പ്രണയം മനസ്സിനോട്; പൊന്നുപോലൊരു മനസ്സിന്‍റെ നന്‍മ; ആ വിവാഹചിത്രത്തിന്റെ കഥ

jinil-angel
ചിത്രങ്ങൾ: ഷെറി ലോപസ് ഫോട്ടോഗ്രഫി
SHARE

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നത് ഹൃദ്യമായൊരു വിവാഹചിത്ര‌മാണ്. ആറടിപൊക്കമുള്ള കല്യാണച്ചെറുക്കനും മൂന്നടിപ്പൊക്കമുള്ള പെൺകുട്ടിയും. പ്രണയത്തിന് ബാഹ്യസൗന്ദര്യത്തെക്കാൾ മനസ്സിന്‍റെ അടുപ്പമാണ് പ്രാധാന്യം എന്ന് തെളിയിക്കുന്നതായിരുന്നു ഈ ചിത്രം. വൈകല്യങ്ങളെ മറന്ന് അവർ പുതുജിവിതത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ്. തൃശൂരുകാരൻ ജിനിലിന്റെ ജീവിതത്തിലേക്ക് മാലാഖയായി എത്തിയിരിക്കുന്നത് കൊല്ലം സ്വദേശിയായ എയ്ഞ്ചൽ മേരിയാണ്. ഇരുവരും ആ കഥ മനോരമന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്. 

അച്ഛന്‍ ചെറുപ്പത്തിലെ മരിച്ച എയ്ഞ്ചലിന് ആകെയുള്ളത് അമ്മയും ചേട്ടനുമാണ്. കുടുംബം പുലർത്താന്‍ രണ്ട് പേരും ജോലിക്ക് പോകും. മൂന്നടിപ്പൊക്കം മാത്രമുള്ള എയ്ഞ്ചൽ വീട്ടിൽ തനിച്ച്. കുറവുകൾക്കിടയിലും അവൾ ഒരു ജീവിതം കൊതിച്ചു. തന്നെ സംരക്ഷിക്കാൻ ഒരാൾ വേണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് മാട്രിമോണി സൈറ്റിൽ പ്രൊഫൈൽ പങ്കുവച്ചത്. ഇത് കണ്ട് ചില ആലോചനകൾ വന്നു. എല്ലാം ദൂരെ നിന്നും ഉള്ളവ. ചോദിക്കുന്നത് സ്ത്രീധനമായി സ്വത്തും പണവും. ഇല്ലായ്മകൾക്ക് നടുവിൽ ജീവിക്കുന്ന എയ്ഞ്ചലിന് അത് താങ്ങാവുന്നതിലും അധികമായിരുന്നു. അങ്ങനെയിരിക്കെയാണ് തൃശൂരിൽ നിന്നും ജിനിൽ എന്ന ചെറുപ്പക്കാരന്റെ ആലോചന വന്നത്. പ്രൊഫൈലിൽ നൽകിയ വിവരങ്ങളെല്ലാം കണ്ട് എയ്ഞ്ചലിനെ വിളിക്കുകയായിരുന്നു. താൽ‌പര്യമുണ്ടെന്നും പണമോ സ്വത്തോ ഒന്നും വേണ്ടയെന്നും പറഞ്ഞു. തിരിച്ചും താൽപര്യമുണ്ടെങ്കിൽ നമുക്ക് സ്നേഹിക്കാം. ജിനിലിന്റെ വാക്കുകൾ ഇതായിരുന്നു. ഇത്രയും കേട്ട ആ പെൺകുട്ടി അയാളെ കാണുക പോലും ചെയ്യാതെ തിരിച്ചും സ്നേഹിക്കാം എന്ന് ഉത്തരം പറയുകയായിരുന്നു. പിന്നീട് അവര്‍ തമ്മിൽ പിരിക്കാൻ പറ്റാത്ത വിധം സ്നേഹിച്ചു. ജിനിൽ തന്റെ ജീവിതത്തിലേക്ക് എത്തിപ്പെട്ട കഥ എയ്ഞ്ചൽ പറയുന്നത് ഇങ്ങനെയാണ്. 

jinil-marriage
ചിത്രങ്ങൾ: ഷെറി ലോപസ് ഫോട്ടോഗ്രഫി


ഈ തീരുമാനവും എയ്ഞ്ചലിനോടുള്ള സ്നേഹം വിവാഹത്തിൽ കലാശിച്ചതും എങ്ങനെയെന്ന് ജിനിൽ പറയുന്നു: ''എയ്ഞ്ചലിനെ പോലെ സമൂഹത്തിൽ ഒരുപാട് കുട്ടികളുണ്ട്. അംഗവൈകല്യം ബാധിച്ചവരും മറ്റ് കുറവുകളുള്ളവരും. അവരെയെല്ലാം സമൂഹം കൗതുകത്തിന്റെ കണ്ണുകളോടെയാണ് നോക്കുന്നത്. ദൈവം അവരെ അങ്ങനെ സൃഷ്ടിച്ചുപോയി. ഇവരെ കാണുമ്പോൾ കൗതുകമോ സഹതാപമോ അല്ല വേണ്ടത് എന്ന് എനിക്ക് തോന്നി. അവർക്കും നമ്മളെ പോലെ ജീവിക്കാൻ കഴിയണം. അങ്ങനെ ഞാൻ തീരുമാനമെടുത്തതാണ് എന്റെ ജീവിതത്തിലേക്ക് ഇങ്ങനെയൊരു പെൺകുട്ടി വരണമെന്ന്. ടയർ വർക്കറാണ് ഞാൻ. ബോംബെ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലും പോകാത്ത സ്ഥലങ്ങളില്ല. പല ജീവിതങ്ങളെയും നേരിട്ട് കണ്ടിട്ടുണ്ട്. സൗന്ദര്യമുള്ള പെൺകുട്ടിയെ വിവാഹം ചെയ്തിട്ടും ജീവിതം തകർന്നു പോയവരുണ്ടല്ലോ?. അപ്പോൾ അതിലൊന്നുമല്ല കാര്യം എന്ന് മനസ്സിലായി. ഞാൻ എന്റെ വധുവിനായി അന്വേഷണം തുടങ്ങി. ഒടുവിൽ എയ്ഞ്ചലിനെ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായി ഈ കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ വിവാഹം ആലോചിക്കുകയായിരുന്നു.

രണ്ട് വീട്ടുകാർക്കും ആദ്യം ചില എതിർപ്പുകളുണ്ടിയരുന്നു. എയ്ഞ്ചലിന്റെ വീട്ടിൽ ദൂരമായിരുന്നു പ്രശ്നം. ജിനിലിന്റെ വീട്ടില്‍ ചെറിയ ഒരു വിഷമം. മകന് നല്ല ജീവിതം ആഗ്രഹിക്കാത്ത കുടുംബക്കാരുണ്ടാകുമോ. അവരെ പക്ഷേ ജിനിൽ കാര്യങ്ങൾ ധരിപ്പിച്ചു. ഇങ്ങനെയൊരു മകളോ മകനോ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഒരു ജീവിതം ആഗ്രഹിക്കില്ലേ. അത്രയേ താനും ചെയ്യുന്നുള്ളൂവെന്ന് പറഞ്ഞു. ഇരു വീട്ടുകാരും സമ്മതിച്ചതോടെ മാർച്ച് 17–ാം തീയതി വിവാഹ നിശ്ചയം നടത്തി. മെയ് 25–ന് മനസമ്മതവും 8–ന് വിവാഹവും ഗംഭീരമായി തന്നെ നടന്നു. കൊല്ലം വെള്ളിമൺ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ചായിരുന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ജിനിൽ എയ്ഞ്ചലിനെ മിന്നുകെട്ടിയത്‌. ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്നാണ് രണ്ടുപേരും പറയുന്നത്. ദൈവം എന്തു തരുന്നോ അതനുസരിച്ച് പോകും. വിവാഹശേഷം മൂന്നു ദിവസം എയ്ഞ്ചലിന്റെ വീട്ടിലായിരുന്ന ഇരുവരും ഇന്നലെയാണ് ജിനിലിന്റെ വീട്ടിൽ എത്തിയത്. അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും എയ്ഞ്ചലിനോട് വലിയ സ്നേഹമാണെന്ന് ജീനിൽ പറയുന്നു. എയ്ഞ്ചലിന് ചെറിയ ഒരു ആഗ്രഹമുണ്ട്. ഹണിമൂണിന് പോകണം എന്ന്. മഴക്കാലം മാറിയിട്ട് പോകാമെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് ജിനിൽ. ചെയ്യുന്ന ജോലി തന്നെ തുടർന്ന് എയ്ഞ്ചലിനെ പൊന്നുപോലെ നോക്കുമെന്ന് ജിനിലും പിഎസ്‍സി പരീക്ഷയെഴുതി നല്ല ഒരു ജോലി സ്വന്തമാക്കി ജിനിലിന് കൂട്ടായി കഴിയുമെന്ന് എയ്ഞ്ചലും പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...