മരിക്കുംമുന്‍പ് സാജന്‍ പറഞ്ഞ സ്വപ്നങ്ങള്‍‌; പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍‍: ആ കണ്ണീര്‍ വിഡിയോ

Sajan-Parayil-Interview
SHARE

കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് കേരളത്തിലും സിപിഎമ്മിലും വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ഒരുപാട് സ്വപ്നങ്ങളുമായി നൈജീരിയയിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങിയ സാജന് നേരിടേണ്ടി വന്നത് കനത്ത വെല്ലുവിളികളാണ്. അത് താൻ അടിയുറച്ചു വിശ്വസിച്ച, സഹായിച്ച പാർട്ടിയിൽ നിന്നായപ്പോൾ അദ്ദേഹത്തിനത് താങ്ങാനായിരുന്നില്ല. മരിക്കുന്നതിന് മുമ്പ് സാജൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. 

കേരളത്തിൽ വ്യവസായത്തിന് മുതൽ മുടക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ സാജന്റെ മറുപടി ഇങ്ങനെയായിരുന്നു: ഡോക്യുമെന്റേഷനാണ് ഏറ്റവും മോശമായ ഭാഗം. ഗവൺമെന്റ്  ഒാഫീസുകളിൽ നിന്നുണ്ടാകുന്ന സപ്പോർട്ട് വളരെ കുറവാണ്.  ഗവൺമെന്റ് ഒാഫീസിലേക്ക് പോയാൽ  എന്തിനും ഏതിനും തടസങ്ങളാണ്. അവരുടെ സമീപനം ഒന്നു മാറ്റിയാൽ ആളുകൾ എറ്റവും എളുപ്പത്തിൽ ഇൻവെസ്റ്റ് ചെയ്യും.

 മനപൂർവമായുണ്ടാകുന്ന അപര്യാപ്തത ബിൽഡിങ് മേഖലയെ ഉലയ്ക്കുന്നു. ചിലപ്പോൾ മണലില്ല, ചിലപ്പോൾ സിമന്റില്ല, ചിലപ്പോൾ കമ്പിയില്ല, അല്ലെങ്കിൽ പണിക്കാരുണ്ടാകില്ല. അങ്ങനെയുള്ള പ്രശ്നങ്ങൾ വലുതാണ്. ഗവൺമെന്റ് ഇൗ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചാൽ പണംമുടക്കുന്നവർക്ക് സഹായകരാമാകും.

നൈജീരിയയിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ നിർമാണ മേഖലയിലെത്തിയപ്പോൾ താങ്കൾക്ക് എന്തെല്ലാം ബുദ്ധിമുട്ടാണു തോന്നിയതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സാജന്റെ മറുപടി. വർഷങ്ങളായി കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി കുടുംബസമേതം നൈജീരിയയിലായിരുന്നു സാജന്റെ ജീവിതം. 20 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിൽ നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു സാജൻ കണ്ണൂരിൽ നിക്ഷേപത്തിനു തയാറായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്. കുടുംബത്തേയും നൈജീരിയയിൽ നിന്ന് സാജൻ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.

ഇതുകൂടാതെ ഹോസ്പിറ്റൽ മേഖലയിലും തനിക്ക് പ്ലാനുകളുണ്ടെന്ന് സാജൻ അഭിനമുഖത്തിൽ പറയുന്നുണ്ട്. ഒരുപാട് സ്വപ്നങ്ങളുമായാണ് നൈജീരിയയിയൽ നിന്ന് നാട്ടിലേക്ക് പ്രവാസിയായ സാജൻ കുടിയേറിയത്. ‘കണ്ണൂരിലിപ്പോൾ വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങൾ എല്ലാമാകുന്നു. ആ മാറ്റത്തിൽ താൽപര്യപ്പെട്ടാണ് ഇവിടേക്കു വന്നത്. പക്ഷേ നിർമാണ മേഖലയിലെ പ്രധാന വെല്ലുവിളി സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു പിന്തുണയും തീരെ ഇല്ല എന്നുള്ളതാണ്.

പാർട്ടി ഗ്രാമമായ ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ കൺവൻഷൻ സെന്റർ നിർമിച്ചത്. നിർമാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്ന് ആന്തൂർ നഗരസഭ നോട്ടിസ് നൽകി. സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണു ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് അധികൃതർ പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവയ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. 

കടുത്ത പാർട്ടി അനുഭാവിയായിരുന്ന സാജൻ ആന്തൂർ അടക്കം പല പാർട്ടി ഗ്രാമങ്ങളിലെയും പരിപാടികളിലെ സജീവ സ്പോൺസറായിരുന്നു. വർഷങ്ങളായി വിദേശത്തായിരുന്നതിനാലാണു സാജനു പാർട്ടി അംഗത്വം ലഭിക്കാതിരുന്നതെന്നു കുടുംബം പറയുന്നു. എന്നാൽ, നാട്ടിലെത്തിയാൽ പാർട്ടി വായനശാലകളുടെ പരിപാടികളിലും സൗകര്യങ്ങൾ വർധിപ്പിക്കാനും സാജൻ സാമ്പത്തികമായി പിന്തുണ നൽകിയിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...