റെ പേരിൽ  ജീവിതം ബലിയാടാകുന്ന വാർത്തകൾ പെരുകി വരികയാണ്. ഇതിന്റെ പുതിയ ഇരയാണ് മലപ്പുറം കോട്ടയ്ക്കലിലെ യുപി സ്കൂൾ അധ്യാപിക. വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പങ്കാളിയ്ക്കൊപ്പം താമസിക്കുകയും ഗർഭിണിയാകുകയും ചെയ്തതാണ് പിടിഎ അധ്യാപികയ്ക്ക് മേൽ ആരോപിക്കുന്ന കുറ്റം. 

വിവാഹം കഴിഞ്ഞ് ആറാം മാസത്തിൽ പ്രസവിച്ചതിന് അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുകയാണ്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത പ്രവൃത്തിയാണ് സ്കൂളിന്റെയും പിടിഎയുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് ഉയരുന്ന പ്രതിഷേധം. ഇതിനെതിരെ അധ്യാപിക ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. ജില്ലാ എജ്യൂകേഷൻ ഡയറക്ടറുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെയും പിടിഎ അംഗങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവ് ഉണ്ടായിട്ടും സ്കൂളിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് അധ്യാപിക മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

എന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ജോലി. ഇത് നഷ്ടപ്പെട്ടതോടെ ജീവിതം ശരിക്കും ദുരിതത്തിലായി. എന്റെ ഭർത്താവ് കോട്ടക്കലിൽ പെയ്ന്റു പണിക്കാരനാണ്. അദ്ദേഹത്തിന് സ്ഥിരമായി ജോലിയില്ല. എന്റെ ഈ സ്ഥിരം ജോലിയുടെ ബലത്തിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. കുഞ്ഞ് കൂടി ജനിച്ചതോടെ ഒരോ ദിവസവും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. അതിനേക്കാളേറെ കഷ്ടം ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ കാരണം എനിക്ക് പുറത്ത് തലയുയർത്തി നടക്കാൻ സാധിക്കാത്ത അവസ്ഥയായി. വളരെ മോശംസ്ത്രീയെന്ന രീതിയിലാണ് അവർ എന്നെ കാണുന്നത്.

എന്റെ രണ്ടാംവിവാഹമാണ്. ആദ്യ ഭർത്താവുമായി പത്തുവർഷം മുൻപ് പിരിഞ്ഞതാണ്. എന്നാൽ ഞങ്ങൾ നിയമപരമായി ബന്ധം വേർപെടുത്തിയിരുന്നില്ല. ഞാനും അമ്മയും മൂത്ത കുഞ്ഞും ഒരുമിച്ചായിരുന്നു താമസം. കാൻസർ വന്ന് അമ്മ മരിച്ചതോടെ ഞങ്ങൾ തനിച്ചായി. അപ്പോൾ നാട്ടുകാരും വീട്ടുകാരും ചേർന്ന് ആലോചിച്ച് ഉറപ്പിച്ചതാണ് രണ്ടാം വിവാഹം. ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന് ശേഷമാണ് ഞാൻ ആദ്യ വിവാഹം വേർപെടുത്താനുള്ള അപേക്ഷ സമർപ്പിക്കുന്നത്. ഇതോടെ രണ്ടാംവിവാഹം നടക്കാൻ കാലതാമസം നേരിട്ടു.

ഞാനും കുഞ്ഞും മലപ്പുറത്ത് ഒരു കോട്ടേഴ്സിലാണ് താമസിക്കുന്നത്. ഞങ്ങൾ തനിച്ചാണ്, പോരാത്തതിന് വിവാഹം നടക്കാൻ കാലതാമസവും നേരിട്ടതോടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞാനും പങ്കാളിയും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഫെബ്രുവരി ആയപ്പോഴേക്കും ഞാൻ ഗർഭിണിയായി. വിവാഹബന്ധം വേർപെടുത്താനുള്ള നിയമനടപടികൾ ഏപ്രിലിൽ പൂർത്തിയായതോടെ ആ മാസം തന്നെ ഞങ്ങൾ രണ്ടാംവിവാഹം നടത്തുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം സ്കൂൾ അധികൃതർക്ക് അറിയാവുന്നതാണ്. അഞ്ചുവർഷമായി ഞാൻ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. ആ പരിഗണനപോലുമില്ലാതെയാണ് അവർ എന്നെ പറഞ്ഞുവിട്ടത്.

ജനുവരിയിൽ തിരിച്ച് ജോലിക്ക് പ്രവേശിക്കാൻ ചെന്നപ്പോഴാണ് ഹെഡ്മാസ്റ്റർ പിടിഎയുടെ നീരസം അറിയിച്ചത്. കുട്ടികളോട് പോലും അവർ ഇങ്ങനെയൊരു ടീച്ചറെ നിങ്ങൾക്ക് വേണോയെന്ന് ചോദിച്ചു. വളരെ മോശമായ രീതിയിൽ പിടിഎ മീറ്റിങ്ങിൽ ഭാരവാഹികൾ സംസാരിച്ചു. ജോലിയ്ക്ക് തിരികെയെടുക്കില്ല എന്ന നിലപാടിൽ തന്നെയാണ് അവരിപ്പോഴും. ഒക്ടോബർ നാലുവരെ ഞാൻ ആ സ്കൂളിൽ ജോലി ചെയ്തു. അഞ്ചാം തീയതിയാണ് പ്രസവിച്ചത്. പെട്ടന്നായിരുന്നു പ്രസവം. അന്നുതന്നെ ഭർത്താവിന്റെ കയ്യിൽ അവധി അപേക്ഷ കൊടുത്തയച്ചതാണ്. എന്നിട്ടിപ്പോൾ അവർ അതൊന്നും കിട്ടിയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. 

എനിക്കും എന്റെ കുഞ്ഞിനും നീതി ലഭിക്കണം. ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. വളർന്നുവരുന്ന കുഞ്ഞുങ്ങളെക്കൂടിയാണ് ഈ അപവാദപ്രചരണങ്ങൾ ബാധിക്കുന്നത്. ഈ സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം എന്റെ കുഞ്ഞുങ്ങൾക്കുണ്ട്. അതുകൊണ്ടാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്– ടീച്ചര്‍ കണ്ണീരോടെ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...