ധാക്കയില്‍ നിന്ന് ഒരു പാഠം; പിന്നെയും പിന്നെയും കുഴികളില്‍ വീഴുന്ന കൊച്ചിക്ക്

road-dhaka-kochi
SHARE

ഞാന്‍ ഉള്‍പ്പെടെയുള്ള കൊച്ചി നഗരവാസികളുടെ പ്രതീകമാണ് പാലാരിവട്ടം പാലം. തീര്‍‌ത്തും ദുര്‍ബലരായ ജനത. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാം.  റോഡിലെ കുഴിയില്‍ വീണാവാം, മെട്രോ തൂണിലെ സിമന്‍റ് അടര്‍ന്നു വീണാവാം.

ചോദിക്കാനും പറയാനും ആരുമില്ല. കൊച്ചി നഗരത്തിലെയോ മരട് നഗരസഭയിലെയോ റോഡുകളുടെ അവസ്ഥ നോക്കിയാല്‍ മതി ഈ ജനത എത്രത്തോളം പ്രതികരണശേഷി നഷ്ടപ്പെട്ടവരാണെന്ന് മനസിലാക്കാന്‍. കുഴികളില്‍ വീണ് ഇനിയും കുറേ ജീവനുകള്‍ പോകും, കുറേപ്പേരുടെ നടുവൊടിയും.  സ്കൂള്‍ കുട്ടികളക്കമുള്ളവര്‍ക്ക് നടന്നുപോവാനാവില്ല, കടകളില്‍ കച്ചവടമില്ല.

മേയര്‍ മുതല്‍ എംപിവരെ ഇതേ ജനങ്ങള്‍ ക്യൂ നിന്ന് വോട്ടു ചെയ്തവര്‍  ജനത്തെ ഇങ്ങനെ ബന്ധിയാക്കിയിട്ട്  ഒരു ഉളുപ്പുമില്ലാതെ കൈവീശി കടന്നുപോകും. ആരും അവരെ തടഞ്ഞുനിര്‍ത്തി  ചോദ്യം ചെയ്യില്ല. കാരണം കൊച്ചിക്ക് തിരക്കാണ്. അവരവരുടെ കാര്യങ്ങള്‍ എങ്ങിനെയെങ്കിലും നടന്നാല്‍ മതി. കാണുന്ന ജനപ്രതിനിധികള്‍ക്കപ്പുറം ഈ കുഴികളെല്ലാം തോണ്ടിയ, കാണാമറയത്തിരിക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരുമുണ്ട്. അവര്‍ക്കും ഒന്നും ഭയക്കാനില്ല. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി എല്ലാ മഴക്കാലത്തും പൊളിയുന്ന കൊച്ചിയിലെയും പരിസര നഗരസഭകളിലെയും റോഡുകളെക്കുറിച്ചുള്ള വാര്‍ത്താപരമ്പര വായിക്കുന്നു, ചര്‍ച്ച ചെയ്യുന്നു. ഈ റോഡുകള്‍ ഇങ്ങനെ മനപൂര്‍വം പൊളിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും കണ്ണികളായ അഴിമതിയെക്കുറിച്ചും അറിയാം. പക്ഷേ  ഉച്ചത്തില്‍ ചോദിക്കാന്‍ ഒരു ശബ്ദവും ഉയരില്ല. റിപ്പോര്‍ട്ട് ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്നത് മാധ്യമങ്ങളുടെ മാത്രം ഉത്തരവാദിത്തം.  

2018 മാര്‍ച്ചില്‍ ബംഗ്ലദേശിലെ ധാക്കയെ വിറപ്പിച്ച വിദ്യാര്‍ഥി പ്രക്ഷോഭം നടന്നു. നഗരത്തിലെ ബസുകളുടെ വേഗനിയന്ത്രണം ആവശ്യപ്പെട്ടായിരുന്നു നഗരത്തിലെ മുഴുവന്‍ സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ ഒന്നിച്ച് തെരുവില്‍ അണിനിരന്നത്. വിരട്ടിയോടിക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ചു ഭരണകൂടം. പക്ഷേ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയുംവരെ, നടപടി ഉണ്ടാകും വരെ വിദ്യാര്‍ഥിക്കൂട്ടം പിന്‍മാറിയില്ല. പത്തുദിവസം തുടര്‍ച്ചയായി തെരുവില്‍ പ്രതിഷേധിച്ചു കുട്ടികള്‍.  

രാജ്യാന്തരമാധ്യമങ്ങളടക്കം വിഷയം ഏറ്റെടുത്തതോടെ ബംഗ്ലദേശ് ഭരണകൂടം ലജ്ജിച്ചു തലതാഴ്ത്തി. പ്രകോപനം ബസുകളായിരുന്നെങ്കിലും ഭരണവ്യവസ്ഥിതിയോടുള്ള ചെറുപ്പക്കാരുടെ ആകെ രോഷമാണ് ധാക്കയിലെ തെരുവുകളില്‍ കണ്ടത്. അഴിമതിക്കാരോട്, ഉത്തരവാദിത്തമില്ലാത്ത ഭരണക്കാരോട് ഉള്ള പ്രതിഷേധം. നിയമവാഴ്ച ഉറപ്പാക്കാനുള്ള ജനാധിപത്യത്തിലെ ഉത്തരവാദിത്ത പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയത് ഈ നൂറ്റാണ്ടിന്‍റെ കുട്ടികളാണ്, മില്ലെനിയല്‍സ്. 

സമൂഹമാധ്യമങ്ങളിലെ നിരര്‍ഥകമായ ചര്‍ച്ചകള്‍ക്കപ്പുറം പക്വതയുള്ള പൗരന്‍മാരായി ചിന്തിച്ചതിന്‍റെ ഫലമായിരുന്നു ധാക്കാ പ്രക്ഷോഭം. അധികാരത്തിന്‍റെ ഗര്‍വില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പുച്ഛിച്ചു തള്ളിയവരെ നല്ലപാഠം പഠിപ്പിച്ചു ബംഗ്ലദേശിലെ ചുണക്കുട്ടികള്‍.  ഇങ്ങനെ ചോദിക്കാനും പറയാനും ആളുണ്ടെന്ന തോന്നലുകളിലൂടെയേ അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന ഭരണക്കാരെ നിലയ്ക്ക് നിര്‍ത്താനാവൂ. 

പ്രതികരിക്കാത്ത ജനത ജനാധിപത്യത്തിലെയല്ല ഏകാധിപതികളുടെ കീഴില്‍ കഴിയുന്ന ദുര്‍ബലവിഭാഗമാണ്. അവരുടെ മേല്‍ പാലാരിവട്ടം പാലങ്ങള്‍ ഇനിയും ഉയരും. റോഡിലെ കുഴികളില്‍ വീണ്് അവര്‍ ജീവന്‍ വെടിയും. കാരണം ആ കുഴിയിലെ ചെളിയുടെ വിലയേ ഭരണക്കാര്‍ നമുക്ക് തന്നിട്ടുള്ളൂ. അത് അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം നമ്മുടേതാണ്.   

MORE IN SPOTLIGHT
SHOW MORE
Loading...
Loading...