മൊമെന്റോ അച്ഛന്റെ ഫോട്ടോയ്ക്ക് താഴെ വച്ചു; സീത ലക്ഷ്മിയുടെ കണ്ണീർകുറിപ്പ്

seetha45
SHARE

തനിക്ക് കിട്ടിയ പുരസ്കാരം മരിച്ചു പോയ അച്ഛന് സമർപ്പിച്ച് ചലച്ചിത്രകാരിയായ സീതാ ലക്ഷ്മി. മരണത്തിലേക്കു കടന്നു പോയ അച്ഛനെക്കുറിച്ച് സീതയെഴുതിയ വികാരനിർഭരമായ ചെറു കുറിപ്പ് നൊമ്പരത്തോടെയല്ലാതെ വായിച്ചു തീർക്കുവാനാകില്ല. ‘ഇന്നും പതിവു പോലെ ഞാൻ അതു ടേബിളിൽ വച്ചിട്ടുണ്ട്. ഇത്തവണ ചുമരിൽ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് താഴെ ആണെന്നു മാത്രം. രാവിലെ ആ മൊമെന്റോ എടുത്തു നോക്കി ‘‘ചീരു, ഇതു ഇവിടെ വയ്ക്കാം’’ എന്നു പറയാൻ അച്ഛൻ ഇല്ലേലും... ഇത് അച്ഛനുള്ളതാ...’ സീത കുറിച്ചു.

പ്രശസ്ത രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനായിരുന്നു സീതയുടെ അച്ഛൻ മൂത്തേടത് വേണുഗോപാൽ. ജൂൺ രണ്ടിന് എറണാകുളത്തു വച്ചാണ് അദ്ദേഹം നിര്യാതനായത്. അമേച്വർ നാടകങ്ങളിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം മികച്ച ഗാന രചയിതാവുമായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജോൺസൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത ‘ഭഗവതി ക്ഷേത്ര നടയിൽ...’ എന്ന ലളിത ഗാനത്തിന്റെ രചയിതാവ് വേണു ആണ്. തൃശൂരിലെ കലാ-സാംസ്കാരിക പ്രവർത്തകരിൽ ഒരിക്കലും മറക്കാനാകാത്ത വ്യക്തിയാണ് വേണു.

സീതാ ലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഓരോ സിനിമയുടെയും വിജയാഘോഷം കഴിഞ്ഞു എനിക്കു കിട്ടുന്ന മൊമെന്റോ കാണാൻ ഞാൻ വരുന്നതും കാത്തു കൊച്ചു കുട്ടിയുടെ ആകാംഷയോടെ ഇരിക്കുന്ന ഒരാൾ എന്റെ അച്ഛൻ ആയിരുന്നു.. പരിപാടി കഴിഞ്ഞു വൈകി എത്തുന്ന ഞാൻ മൊമെന്റോ ഹാളിലെ ടേബിളിൽ വെക്കും.. പിറ്റേ ദിവസം അച്ഛൻ ആദ്യം നോക്കുന്നത് അതായിരിക്കും എന്നു എനിക്കു അറിയാം.. എന്റെ പേരോ, കമ്പനിയുടെ പേരോ മാറ്റം ഒന്നും ഇല്ലേലും അച്ഛൻ അടിമുടി അതിനെ ഒന്നു പരിശോധിക്കും.. എന്നിട്ടു അതിനെ വീട്ടിൽ വരുന്ന എല്ലാവരും കാണാൻ പാകത്തിന് എവിടേലും വെക്കും... അതാണ് അച്ഛന്റെ പതിവ്... നാളെ രാവിലെ അതു എടുത്തു നോക്കാനോ, വെക്കാനോ അച്ഛൻ ഇല്ല എന്നു എനിക്കു അറിയാമെങ്കിലും ഇന്നും പതിവ് പോലെ ഞാൻ അതു ടേബിളിൽ വെച്ചിട്ടുണ്ട്... ഇത്തവണ ചുമരിൽ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് താഴെ ആണെന്ന് മാത്രം... രാവിലെ ആ മൊമെന്റോ എടുത്തു നോക്കി "ചീരു" (അച്ഛൻ വിളിച്ചിരുന്നത് അങ്ങനെയാണ്) 'ഇതു ഇവിടെ വയ്ക്കാം' എന്നു പറയാൻ അച്ഛൻ ഇല്ലേലും.. ? ഇതു അച്ഛനുള്ളതാ ❤️ Acha, this is for you.. The one who never ever questioned my decisions and never stopped me ?

MORE IN SPOTLIGHT
SHOW MORE
Loading...
Loading...