അന്ന് ഓട്ടോ വിളിക്കാൻ കാശില്ല; ഇന്ന് മൂന്ന് വണ്ടി സ്വന്തം; ദിവസ വരുമാനം പതിനായിരം

bismi-kanjarpally
SHARE

നേരിട്ട പ്രതിസന്ധികളെ കഠിനാധ്വനത്തിലൂടെ ജീവിതത്തിൽ ഊർജം പകർന്നതിന്റെ ഉദാഹരമാണ് ബിസ്മി. വീട്ടമ്മ, കർഷക, സ്വയം സംരംഭക എന്നീ മേൽവിലാസങ്ങൾക്കപ്പുറം പ്രചോദനം പകരുന്ന ഒന്നാണ് ബിസ്മിയുടെ ജീവിതം. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയാണ് കണിച്ചുകാട്ട് ബിസ്മി ബിനു. 

ജീവിതത്തിന് അത്രമേൽ സുഖമുളള കാര്യങ്ങളായിരുന്നില്ല കാലം ബിസ്മിക്ക് കരുതിവച്ചത്. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ഘോഷയാത്രയാണ് ബിസ്മിയുടെ ജീവിതത്തിൽ സംഭവിച്ചത്. കുടുംബത്തിൽ ഉണ്ടായിരുന്ന കട ബാധ്യതകൾക്കൊപ്പം ഭർത്താവിന്റെ ബിസിനസും തകർന്നതോടെ കുടുംബം നടുക്കടലിലായി. വീടും ഉണ്ടായിരുന്ന സ്വർണവും എല്ലാം കടം തീർക്കാൻ വിറ്റു. പിന്നീടുള്ള ജീവിതം വാടകവീട്ടിലേക്ക്.

ഒന്നിരിക്കാനൊരു കസേരയോ, വീട്ടിലേക്ക് അവശ്യം വേണ്ട സാധനങ്ങളോ ഇല്ലാതെ വെറും കൈയ്യോടെ ബിസ്മിയും ബിനുവും മക്കളും വിധി സമ്മാനിച്ച  ജീവിതച്ചൂട് നേരിട്ടറിഞ്ഞു. പരിചയക്കാരിൽ നിന്നും പലിശക്കാരിൽ നിന്നുമൊക്കെ കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ, അസുഖം വന്നാൽ പോലും തിരിഞ്ഞുനോക്കാൻ ആരുമില്ലാതായി. പലപ്പോഴും പട്ടിണി മാത്രം പുകയുന്ന വീടായി ബിസ്മിയുെടത്.

ഭർത്താവ് ബിനുവിന്  ബിസിനസും ബിസ്മിക്ക് ജോലിയും ഇല്ലാതായതോടെ പട്ടിണി എന്തെന്ന് കുഞ്ഞുമക്കളും അറിഞ്ഞു തുടങ്ങി.  വാടക കൊടുക്കാൻ കഴിയാതായതോടെ വീട് ഒഴിയലും വീടുമാറ്റവും കൂടുവിട്ടു കൂടുമാറ്റം പോലെ പതിവു ചടങ്ങുകളായി. കടബാധ്യതയും വരുമാനമില്ലായ്മയും പട്ടിണിയും, മന:സംഘർഷവുമെല്ലാം ആത്മഹത്യയുടെ മുമ്പിലേക്കായിരുന്നു ഇൗ കുടുംബത്തെ നയിച്ചത്. 

പിടിച്ചു നിൽക്കണം എന്ന് വാശിപിടിക്കുമ്പോഴും പല്ലക്കിലേറിയായിരുന്നു ദുരിതങ്ങളുടെ ഘോഷയാത്ര ഇവരെ തേടിയെത്തിക്കൊണ്ടരുന്നത്. അതിലൊന്ന് അപ്രതീക്ഷിതമായി സംഭവിച്ച കൂടെപിറപ്പിന്റെ അപകടമരണമായിരുന്നു. ഇത് ബിസ്മിയെ വല്ലാതെ തളർത്തി. ഇതോടെ വിഷാദ രോഗത്തിന് അടിമയായ ബിസ്മിയെ കരകയറ്റിയത് പിതാവിന്റെ നൽകിയ തിരുഹൃദയ ചെടിയാണ്.

ഇന്ന് മധ്യതിരുവിതാംകൂറിൽ തിരക്കേറിയ നഴ്സറി ഉടമയാണ് ബിസ്മി ബിനു. വെറും പത്ത് സെന്റ് ഭൂമിയിൽ നിന്നും ഇന്ന് ശരാശരി പതിനായിരം രൂപക്ക് മുകളിലാണ് ദിവസം വരുമാനം. പ്രതീക്ഷകൾ അസ്തമിച്ച് നിരാശയുടെ അഗാധ ഗർത്തങ്ങളിലേക്ക് വീണുപോയ 103 കുടുംബങ്ങളുടെ പ്രകാശവും വഴികാട്ടിയുമായി.

ബിസ്മിയുടെ ജീവിത കഥ വിഡിയോ സ്റ്റോറി കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...