'നമ്മളെല്ലാം അവളുടെ കാമുകനെ പ്രേമിച്ചിട്ടുണ്ട്; അയാള്‍ യുവരാജ് സിംഗ്’: കുറിപ്പ്

yuvi4
SHARE

ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കൽ വാർത്ത ക്രിക്കറ്റ് പ്രേമികൾ വളരെ വേദനയോടെയാണ് കേട്ടത്. യുവിരാജിന്റെ കാമുകിയെക്കുറിച്ച് വേറിട്ട കുറിപ്പെഴുതിയിരിക്കുകയാണ് എഴുത്തുകാരൻ ലിജീഷ്. യുവി എന്ന വ്യക്തി കാമുകിയിലുണ്ടാക്കിയ മാറ്റമാണ് ലിജീഷിന്റെ കുറിപ്പിനാധാരം.

എഴുത്തുകാരൻ ലിജീഷ് കുമാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്: 32 ആം വയസ്സിൽ ഹേസൽ കീച്ച് എന്ന ബ്രിട്ടീഷ്– മൗറീഷ്യൻ മോഡൽ സമൂഹമാധ്യമത്തിലെഴുതി, ''ടെൻ ഇയർ ചലഞ്ച് ആരംഭിച്ചപ്പോഴാണ് ഞാൻ പഴയ എന്നെ ഓർത്തത്. മുറിക്കാതെ നീട്ടി വളർത്തിയ മുടിക്ക് കറുപ്പ് നിറമടിച്ച പഴയ 22 കാരിയെ. പട്ടിണിക്കിട്ട ഉടലിനെ, ബുലീമിയയും വിഷാദവും കൊന്ന ദിവസങ്ങളെ. വേദനകളും സങ്കടങ്ങളുമെല്ലാം ഒതുക്കിപ്പിടിച്ച് ചുറ്റുമുള്ളവരെ ചിരിച്ച് സന്തോഷിപ്പിക്കാൻ പെടാപ്പാടു പെടുകയായിരുന്നു ഞാനന്ന്.

10 വർഷങ്ങൾക്കിപ്പുറം എനിക്കെന്തു മാറ്റമാണ്! ധൈര്യത്തോടെ ഞാനെന്റെ മുടി മുറിച്ചു, എല്ലാവർക്കും വേണ്ടി പരുവപ്പെടാനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചു. ഞാനെന്തിലൂടെയാണ് കടന്നു പോയതെന്ന് ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നതു പോലും അതുകൊണ്ടാണ്. എന്നെക്കുറിച്ച് മറ്റുള്ളവർ എന്തു കരുതുമെന്ന - എന്തു പറയുമെന്ന വേവലാതി ഇന്നില്ലാത്തതു കൊണ്ട്. ഇപ്പോൾ ഹാപ്പിയാണ്, ഹെൽത്തിയാണ്. ഈ മന:സമാധാനമൊന്നും ഞാൻ സ്വപ്നംപോലും കണ്ടതല്ല, ഇന്ന് ഞാൻ എന്നത്തെക്കാളും സുന്ദരിയാണ്.''

പത്തു വർഷങ്ങൾക്കിടയിൽ അവർക്കെന്ത് സംഭവിച്ചു എന്നല്ലേ, അതിനിടയിൽ ഒറ്റ കാര്യമേ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളൂ - അവരൊരാളെ പ്രണയിച്ചു. അയാളെ നിങ്ങൾക്കറിയാം, നമ്മളെല്ലാം അവളുടെ കാമുകനെ പ്രേമിച്ചിട്ടുണ്ട്. അയാളുടെ പേര് യുവരാജ് സിംഗ്.

ഹേസൽ, ഇനി നിങ്ങൾ കൂടുതൽ കൂടുതൽ സുന്ദരിയാവും. ലവ് യൂ യുവി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...