വീടുകളില്‍ ‘പൊടുന്നനെ’ വെള്ളം കയറി; തിരഞ്ഞപ്പോള്‍ ഭൂഗർഭ തുരങ്കവും പ്രാചീനഗരവും..!

turkey-old-city
SHARE

വീടുകളിൽ വെള്ളം കയറിയതിന്റെ കാരണം പരിശോധിച്ചപ്പോൾ കണ്ടത് ഭൂഗർഭ തുരങ്കവും അതിനടിയിൽ പ്രാചീനഗരവും. തുർക്കിയിലെ കൂയിസ് നഗരത്തിലെ ഒരു പ്രവിശ്യയിലാണ് സംഭവം. ഇവിടെയുള്ള 15 വീടുകളിൽ മാത്രമാണ് വെള്ളം കയറിയത്. വെള്ളം കയറാനുള്ള കാരണം എത്ര പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. പൈപ്പ് പൊട്ടിയതാകുമെന്ന് കരുതി നോക്കിയപ്പോൾ അതുമല്ല. അപ്പോഴാണ് മുനിസിപ്പൽ പ്രവർത്തകർക്ക് വർഷങ്ങൾക്കുമുൻപ് ആ പ്രദേശത്ത് അടച്ചിട്ടിരുന്ന തുരങ്കത്തിന്റെ കാര്യം ഓർമവന്നത്. അവർ അത് തുറന്നുനോക്കിയപ്പോൾ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയാണ്. 

തുരങ്കത്തിൽ ഭൂഗർഭജലത്തിന്റെ ഉറവിടവും ഒപ്പം വെള്ളത്തിൽ പാതി മുങ്ങിയ ഒരു ഭൂഗർഭനഗരവും. ജീവനക്കാർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ആ ഭൂഗർഭ നഗരത്തിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന വീടുകളിലായിരുന്നു വെള്ളം കയറിയിരുന്നത്. 

വീടുകളും തുരങ്കങ്ങളും പ്രാർഥിക്കാനുള്ള സ്ഥലങ്ങളുമെല്ലാമായി ഏകദേശം മൂന്നു മൈൽ ദൂരത്തേക്കു വ്യാപിച്ചു കിടക്കുകയായിരുന്നു ആ നഗരം. ഒരു മനുഷ്യ പ്രതിമയും അതോടൊപ്പമുണ്ടായിരുന്നു. അതു നിന്നിരുന്ന ഇടമാണു പ്രാ‍ർഥനയ്ക്കായി നിർമിച്ചതാണെന്നു കരുതുന്നത്.  പുരാവസ്തു ഗവേഷകരെത്തി. പരിശോധനയില്‍ തെളിഞ്ഞത് ആ നഗരത്തിന് ഏകദേശം 5000 വർഷത്തെ പഴക്കമുണ്ടെന്നായിരുന്നു. അതോടെ സർക്കാർ തലത്തിൽ തന്നെ പ്രദേശത്തെപ്പറ്റി കൂടുതൽ പഠിക്കാൻ തീരുമാനിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ ഭൂഗർഭ നഗരത്തിലെ സൗകര്യങ്ങൾ ജനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നെന്നാണു കരുതുന്നത്. മൃഗങ്ങളെ പാർപ്പിക്കാനുള്ള സ്ഥലമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. കാലക്രമേണ അത് ഉപേക്ഷിക്കപ്പെട്ടു. ഏകദേശം 25 വർഷം മുൻപാണ് പിന്നീട് ഈ ഭൂഗർഭ നഗരം പൊതുശ്രദ്ധയിൽ വരുന്നത്. നഗരത്തോടു ചേർന്നുള്ള തുരങ്കത്തിലേക്ക് ഒരു കുട്ടി വഴുതിവീണപ്പോഴായിരുന്നു അത്. അപ്പോഴും നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരും അറിഞ്ഞില്ല. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ തുരങ്കം അടച്ചിടുകയും ചെയ്തു. ഒട്ടേറെ പുരാതന ഭൂഗർഭ നഗരങ്ങൾക്കു പ്രശസ്തമാണ് നെവ്ഷെഹിഷ് പ്രവിശ്യ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ അത്രയേറെ നഗരങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...